താൾ:Dharmaraja.djvu/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വഹിച്ച്, അടുത്തമുറിയിൽനിന്ന് ആകാരശൂന്യനായ രാഹുവെപ്പോലെ ഉദയംചെയ്തു. യോഗീശ്വരന്റെ മുമ്പിൽ പ്രവേശിച്ച ഉടനെ അദ്ദേഹത്തിന്റെ മുഖത്തു കാണപ്പെട്ട ക്രൂരമായ ഭ്രൂഭംഗത്തെക്കണ്ട് അതിനെ ആദരിച്ചെന്നപോലെ രണ്ടു ചുവടു പുറകോട്ടു ചാടി, പാദങ്ങൾ ഒപ്പിച്ചുനിന്നിട്ട്, ഉരഗാകൃതിയിലുള്ള സമ്പാതത്തെ അനുഷ്ഠിച്ചു. ഇങ്ങനെയുള്ള നമസ്കാരാനന്തരം യോഗീശ്വരന്റെ പരമാർത്ഥങ്ങളുടെ ഏകദേശത്തെ താൻ അതുവരെ ഗ്രഹിച്ചതു നീക്കി ശേഷത്തെയും അപ്പോൾ കേട്ട കോപശാസനങ്ങളിൽനിന്ന് അവധാരണംചെയ്തിരിക്കുന്നു എന്നും, എങ്കിലും ശിഷ്യനും ആശ്രിതനുമായ തന്നിൽനിന്നു യാതൊരാപത്തിനേയും ഭയപ്പെടേണ്ടെന്നും, അതുവരെ അനുകരിപ്പാൻ ധൈര്യപ്പെടാത്ത ഒരു മിത്രനാട്യത്തോടുകൂടി ഓരോ കരത്തേയും ഗഡുമാറി തലോടിക്കൊണ്ടുനിന്നു. തനിക്ക് ഹൈദരാലിയുടെ ആനുകൂല്യമുണ്ടെന്ന് ആ ജളജളൂകൻ ഗ്രഹിച്ചിട്ടുള്ളതായി യോഗീശ്വരൻ അറിയുകയും, അങ്ങനെ അയാൾ അറിഞ്ഞിട്ടുള്ളതിനെ അറിഞ്ഞതായി നടിച്ച് അദ്ദേഹം ഓരോന്നു പ്രവർത്തിക്കയും ചെയ്തിട്ടുണ്ട്. എന്നാൽ, കുപ്പശ്ശാരോടുണ്ടായ അന്നത്തെ സംഭാഷണത്തിൽ അടങ്ങിയ പരമാർത്ഥങ്ങൾ സൂക്ഷ്മമായി അയാൾ ധരിച്ചു എങ്കിൽ, വിജയസമീപസ്ഥമായ തന്റെ ശ്രമങ്ങൾ ഭഞ്ജിക്കപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ചന്ത്രക്കാറനോടു മത്സരവും വിരോധവും അന്തരാത്മനാ തുടങ്ങി, അദ്ദേഹത്തെയും തന്നെയും അയാൾ ദൂഷണംചെയ്തു നടക്കുന്നതായും യോഗീശ്വരൻ അറിഞ്ഞിരുന്നു. താപസവൃത്തിക്ക് ഒട്ടും അനുരൂപമല്ലാത്ത വിവാഹദൗത്യത്തെ ഉമ്മിണിപ്പിള്ള തന്റെമേൽ ഞെരുക്കിക്കേറ്റുന്നത്, തന്റെ വാസ്തവസ്ഥിതിയെ ഗ്രഹിച്ചിട്ടുള്ളതിനാൽ അയാൾക്ക് തന്റെമേൽ ദൃഢമായ ഒരു പിടി കിട്ടിയിട്ടുണ്ടെന്നുള്ള ധൈര്യത്തിന്റെ ലക്ഷ്യമല്ലയോ എന്നും അദ്ദേഹം ശങ്കിച്ചു. അതു കൊണ്ട് തന്റേയും കുപ്പശ്ശാരുടേയും അന്നത്തെ പരുഷഭാഷണത്തിൽ നിന്ന് ഉമ്മിണിപ്പിള്ള, എന്തെല്ലാം, എത്രത്തോളം, ധരിച്ചിട്ടുണ്ടെന്ന് കൗശലത്തിൽ അറിവിനായി, ‘ഹും’ ശബ്ദത്തോടുകൂടിയുള്ള ശിരശ്ചലനത്താൽ ഉമ്മിണിപ്പിള്ളയുടെ വരവിന്റെ ഉദ്ദേശ്യമെന്തെന്ന് യോഗീശ്വരൻ ചോദ്യംചെയ്തു. ഉമ്മിണിപ്പിള്ള തൊഴുതുപിടിച്ചുള്ള കൈകളെ വക്രമായ നാസികയോടു ചേർത്ത് മുമ്പോട്ടു ചലിപ്പിച്ചുകൊണ്ട് “ഇപ്പോൾ മനസ്സിലായി സ്വാമി. ഇന്നാൾ രാത്രി വലിയ മൂടുമേനാവിൽ എഴുന്നള്ളിയതാരെന്ന്” എന്ന് അയാൾക്കു തോന്നിയ പരമാർത്ഥത്തെ തുറന്നുപറഞ്ഞു. ഉമ്മിണിപ്പിള്ളയെ ഉടൻതന്നെ ഹനിച്ച്, അയാളെ തന്റെ ആത്മാവോടു ചേർക്കുന്നതിനുള്ള ‘ബ്രഹ്മോഹത്വം’ അദ്ദേഹത്തിന്റെ മനസ്സിൽ അങ്കുരിച്ചു എങ്കിലും വേദാന്തഗോപ്യങ്ങൾ ധരിച്ചിട്ടില്ലാത്ത ആജ്ഞലോകം അതിനേയും വധമെന്നുതന്നെ ഹസിക്കുമെന്നു ഭയപ്പെട്ട് സായൂജ്യപ്രദാനത്തിനു പുറപ്പെടാതെ ഒരു ചോദ്യംകൂടി ചെയ്തു: “അപ്പടിയാ? നല്ലത്! എഴുനെള്ളിനതു യാർ?”

