പത്താമുദയദിവസത്തിലെ ജനനത്തേയും, ഗണിതശാസ്ത്രവൈദഗ്ദ്ധ്യത്തേയും, സുഖമായി കഴിയുന്ന നിത്യവൃത്തിയേയും മീനാക്ഷിയോടുണ്ടായ സംഘടനയേയും സൂചിപ്പിച്ച് കേശവപിള്ളയെ ഭവിച്ച ഈ ഗാനത്തെക്കേട്ട സദസ്യർ “ബലേടാ കവികുഞ്ഞരാ” എന്നും, ചിലർ “നല്ല സുദേഷ്ണതൻ ഭ്രാതാവു കീചകൻ” എന്നും ഘോഷിച്ചു.
കവിവിരുതൻ: “‘കണ്ടാൽ നല്ലവനിലും കേളിയുള്ളവനിലും ഉണ്ടാകുമല്ലോ മധുവാണികൾക്കനുരാഗം’, എന്നല്ലയോ നമ്മുടെ കവിരാട്ടു പറഞ്ഞിരിക്കുന്നത്? ഉമ്മിണിപ്പിള്ള ആശാനേ! എനിക്കും ഒരു പുരാണപ്പട്ടപ്പേർ തരണം”
ഉമ്മിണിപ്പിള്ള: “തരാമെടാ, നൂറുവട്ടം തരാം—എന്റപ്പനും പോയി, ഒരു പട്ടരെക്കൊന്ന്, ഒരു പെണ്ണിനെ മോഷ്ടിച്ച്, ഒരു കൊലപ്പുള്ളിയെ വിട്ട്, ഒരു പൊന്നുംകുല കൈക്കൂലിയും വാങ്ങിച്ച്, എന്നും വാലായ്മയുംകൊണ്ട്; കൊട്ടാരത്തിൽ വന്ന് പലകയും ചാരി, ‘നെടുമാതിരുമരുകാ’ എന്നു ഞെളിഞ്ഞിരിക്ക്. അപ്പോൾത്തരാം പട്ടവും പടഭണ്ഡാരവിരുതുകളും പടലപടലയായി.”
ബ്രഹ്മഹത്യാദി കഥകൾ കേട്ടുതഴമ്പിച്ചിരുന്ന കേശവപിള്ളയുടെ കർണ്ണങ്ങൾക്ക്, രാജശാസനാനുസാരമായി മഹാത്മാവായ ഉണ്ണിത്താൻ തന്നെക്കണ്ട് ചില ആലോചനകൾ ചെയ്തുവരാറുള്ളതിനെ പരസ്യമായി അപഹസനംചെയ്തത് അതിദുസ്സഹമായി. അന്നന്നുണ്ടായിട്ടുള്ള അവമാനങ്ങളുടെ മുകളിൽ ആ കൈക്കാണക്കഥയും കൂടി ചുമത്തപ്പെട്ടപ്പോൾ ആ യുവാവിന്റെ ക്ഷമാസ്തിവാരം തകർന്നു. കേശവപിള്ളയുടെ ഭാവഭേദം കണ്ട് ഉമ്മിണിപ്പിള്ളയ്ക്കും കൂട്ടുകാർക്കും ഉന്മേഷം വർദ്ധിച്ചു. ആ ഉന്മാദലഹരിക്കധീനനായ ഉമ്മിണിപ്പിള്ള അതിനീചമായ ചില അസഭ്യവാക്കുകൾ കേശവപിള്ളയുടെ ശിരസ്സിൽ പുഷ്പാഞ്ജലിചെയ്തു. ആക്ഷേപസംഘക്കാർ പൊട്ടിച്ചിരിച്ചു. അവിവേകം; അപമര്യാദ എന്നീ ലക്ഷണങ്ങൾകൊണ്ട് പ്രസംഗങ്ങൾക്കുണ്ടാവുന്ന ഊർജ്ജിതം ഉമ്മിണിപ്പിള്ളയുടെ വീരഭത്സനങ്ങളെ സദസ്യർക്കു ശ്രാവ്യമാക്കി “കാലും മലർത്തിക്കിടക്കുമ്പോൾ നാക്കുനനപ്പാനും ചത്താൽ പുലകൊൾവാനും ആളില്ലാത്ത എരപ്പനങ്ങുന്നമ്മാരെ കുഴിച്ചുമൂടാൻ മമ്മട്ടിക്കയ്യന്മാരില്ലാത്ത കാലമായല്ലോ. ആണുങ്ങളുണ്ടായിരുന്നതെല്ലാം ചത്തൊടുങ്ങി, കണ്ടടമെല്ലാം കണ്ടവൻകാണിയായി വെട്ടതൊറന്ന്—’
