താൾ:Dharmaraja.djvu/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർശ്വത്തിൽ ഇരുത്തി. സംസ്ഥാനത്തിന്റെ ഭരണം നയഗതി എന്നിത്യാദി ലൗകികകാര്യങ്ങളെ സംബന്ധിച്ചും, സർവ്വജ്ഞപദയോഗ്യനായ ഹരിപഞ്ചാനനന്റെ മതങ്ങളെ ആരാഞ്ഞു. എന്നാൽ, മഹാരാജാവിന്റെ നേത്രങ്ങൾക്ക്, വനമാർപ്പാരന്റെ വീക്ഷണസൂക്ഷ്മതയുണ്ടായിരുന്നു എങ്കിൽ, ഹരിപഞ്ചാനനന്റെ നേത്രങ്ങൾ മഹേന്ദ്രഗിരിയുടെ ശിരസ്സിൽ നിന്നുകൊണ്ട് നൂറു യോജന ദൂരത്തുള്ള ലങ്കാപുരത്തെ സുവ്യക്തമായി ദർശനംചെയ്ത സമ്പാതി എന്ന ഗൃദ്ധ്രവരന്റേതുകൾതന്നെ ആയിരുന്നു. മഹാരാജാവിന്റെ സൗജന്യൗദാര്യങ്ങൾ കണ്ട്, അവിടത്തെ ചുറ്റി താൻ വീശുന്ന വലകളെ മേലിൽ ഒട്ടും താമസംകൂടാതെ മുറുക്കി, താൻ ഉദ്ദേശിക്കുന്ന യജ്ഞസമിതിയുടെ നിവർത്തനം സാധിപ്പാൻ യോഗീശ്വരൻ ഉറച്ചു. അടുത്ത ദിവസംതന്നെ പതിനേഴാം അദ്ധ്യായത്തിൽ വർണ്ണിച്ചിട്ടുള്ളതിന്മണ്ണം നന്തിയത്തുണ്ണിത്താന്റെ സഖ്യത്തെ സമ്പാദിപ്പാൻ ശ്രമിച്ചു. ആ മാർഗ്ഗം ദുർഗ്ഗമെന്നു കാണുകയാൽ പ്രയുക്തികളിൽ സമ്പന്നനും, നന്തിയത്തേയും കഴക്കൂട്ടത്തേയും സ്ഥലപുരാണങ്ങളെ ഗ്രഹിച്ചിട്ടുള്ളവനും ആയിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ ബുദ്ധിക്കു ദൃശ്യമായ ദുർഗ്ഗത്തെ മന്ത്രക്കൂടത്തു താമസിക്കുന്ന വൃദ്ധയായ ലങ്കാലക്ഷ്മിയുടെ സമ്പ്രീണനംകൊണ്ട് ഭഞ്ജിക്കാമെന്നു നിശ്ചയിച്ച്, ധൂർത്തന്മാരായ സ്വേച്ഛാവർത്തികളുടെ സംഗതിയിൽ ധർമ്മാദിശാസ്ത്രങ്ങളും പരേംഗിതഗതികളും ആ സമ്രാട്ടുകളുടെ നിശ്ചയങ്ങളെ അവലംബിക്കണമെന്നുള്ളതിനാൽ, സന്മുഹൂർത്തത്തിനുള്ള ശകുനാദിപ്രതീക്ഷയാൽ നിർവ്വഹണത്തെ താമസിപ്പിക്കുക സഹജമല്ലല്ലോ. വൃദ്ധ എന്നുള്ള കൃത്യ സ്വാജ്ഞാനുകൂലിയായിരിപ്പാൻ നിർബന്ധിതയായി ജീവധാരണംചെയ്യുന്നു എന്ന് ഹരിപഞ്ചാനനന് സ്മരണയുണ്ടായ രാത്രിയിൽത്തന്നെ ആ വൃദ്ധയുടെ പ്രതിപുരുഷനായ കുപ്പശ്ശാരെ വരുത്തുന്നതിന് തന്റെ വിശ്വസ്തഭൃത്യനായ ചെറുകരടിത്താനെ കഴക്കൂട്ടത്തേക്കു യാത്രയാക്കുക കഴിച്ചു.

