താൾ:Dharmaraja.djvu/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തനിക്കുണ്ടായിരുന്ന ഭയത്തേയും സങ്കടത്തേയും ഹരിപഞ്ചാനനസദസ്സിൽ, അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിച്ചു. അയാളെ ആ സമയത്തും, വലിയ സംരംഭവേഗത്തോടും കണ്ടപ്പോൾ യോഗീശ്വരമനസ്സ് ആപൽസാമീപ്യം കൊണ്ടെന്നപോലെ ഒന്നു ഞെട്ടി. ഉമ്മിണിപ്പിള്ള എന്ന നാമത്തിന്റെ ഉച്ചാരണശ്വാസമാത്രംകൊണ്ടും അക്കാലങ്ങളിൽ ഹരിപഞ്ചാനനമഹദശ്വത്ഥം ഉന്മൂലനം ചെയ്യപ്പെടുമായിരുന്നു. ആ ദുർന്നയനുമാത്രം ഹരിപഞ്ചാനനസിദ്ധനായ മഹാനെയും അദ്ദേഹത്തിന്റെ യജ്ഞത്തെയും അരക്ഷണം കൊണ്ടു ഭഞ്ജിക്കാൻ ശക്തി സിദ്ധിച്ചിരുന്നു. അത്ര പരമശക്തന്റെ പാരവശ്യകാരണത്തെ ഗ്രഹിച്ചപ്പോൾ ഹരിപഞ്ചാനനസമചിത്താഗ്രേസരൻ കേശവപിള്ളയുടെ യൗവനാഹംകൃതികൊണ്ടുള്ള അന്ധവൃത്തികളെ സ്വശിഷ്യന്മാർ ക്ഷമിച്ച്, തന്റെ ഉപദേശമാഹാത്മ്യത്തെ പ്രദർശിപ്പിക്കണമെന്നും മറ്റും സന്നിഹിതരായിരുന്ന വിദ്വജ്ജനങ്ങൾ കേൾക്കുമാറു പ്രസംഗംചെയ്ത് ഉമ്മിണിപ്പിള്ളയുടെ നക്കൽ സങ്കടത്തെ വായിച്ചുകേട്ട് യോഗീശ്വരൻ അതിനെ ഭദ്രമായ ഒരു സ്ഥലത്തു നിക്ഷിപ്തമാകുംവണ്ണം വലിച്ചെറിഞ്ഞു. യോഗീശ്വരൻ തന്റെ ഭക്തസംഘത്തെ പത്തുമണിയോടുകൂടി പിരിച്ചയച്ചു,. അനന്തരം കുടിലകേസരിയായ ഗുരുവര്യനും ചപലകേസരിയായ ശിഷ്യമന്ദനും തമ്മിൽ അഭിനയമാത്രമായുണ്ടായ സംഭാഷണം. മനുഷ്യബുദ്ധിക്ക് ഊഹ്യമായുള്ള മഹാപാതകസാകല്യത്തേയും സംഘർഷണംചെയ്ത് സരസകലയാക്കിത്തീർക്കലും, അതിനു ഉപയുക്തമായ ഒരു ഭരതശസ്ത്രത്തിന്റെ ക്രോഡീകരണവും അതിന്റെ പ്രയോഗാരംഭവും തന്നെ ആയി പരിണമിച്ചു. ഹരിപഞ്ചാനനഭരതാചാര്യൻ ചോദിക്കുന്നു. "അരേ! നമതു ഗൂഢമാന ശ്രമത്തേയും യാവൽസ്ഥിതിയേയും ജ്ഞാപകംപെറ്റുക്കൊണ്ട ഖലചാരപ്രവേശനം നമ്മ സംഘത്തിലിരുക്കേ."

ശിഷ്യൻ ബോധിപ്പിക്കുന്നു: "അല്ലയോ സ്വാമിൻ, പ്രസീദ! ഈ അഗതിയെ യോഗദണ്ഡനിപാതത്താൽ ശിക്ഷിക്കരുത്."

ആചാര്യൻ: "യജ്ഞത്തെ ഭഞ്ജനംചെയ്തുടുമേ രുദ്രഘാതകൻ!"

