Jump to content

താൾ:Dharmaraja.djvu/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉമ്മിണിപ്പിള്ള അടുക്കുകയും “നിന്നെ ഒന്നു ഞാൻ പഠിപ്പിച്ചേക്കാം—തല വീശുന്നവർ വീശട്ടെ” എന്നു പറഞ്ഞ് ആ യുവാവിന്റെ പുറങ്കഴുത്തിനു പിടിച്ചു മുമ്പോട്ടു തള്ളുകയുംചെയ്തു. നിനച്ചിരിക്കാത്ത ഈ സമ്മാനത്തിനു പ്രതിസംഭാവനയായി കേശവപിള്ള തിരിഞ്ഞുനിന്ന് ഗണ്ഡത്തിൽ കൊടുത്ത ഒരു പ്രഹരം, ആകാശത്തിൽ സ്വതേയുള്ള നക്ഷത്രങ്ങളുടെ സംഖ്യയെ കാലാരംഭംമുതൽ അവ മറഞ്ഞിരുന്ന ദിവസങ്ങളുടെ സംഖ്യകൊണ്ടു ഗുണിച്ചാൽ കിട്ടുന്ന ഫലത്തോളം ഇരുട്ടിച്ചതുപോലെ ഉമ്മിണിപ്പിള്ളയ്ക്ക് ആ ഇരുട്ടിലും ദർശിപ്പിച്ചു. ഉമ്മിണിപ്പിള്ള നെടുമ്പനപോലെ ചായുന്നതിനിടയിൽ, അയാളെ സഹായിപ്പാനായി യുദ്ധധർമ്മത്തെ മറന്ന് ഒരു നിഷാദവിഗ്രഹം വധോദ്ദേശ്യത്തോടു തന്നെ, സിംഹത്തെപ്പോലെ കേശവപിള്ളയുടെ നേർക്കു മുന്നോട്ടു കുതിച്ചു. പരമാർത്ഥം പറകയാണെങ്കിൽ ആ പ്രച്ഛന്നനരകേസരിയുടെ ശ്വാസമാത്രത്തിന് ഉത്തരം പറയാൻ കേശവപിള്ളയ്ക്കു സാധിക്കുന്നതല്ലായിരുന്നു. ആ ഘോരനായ നരാന്തകന്റെ ഹസ്തം കേശവപിള്ളയെ സ്പർശിച്ചു എങ്കിൽ രാജാകേശവദാസ് എന്ന നാമധേയം ചരിത്രാകാശത്തിൽ ഉദയംചെയ്കയില്ലായിരുന്നു. ശ്രീപത്മനാഭന്റെ സങ്കേതസ്ഥലത്തുവച്ച് ധർമ്മനിരതനായ കേശവപിള്ളയുടെ ആയുരന്തം വരുത്താതെ രക്ഷിപ്പാൻ ശ്രീപത്മനാഭനിയുക്തനായ പോലെ ഗിരിശരീരനായ ഒരു പുരുഷൻ കേശവപിള്ളയുടേയും നരപഞ്ചാസ്യന്റേയും ഇടയ്ക്കുചാടി വധക്രിയയ്ക്കു പ്രയുക്തമായ ഹസ്തത്തെ സ്വഹസ്തത്തിൽ ബന്ധിച്ചു. ഇതിനിടയിൽ ഉമ്മിണിപ്പിള്ളയും ഒട്ടും കുറയ്ക്കാതെ കേശവപിള്ളയെ ചെറുത്തുനിറുത്തി, അവർ തമ്മിൽ ഒരു ദ്വന്ദ്വയുദ്ധം തുടങ്ങി. മുറുക്കത്തിലായി. ഉമ്മിണിപ്പിള്ള ‘മമ്മട്ടിക്കയ്യന്മാ’രുടെ വീര്യത്തേയും കൈവിട്ട് ‘എന്റമ്മമ്മോ! പൊന്നുസ്വാമിയേ!” എന്നു ചില വിളികൾ കൂട്ടിത്തുടങ്ങി. കേശവപിള്ളയുടെ യുദ്ധസാമർത്ഥ്യം കണ്ടു രസിക്കുന്നതിന് അയാളുടെ സ്തുതിപാഠകനായ മാമാവെങ്കിടൻ ഉണ്ണിത്താന്റെ താമസസ്ഥലത്തുനിന്ന് തംബുരുവാഹകനായ ഒരു ഭൃത്യനുമായി മടങ്ങുന്നവഴി അവിടെയെത്തി. കാക്കക്കൂട്ടത്തിൽ കല്ലെറിഞ്ഞാലുണ്ടാകുന്ന ബഹളത്തോടുകൂടി ബ്രാഹ്മണൻ ചോദ്യംചെയ്യുന്നതിനിടയിൽ, യുദ്ധസാമർത്ഥ്യത്തിൽ ഹൈദർഖാൻ പോലും തന്നോടു തോൽക്കുമെന്നു ഗർവിച്ചിരുന്ന നിഷാദാകാരൻ പ്രഥമമായി ഒരു വിപുലബലന്റെ കരബന്ധനത്തിൽ അകപ്പെട്ടപ്പോൾ, ആ ഇരുട്ടിനിടയിൽക്കൂടി പ്രതിയോഗിയെ സൂക്ഷിച്ചുനോക്കി. ഐരാവതഗാത്രനെ അയാൾ അപ്പോൾ ധരിച്ചിരുന്ന വേഷത്തിലും നിഷാദവേഷൻ മനസ്സിലാക്കി. ഹിന്ദുസ്ഥാനിയിൽ ഹസ്തമോചനത്തെ അപേക്ഷിച്ചു. നിഷാദൻ പക്ഷ, പ്രയോഗിച്ചേക്കുമായിരുന്ന അടവുകളിൽ ഒന്നിനേയും ഭയപ്പെടാതെ അയാളുടെ കൈകളെ പ്രതിയോഗി തന്റെ പിടിയിൽനിന്നു വിട്ടു. ഇതിനിടയിൽ ബന്ധുലാഭംകൊണ്ട് ഉത്സാഹിയായി പോരാവർത്തിച്ച ഉമ്മിണിപ്പിള്ള കേശവപിള്ളയാൽ തെരുവിന്റെ അരുകിലുള്ള ഓടയിൽ ശയിപ്പിക്കപ്പെട്ടു. നിഷാദവേഷൻ അതിഭയങ്കരസ്വരത്തിൽ കേശവപിള്ളയേയും ഉമ്മിണിപ്പിള്ളയേയും ശാസിച്ചു. മാമാവെങ്കിടനും അനുഗാമിയായ നായർക്കും ഈ വാക്കുകൾ ധാർമ്മികനായ ഒരു മധ്യസ്ഥന്റെ ന്യായമായ ശാസനകൾ എന്നു തോന്നി. ഉമ്മിണിപ്പിള്ള നിശ്ചേഷ്ടനായും നിശ്ശബ്ദനായും കിടക്കുന്നതിനെകണ്ട് അയാൾ മരിച്ചുപോയി എന്നു സംശയിച്ച് മാമൻ ‘പാരയിളവാച്ചു’ എന്നു പരിതപിച്ചു. എണീറ്റാൽ പിന്നേയും ആണത്തംകരുതി കേശവപിള്ളയോട് ഏല്ക്കേണ്ടിവരുമെന്നു ഭയന്ന് ഉമ്മിണിപ്പിള്ള സുഖശയനം ചെയ്കയായിരുന്നു. മാമാവെങ്കിടൻ കേശവപിള്ളയെ പിടിച്ചുകൊണ്ട് അയാളുടെ ഭവനത്തിലേക്കു തിരിച്ചു. “ഇതിന്റെ അവസാനം കണ്ടാലേ പോകാവൂ” എന്നു കേശവപിള്ള സിദ്ധാന്തിച്ചു. “ശനിയനെ ആരെങ്കിലും കെട്ടിയെടുത്തു കൊണ്ടുപോട്ടെ. കഥകഴിഞ്ഞാൽ ഭാഗ്യം” എന്നു പറഞ്ഞ്, കേശവപിള്ളയെ ഉന്തിത്തള്ളിക്കൊണ്ട് ആ ബ്രാഹ്മണൻ നടന്നു “ആ രണ്ടുപേരും ആര്?” എന്നു കേശവപിള്ള ചോദിച്ചതിനുത്തരമായി “ജന്യേ ജഞ്ജന്യമാനേ പവനതനയയോരിന്ദ്രസന്ദേശതസ്തൗ—” എന്നു മാമൻ ഗാനം ചെയ്ത്, അപരാധകനെപ്പോലെ തന്റെ വത്സലനെ വലിച്ചിഴച്ച് അയാളുടെ ഗൃഹത്തിലാക്കി.

ബഹുവിധവിലേപനിളോടുകൂടി ശയിക്കുന്ന ഉമ്മിണിപ്പിള്ളയുടെ സമീപത്തു നിഷാദവേഷധാരി അടുത്തു. പ്രതിയോഗിയായ ഗിരികായൻ ദയാവാത്സല്യങ്ങളോടുകൂടി നിഷാദാകാരനെ മുന്നിട്ട്, മുമ്പോട്ടുകടന്ന് ഉമ്മിണിപ്പിള്ളയെ പിടിച്ചെഴുന്നേൽപിച്ച്, “ഹാ! ഹൂ!

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/151&oldid=158418" എന്ന താളിൽനിന്ന് ശേഖരിച്ചത്