താൾ:Dharmaraja.djvu/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാൻ കുപ്പശ്ശാർ നിശ്ചയിച്ചിരുന്നു. ഇതിനു വിപരീതമായി മല്ലും മത്സരവും കൊണ്ട് നാടും കുടിയും വിട്ട്—എല്ലും പല്ലും ഞെരിഞ്ഞ്, രണ്ടു പന്തീരാണ്ടുകാലത്തിലധികം ദ്വൈതാടവീവാസവും അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇനിയെങ്കിലും ജീവിതാസ്തമനകാലത്തെ സമാധാനസമന്വിതം ജന്മഭൂമിയിൽവച്ചു കഴിക്കാമെന്നു കാംക്ഷിക്കുന്ന ആ വൃദ്ധൻ യോഗീശ്വരനാകുന്ന ബന്ധുവിന്റെ കഠോരാജ്ഞ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു. സഹസ്രനേത്രനും സാധിക്കാത്ത ധാരകളെ അയാളുടെ ഏകനേത്രം വർഷിച്ചു; മർമ്മങ്ങളിൽ ശസ്ത്രജ്ഞഭിഷക്കിന്റെ ആയുധപ്രയോഗംകൊണ്ടുണ്ടായ വേദനയാലെന്നപോലെ ആപാദമസ്തകം വിറച്ചു; താൻ ജനിച്ച മുഹൂർത്തത്തേയും വാസരവത്സരങ്ങളേയും വ്യസനാധിക്യത്താൽ ശപിച്ചു; കോപാതിക്രമം കൊണ്ടുള്ള പ്രജ്ഞാവിഹീനതയാൽ, കഴുകന്മാർ ശവശരീരങ്ങളെത്തന്നെ കാംക്ഷിക്കുമെന്നും, അങ്ങനെയുള്ള ദൗഷ്ട്യത്തിന് വിധിയല്ലാതെ വേറെ ചികിത്സകനില്ലെന്നും, അയാളുടെ ജീവിതകാലസേവനത്തിനും വാർദ്ധക്യത്തിനും ഭക്തിദൃഢതയ്ക്കും ചേരുംവണ്ണം അധിക്ഷേപഗർഹണം ചെയ്തു. ഹരിപഞ്ചാനനന്റെ നേത്രങ്ങളിൽനിന്നു തടിച്ഛൂലങ്ങൾതന്നെ വർഷിച്ചു. ദുസ്സഹമായുള്ള കോപത്തിന് അധീനനായി, ബഹുഭാഷകളുടെ സമ്മിശ്രണത്തോടുകൂടി ഇങ്ങനെ അർത്ഥമാകുമാറ് അദ്ദേഹവും കൽപാന്താട്ടഹാസം ചെയ്തു: “ശഠാ, രാജ്യത്തേയും ഗൃഹത്തേയും ജനത്തേയും ലോകത്തിൽ സകലതിനേയും വെടിഞ്ഞ്, ദേശാന്തരങ്ങൾതോറും ഭിക്ഷുവൃത്തിയെ അനുഷ്ഠിച്ച്, നരസിംഹസത്വനെങ്കിലും നായ്ക്കും കുറുനരിക്കും ദാസ്യത്തെ അനുവർത്തിച്ച്, താരുണ്യവും യൗവനവും പുരുഷത്വവും ഒന്നുപോലെ വ്യർത്ഥമാക്കി, ഗുരുവിന്റെ ആജ്ഞാനിർവഹണത്തെ നാം ദീക്ഷിക്കുന്നു. മരണപ്രാന്തത്തിൽ എത്തിയിരിക്കുന്ന ഭൃത്യമൂർഖൻ നീ വൃദ്ധശാഠ്യംകൊണ്ട്, അതിവന്ദ്യനായുള്ള ഗുരുവിനാൽ അനുഗൃഹീതനായ ഈ ശിഷ്യനിൽ പ്രതിജ്ഞാപൂർവം സംക്ഷിപ്തമായുള്ള നിയോഗത്തെ പ്രതിബന്ധിക്കുന്നു. നമ്മാൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണ, നമുക്ക് ഈ ആത്മാവിനെ നൽകിയിരിക്കുന്ന പരബ്രഹ്മത്താണ, ശരീരത്തെ നൽകിയിരിക്കുന്ന