Jump to content

താൾ:Dharmaraja.djvu/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉല്പാദിച്ചു എങ്കിലും, ആയുർവ്വേദസാങ്കേതികജ്ഞന്റെ ദൃഷ്ടിയെ പ്രയോഗിച്ച് തന്റെ ആവിശങ്കയെ വിവേചിച്ചപ്പോൾ അതു കേവലം അസംഗതമായ അന്തഃപ്ലവമെന്ന് അദ്ദേഹംതന്നെ നിരൂപണംചെയ്തു. ച്യവനമഹർഷിക്കു രോഗമോചനവും സുഖാവസ്ഥയും ആ തപോധനനാമത്തെ ധരിക്കുന്ന സിദ്ധൗഷധംകൊണ്ട് പരിപൂർണ്ണമായി ലഭിച്ചു എന്ന് ആയുർവ്വേദം സമ്മതിക്കുന്നുണ്ടെങ്കിലും, ദന്തവിഹീനമായും രോമംകൊഴിഞ്ഞുമുള്ള പടുവാർദ്ധക്യത്തെ ഉദ്ധതതാരുണ്യമാക്കി ഉദ്ധരിപ്പിക്കുക ആ ദിവ്യൗഷധത്തിനും ശക്യമല്ലെന്ന് അദ്ദേഹം ഖണ്ഡിച്ചു. എന്നാൽ, യോഗിസാമ്യമായുള്ള കല്പസേവനംകൊണ്ട് കായരൂപാന്തരം നിവൃത്തിക്കാവുന്നതിന്റെ തത്വങ്ങൾ അദ്ദേഹത്തിനു ദൃഢമല്ലായിരുന്നു. വിശേഷിച്ചും തന്റെ മുമ്പിൽ നിൽക്കുന്ന ആകാരം തന്റെ മനസ്സിൽ സ്മൃതമാകുന്ന രൂപത്തെക്കാൾ ഹ്രസ്വമായും കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ കാർക്കോടകദംശനംകൊണ്ട് നളന്റെ ശരീരത്തിന് ഇങ്ങനെയുള്ള ഭേദവും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. നന്തിയത്തുണ്ണിത്താന്റെ ചക്ഷുരാദീന്ദ്രിയങ്ങളും അദ്ദേഹത്തിന്റെ പാണ്ഡിത്യവും തമ്മിൽ ഇങ്ങനെ ഇടഞ്ഞു പോരാടി തന്റെ മനസ്സിനെ അസ്വസ്ഥമാക്കിത്തീർക്കുന്നതിനിടയിൽ ചന്ത്രക്കാറൻ, “സാമികള്! തൊഴണം—സാഷ്ഷാൽ വേധവ്യാസര്!” എന്ന് ഓരോ ഗൂഢോപദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്, “നമ്മുടെ മച്ചിണൻ നന്തിയത്തേമാൻ—അനന്തരവൻകൊച്ചന്റെ തന്ത— അഷ്ടാങ്ഘൃധവും മറ്റും മെച്ചം—വലിയ സൗപതീകൻ— എളയടസ്സൊരുവത്തിലെ മന്ത്രിമാര്—കൊള്ളച്ചക്രവും നെല്ലും—” എന്നിത്യാദി സ്തോത്രങ്ങളാൽ നന്തിയത്തുണ്ണിത്താന്റെ സ്തുതിപാഠകത്വത്തെ വഹിച്ച് അദ്ദേഹത്തെ യോഗീശ്വരനു പരിചയപ്പെടുത്തി. ഉണ്ണിത്താൻ ഇതിനും നിശ്ചലനായി നിന്നതേയുള്ളു. അപ്പോഴത്തെ വേഷത്തെ അവലംബിക്കാൻ പ്രേരിപ്പിച്ച തന്റെ ജളത്വത്തെക്കുറിച്ചു