അടുത്ത ദിവസത്തേക്ക് മന്ത്രക്കൂടഭവനരക്ഷണം ആ ഭൃത്യനിൽ സ്ഥാപിച്ചുകൊണ്ട്, സത്സേവകനായ കുപ്പശ്ശാർ ഹരിപഞ്ചാനനവാടത്തെ പ്രാപിച്ചു. അന്നത്തെ സന്ദർശനത്തിൽ കുപ്പശ്ശാർക്കു യോഗീശ്വരൻ നൽകിയ അരുളപ്പാടുകൾ കൗരവേന്ദ്രനായ സുയോധനമഹാരാജാവിന്റെ പ്രഭാവത്തോടുകൂടിയായിരുന്നു. സന്ദർഭയോജ്യതയെ ബീഭത്സമാക്കാതെ കുപ്പശ്ശാർ, ദ്രോണകൃപാദികളായ ആചാര്യന്മാരുടെ ബുദ്ധിവിജ്ഞാനസമഗ്രതയോടുകൂടിയവൻ എന്നപോലെ ആ ഗൗരവമായ സംവാദത്തിൽ നീതിഭേദങ്ങളെ പ്രഖ്യാപനംചെയ്ത്, രാജ്യതന്ത്രവിദഗ്ദ്ധന്റെ ഉൽക്കടപ്രാഗത്ഭ്യത്തോടുകൂടി ഹരിപഞ്ചാനനന്റെ ഉദ്യമത്തെ പ്രതിഷേധിച്ചു. സകല പ്രതിഭാവിഭവനും സമസ്തകാര്യവിജയിയുമായ ഹരിപഞ്ചാനനൻ ആ മൃഗമനുഷ്യവൃദ്ധനോട് സാമവാദവും അപേക്ഷയും യാചനയും പ്രാർത്ഥനയും ചെയ്യേണ്ടി വന്നു. എന്നിട്ടും ഹരിപഞ്ചാനനന്റെ ദുരാരംഭത്തെ പൂർവകഥാദൃഷ്ടാന്തവാദങ്ങൾകൊണ്ട് ആ വൃദ്ധൻ ദൃഢസിദ്ധാന്തമായി നിരോധിച്ചു. മൃതിപ്രാപ്തന്മാരായ ചില മഹാനുഭാവന്മാരുടെ നാമങ്ങളെ വചിച്ച് ആണയിടുകയും ഗുരുജനങ്ങളുടെ പ്രതിനിധിസ്ഥാനത്തിൽ ഹരിപഞ്ചാനനന് അദ്ദേഹത്തിന്റെ ദ്രോഹശ്രമങ്ങളിൽനിന്നു വിരമിപ്പാൻ ഒരു കൽപന നൽകുകയും ചെയ്തു. ഹരിപഞ്ചാനനകേസരിയുടെ സടാപങ്ക്തി ഉജ്ജൃംഭിച്ചു; നേത്രങ്ങൾ രക്തദ്യുതി കലർന്നുരുണ്ടു; ഭാവവും നിലയും പകർന്ന് വക്ഷസ്സു വിസ്തൃതമായി; കരാംഘ്രികൾ ഞെരിഞ്ഞു. അദ്ദേഹത്തിനു ജന്മനാ എന്നു മാത്രമല്ല കർമ്മണാകൂടി സിദ്ധമായുള്ള സേനാനിപദത്തെ അവലംബിച്ച്, കേവലം ഭൃത്യനായ കുപ്പശ്ശാരെ തന്റെ നിയന്ത്രണയോഗത്തിൽനിന്നു ബഹിഷ്കരിച്ച്, “പുരത്തിൽ മരുവും മഹാജനങ്ങളും പുകൾപെരുത്തെഴും നാഗരികജനങ്ങളും നാട്ടിൻപുറത്തു വസിക്കുമോരോ ജനങ്ങളും ഇന്നു കേൾക്കണമെന്റെയാജ്ഞ” എന്നപോലെ സമഷ്ടിയായി ഒരു വിളംബരത്തെ ആ അവഭ്രഷ്ടന്റെയും മറ്റും അറിവിനായി പ്രസിദ്ധമാക്കി. ഏതൊരു നാമത്തെ ആസ്പദമാക്കി കുപ്പശ്ശാർ ശാസനംചെയ്തുവോ, അലംഘ്യാജ്ഞനായ ആ മഹാഗുരുവിന്റെ നാമത്തിലും സ്ഥാനത്തിലും താൻ കൽപിക്കുന്നതിനെ കേൾക്കാഞ്ഞാൽ ‘കൊല്ലും സന്ദേഹമില്ല’ എന്ന് ഹരിപഞ്ചാനനസിദ്ധനായ ആജ്ഞാകരൻ അരുളിച്ചെയ്കയും ചെയ്തു. തന്റെ യജമാനത്തിയെ സേവിച്ച്, ഒടുവിലത്തെ ജലം അവരിൽനിന്നു വാങ്ങി കണ്ഠസേചനം ചെയ്ത്, ജന്മബന്ധം മോചിക്ക—എന്നിങ്ങനെ മൂന്നു വരിയിൽ തന്റെ ജീവചരിത്രം ഒതുക്കു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/144&oldid=158410" എന്ന താളിൽനിന്ന് ശേഖരിച്ചത്