അച്ഛനാണ, നിന്നെയും നിന്റെ യജമാനനത്തിയേയും, നീങ്ങളുടെ സകല ഭാവിശ്രേയസ്സിനും നിദാനമായി സങ്കൽപിച്ചിരിക്കുന്ന ആ സ്വർണ്ണപ്പാവയേയും, ഉഗ്രക്ഷേത്രത്തിൽനിന്ന് ഇതാ ഇക്ഷണംമുതൽ ബഹിഷ്കരിച്ചിരിക്കുന്നു. നീങ്ങളെ പോറ്റുന്ന നിധി നമ്മോടു ചേരട്ടെ—നിങ്ങൾ ഇദ്ദിനംമുതൽ നിരാധാരസത്വങ്ങളായി, ഭിക്ഷാംദേഹികളായി, തെണ്ടിത്തിരിയുവിൻ! ഗൃഹപ്പടികളിൽ വീണു കരഞ്ഞു പിടിയരി വാങ്ങി ഭക്ഷണവസ്ത്രധാരണങ്ങളെ നിർവഹിപ്പിൻ! ശക്തികൾക്ഷയിക്കുമ്പോൾ, നീങ്ങളുടെ ജാതിഹീനതയ്ക്കു ചേർന്നതായ നരകസാമ്രാജ്യക്കഞ്ഞിപ്പുരകളിലെ ഉറനീർ വാങ്ങി അന്ത്യകാലകഫപ്രസരണത്തെ അമർത്തുവിൻ! മരിക്കുമ്പോൾ അനാഥപ്രേതങ്ങളായി—”

കുപ്പശ്ശാരുടെ ചുരുങ്ങിയ അക്ഷരമാലയും നിഘണ്ടുവും ഈ പ്രകോപദർശനത്തിൽ നഖാന്തമാർഗ്ഗമായി പ്രസ്രവണംചെയ്തു. തന്റെ ഭൃത്യകൃത്യത്തെ യഥാധർമ്മം താൻ നിർവഹിച്ചു എന്നു സമാശ്വസിച്ച്, ധാരയായി വർഷിച്ചുകൊണ്ടിരുന്ന കണ്ണുനീരിനെ അയാൾ തുടച്ചു. സകലവും കർമ്മാധീനമെന്നു വിധിച്ചും, ഈ സ്ഥിതികളിൽ ഉത്തരക്ഷണത്തിൽ മൃതിതന്നെ മോക്ഷമെന്നു സങ്കൽപിച്ചും, കൽപന എന്തായാലും അതിനെ നിർവഹിക്കാമെന്നു സത്യം ചെയ്തും തൊഴുതുകൊണ്ട് കുപ്പശ്ശാർ കാഷ്ഠശേഷമായി അവിടന്നു നിഷ്ക്രമിച്ചു. എന്നാൽ ഹരിപഞ്ചാനനമതവും നന്തിയത്തുണ്ണിത്താന്റെ ഇംഗിതവും ത്രിപുരസുന്ദരി വലിയമ്മയുടെ യത്മപ്രാർത്ഥനകൾകൊണ്ടും ഏകീകരണത്തെ പ്രാപിച്ചില്ലെന്ന് ഇവിടെ ചുരുക്കത്തിൽ പ്രസ്താവിച്ചുകഴിച്ചേക്കാം. അദ്ദേഹം മകന്റെ അച്ഛൻതന്നെ ആയിരുന്നു. ഹരിപഞ്ചാനനന്റെ ഉദ്യമവിഷയത്തിൽ അദ്ദേഹവും ഗിരിസഹജമായുള്ള അഭേദ്യത്വത്തെ പ്രദർശിപ്പിച്ചു.

ഈ രംഗം ഒരു മഹാങ്കത്തിന്റെ പൂർവരംഗമായിരുന്നതേയുള്ളു. ഇക്കഴിഞ്ഞ രംഗത്തിൽ യോഗീശ്വരന്റെ ചുവട് രണ്ടാമതും ഒന്നു പിഴച്ചു. കുപ്പശ്ശാർ അദ്ദേഹത്തിന്റെ സന്നിധിയിൽനിന്നു മറഞ്ഞു ക്ഷണത്തിൽ, കേശവൻകുഞ്ഞിന്റെ അപഹൃതിമുതൽ മീനാക്ഷി പരിഗ്രഹണത്തിനു വീണ്ടും കാപ്പുകെട്ടി നിർബ്ബന്ധംകൊണ്ടു യോഗീശ്വരനെ ഇടുക്കിപ്പിഴിച്ചിൽ ചെയ്തുവരുന്ന ഉമ്മിണിപ്പിള്ള സർവ്വജ്ഞപ്പുഞ്ചിരികളും ക്ഷേത്രങ്ങളിലെ പ്രസാദഭാരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/145&oldid=158411" എന്ന താളിൽനിന്ന് ശേഖരിച്ചത്