കേശവപിള്ള ആ കുവിതസംഘത്തോട് മറുപടി പറയേണ്ടെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി ഇരുന്നിരുന്നു. ഉമ്മിണിപ്പിള്ളയുടെ കരകവിഞ്ഞുള്ള ഒടുവിലത്തെ അധിക്ഷപേങ്ങൾ അയാളെ എഴുന്നേൽപിച്ചു: “മമ്മട്ടിക്കയ്യന്മാർ ചത്തൊടുങ്ങീട്ടില്ല. ഇവിടം വിട്ടാൽ ഇപ്പോഴും കാണാം ആര്, ആരെ കുഴിച്ചുമൂടുന്നു എന്നും, വഴിയേ കാണാം—”
ഈ കോപപ്രലപനാരംഭത്തിൽ ഉള്ളിലെ കാലുഷ്യദുസ്സഹത കൊണ്ടു ശിരസ്സിൽ കൈ അമർത്തി തടവുകയാൽ, പണ്ടു മുറിവേറ്റ ഭാഗത്തെ സ്പർശിച്ച്, കോപപരിത്യാഗംചെയ്യേണ്ടുന്ന ധർമ്മത്തിന് അതിനെ ശാശ്വതപാഠമായി വരിച്ചിരിക്കുന്ന നിശ്ചയത്തെ കേശവപിള്ള ഓർത്തു. തിളച്ചുപൊങ്ങിയ കോപത്തെ അമർത്തി, തന്റെ ഉക്തികളുടെ അനൗചിത്യത്തേയും ആപൽഗർഭതയേയും അനുസ്മരിച്ചു ക്ലേശിച്ചു. അടുത്ത വാക്കിൽ ഉമ്മിണിപ്പിള്ളയോടു ക്ഷമായാചനം ചെയ്‌വാനും അയാൾ ഒരുങ്ങി. എന്നാൽ “ഉമ്മിണിപ്പിള്ള അമ്മാവാ! ഉമ്മിണിപ്പിള്ളഅണ്ണാ! തല പോയി! കഴുത്തു പോക്ക്” എന്നിങ്ങനെ പലരിൽനിന്നും പുറപ്പെട്ട പലവിധമായ ആർപ്പുകളും “വൃതാരിപുത്രനെക്കൊന്ന ശരം” എന്നു ചില സൂചകവക്രാക്തികളും കേൾക്കുകയാൽ, അയാൾ അവിടെനിന്നു മിണ്ടാതെ നടന്നു. ഉമ്മിണിപ്പിള്ളയെ ഹനിച്ചുകളയുമെന്ന് കേശവപിള്ള ശപഥം ചെയ്തതായി സദസ്യർ “അസോ അസേല്ലോ” ഘോഷിച്ചു. ആ സംഗതിയെ അതിയായി വർണ്ണിച്ചുള്ള ഒരു സങ്കടം മഹാരാജാവിനെ ധരിപ്പിപ്പാൻ നക്കൽ എഴുതി എല്ലാവരെയും വായിച്ചുകേൾപ്പിച്ച്, ഉമ്മിണിപ്പിള്ള മടിയിൽ തിരുകി. സങ്കടസമർപ്പണത്തിനു മുമ്പു തന്നെ രാജചാരന്മാർ ആ വൃത്താന്തത്തെ മഹാരാജാവിനോട് ഉണർത്തിച്ചു.
തന്റെ പാദങ്ങൾ ഭൂസ്പർശം ചെയ്യുന്നതറിയാതെയുള്ള വേഗത്തിൽ ഉമ്മിണിപ്പിള്ള ഓടി;