ശിഷ്യൻ: (സംശയം തന്നെക്കുറിച്ചല്ലെന്നു ധൈര്യമായി) "സ്വാമി കണ്ണുതുറന്നാൽ പൊടിഭസ്മമായി പറന്നുപോവൂല്ലയോ? തട്ടിക്കളയണം- ചെവിക്കു ചെവി അറിയണ്ട."

ആചാര്യൻ: "എന്നബ്ബാ? വിശദമാക ശൊല്ലൂ-"

ശിഷ്യൻ: തലയ്ക്കു തല എന്നുള്ള ന്യായമില്ലയോ? കാച്ചണം."

ആചാര്യൻ: "നല്ലായ് നിനവെക്കൊണ്ടു പേശറയാ?"

ശിഷ്യൻ: "ഇപ്പോഴെങ്കിൽ ഇപ്പൾ. ആലോചിപ്പാനെന്ത്? ബഹുജനനന്മയ്ക്ക് എന്തുതന്നെ ചെയ്തുകൂടാ?"

ഹരിപഞ്ചാനനാചാര്യർ തന്റെ ശിഷ്യൻ ഉപദേശിച്ച വധഗുണദോഷത്തിന് 'തദാസ്തു' എന്നനുഗ്രഹിച്ച്, അയാളെ യാത്രയാക്കി തന്റെ ശ്രമം കൂടാതെ യോഗീശ്വരപൈശാചത്വംകൊണ്ട് കേശവപിള്ളയുടെ നിഗ്രഹം കഴിയുമെന്നും, അപ്പോൾ തനിക്കു നീട്ടെഴുത്തു നിശ്ചയമായി കിട്ടുമെന്നും, അനന്തരം കൊച്ചമ്മിണിഅമ്മയുടെ പരിണയനം അവസ്ഥയായി ആഘോഷിക്കാമെന്നും സന്തോഷിച്ചുകൊണ്ട് ഉമ്മിണിപ്പിള്ള ഇപ്പോഴുള്ള 'ചോറ്റുപുര' ഇടവഴിയിൽക്കൂടി പടിഞ്ഞാറെ തെരുവിൽ എത്തി. അപ്പോൾ കാലഗതികൊണ്ട്, ഉണ്ണിത്താനെ കാണുന്നതിനായി പുറപ്പെട്ടിരുന്ന കേശവപിള്ളയുമായി അയാൾ കൂട്ടിമുട്ടി. ഉമ്മിണിപ്പിള്ള ഹരിപഞ്ചാനനന്റെ നിശ്ചയത്തെ സ്മരിച്ചുണ്ടായ ധൈര്യംകൊണ്ട് ആ യുവാവിനെ ആ സന്ദർഭത്തിലും അധിക്ഷേപിച്ചു തുടങ്ങി. കേശവപിള്ള മിണ്ടാതെ തിരിഞ്ഞുനിന്നു. "കൈവെയ്ക്കാൻ ഭാവമുണ്ടെങ്കിൽ അതും, മുമ്പു പറഞ്ഞതും കഴിക്കൂ. നല്ല ഇരുട്ട്-ആകാശംപോലും സാക്ഷിയില്ല. മേഘവും തനിക്കു സഹായം" എന്ന് ഉമ്മിണിപ്പിള്ള ജളവീരവാദം തുടങ്ങിയപ്പോൾ, കേശവപിള്ള "ഇങ്ങൊന്നിനം ഭാവമില്ല. നടക്കണം. ഞാൻ തിരിച്ചുപോവുകയാണ്" എന്ന് അതിശാന്തനായി കലശലുണ്ടാകരുതെന്നുള്ള കരുതലോടുകൂടി പറഞ്ഞു. "തന്റെ അപ്പന്റെ വഴിയല്ലിത്" എന്നുപറഞ്ഞുകൊണ്ട് കേശവപിള്ളയെ പിടിക്കുന്നതിനായി ത്വരിതത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/150&oldid=158417" എന്ന താളിൽനിന്ന് ശേഖരിച്ചത്