ഉമ്മിണിപ്പിള്ള: (താൻ സമർത്ഥനെന്ന ഭാവത്തിൽ) “ചോദിപ്പാനുണ്ടോ? പൊന്നുസ്വാമി തിരുവടികടെ ഗുരുസ്വാമി സന്നിധീന്നുതന്നെ. നാരായണ! ഇതെല്ലാം മച്ചമ്പി അറിയുമ്പോൾ എന്തു ഭാഗ്യം! പരമാനന്ദം! മീനാക്ഷിക്കുഞ്ഞമ്മയെ കിട്ടാൻ എനിക്കു ഭാഗ്യമില്ല. അതു ഞാൻ കൈവിട്ടു. സ്വാമി രക്ഷിച്ച് എന്നെ ചെമ്പകശ്ശേരിയിൽ ചേർത്തുതന്നാൽ മതി. മറ്റതൊക്കെ നാലുനാഴികയിലെ കിനാവ്. കൊച്ചുമ്മിണിയും കൊച്ചമ്മിണിയും തമ്മിൽ പേർപ്പൊരുത്തമെങ്കിലുമൊണ്ട്.”

പരമാർത്ഥം മുഴുവനേയും സൂക്ഷ്മമായി പക്ഷേ, ധരിച്ചില്ലെങ്കിലും താൻ കുപ്പശ്ശാരോടു ഗർജ്ജിച്ചതിൽനിന്നു ഗുരുവെന്നു നിർദ്ദേശിക്കപ്പെട്ട ഒരു മഹാനുഭാവൻകൂടി തിരുവിതാംകോട്ടു പ്രവേശിച്ചിട്ടുണ്ടെന്നും, താനും മന്ത്രക്കൂടത്തുനിവാസികളും പൂർവ്വപരിചിതരാണെന്നും ആ കശ്മലൻ ധരിച്ചിരിക്കുന്നതായി യോഗീശ്വരൻ ഊഹിച്ചക്ഷണത്തിൽ, എന്നേ ദുരിതമേ! പരമകഷ്ടമേ! ഉമ്മിണിപ്പിള്ളയുടെ കണ്ഠത്തിൽ കാലപാശം വീശിക്കഴിഞ്ഞു. അനന്തശയനപുരം മുഴുവനും നടുങ്ങുംവണ്ണം യോഗീശ്വരൻ ഒന്നു പൊട്ടിച്ചിരിച്ചു. ഹിരണ്യകശിപുവിന്റെ രക്താധാരയിൽ മഗ്നനായ നരസിംഹമൂർത്തി പ്രഹർഷനൃത്തം ചെയ്തതുപോലെ യോഗീശ്വരൻ ആ മുറിക്കകത്ത് ഏകപദനൃത്തത്തിൽ അർദ്ധപ്രദക്ഷിണം ചെയ്തു. അദ്ദേഹത്തിന്റെ ദന്തങ്ങൾ മുപ്പത്തിരണ്ടിന്റേയും ധാവള്യം ഉമ്മിണിപ്പിള്ളയ്ക്ക് അയാളുടെ അഭീഷ്ടസിദ്ധിയുണ്ടായെന്ന് ഒരു സന്തുഷ്ടിയുണ്ടാക്കി. യോഗീശ്വരന്റെ ചിരിയും നൃത്തവും പ്രദക്ഷിണവും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/146&oldid=158412" എന്ന താളിൽനിന്ന് ശേഖരിച്ചത്