പരിതപിച്ച ഹരിപഞ്ചാനനൻ ഉണ്ണിത്താന്റെ മനസ്സിനെ വലയ്ക്കുന്ന ചിന്തയുടെ ആഴത്തേയും വിസ്താരത്തേയും ഒരു നോട്ടത്താൽ അളന്നു നിർണ്ണയിച്ചു. സ്വഹസ്തങ്ങളാൽ കേശത്തേയും മീശയേയും ഒന്നു ശുശ്രൂഷണംചെയ്ത്, നേത്രത്തിൽ അൽപമായ ധാർഷ്ട്യത്തേയും അധരത്തിൽ പ്രൗഢമായ ശൃംഗാരത്തേയും സ്ഫുരിപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ സാക്ഷാലുള്ള സൗന്ദര്യസമുത്ക്കർഷവും വിജ്ഞാനജ്യോതിസും പകർന്ന് ബീഭത്സമൂർഖതയായി രൂപാന്തരിച്ചു. ഇതുമെന്യേ അദ്ദേഹം അനഭിജ്ഞന്റെ സംസ്കൃതത്തിൽ ഉണ്ണിത്താനോടു കുശലപ്രശ്നം ചെയ്തു. അതിൽ നാരായണീയാദി കേരളീയസംസ്കൃതഗ്രന്ഥങ്ങളുടെ രസം കലർന്നിട്ടുള്ളതായി, വിവിധകാലദേശങ്ങളിലെയും സംസ്കൃതസാഹിത്യത്തിന്റെ നാനാശാഖകളിൽ അഭിജ്ഞനായിരുന്ന ഉണ്ണിത്താനു തോന്നി. യോഗീശ്വരൻ, നർമ്മദാതീരത്തിൽ അവതീർണ്ണനായി ആശ്രമത്രയത്തേയും അനുഷ്ഠിച്ച് അന്ത്യത്തിൽ തപസ്സുകൊണ്ട് ബ്രഹ്മപദത്തിൽ പ്രാപിച്ച തന്റെ പിതാവിന്റെയും പരലോകഗതയായ മാതാവു മുതലായവരുടെയും ചരിത്രങ്ങളേയും അദ്വൈതാദി സിദ്ധാന്തങ്ങളേയും സംബന്ധിച്ച് ഒട്ടു പ്രസംഗിച്ചു. ഉണ്ണിത്താൻ അതുകൾക്കുത്തരമായി അഭിവന്ദനം മാത്രം ചെയ്തു. പുത്രവാർത്താന്വേഷണത്തിലുള്ള കൗതുകം ചോർന്നുപോയതുപോലെ, ആ സംഗതിയിൽ ഉപദേഷ്ടാവായി കരുതിയിരുന്ന യോഗീശ്വരന്റെ സന്നിധിയിൽനിന്നു പിരിയുന്നതിന് ഉണ്ണിത്താൻ അവമര്യാദമായുള്ള ഒരു അക്ഷമയേയും കാണിക്കുകയാൽ, അദ്ദേഹത്തെ സ്വാധീനത്തിലാക്കുന്നതിനു സുകരമായ മറ്റൊരു മാർഗ്ഗം ബുദ്ധിയിൽ പ്രകാശിച്ച ഹരിപഞ്ചാനനൻ, തനിക്ക് ചില വിശേഷമായ അനുഷ്ഠാനങ്ങളുണ്ടെന്നും, അതുകൊണ്ട് പിന്നീടൊരുദിവസം കാണുന്നതിനു മോഹമുണ്ടെന്നും പറഞ്ഞ് ആ പ്രഭുവിനെ യാത്രയാക്കി. ആ സന്ദർശനത്തിന്റെ അപ്രതീക്ഷിതവും ആശാഭഞ്ജകവുമായ പരിണാമത്താൽ കുപിതനായ ചന്ത്രക്കാറൻ തന്റെ ഹസ്തപിണ്ഡങ്ങളും നഖദന്തങ്ങളും പ്രയോഗിച്ച്, ‘മച്ചിണനെ’ നാമാവശേഷനാക്കിക്കളയട്ടയോ എന്ന് ആലോചിച്ചു. ഉണ്ണിത്താൻ പുറത്തിറങ്ങിയ ഉടനെ തന്നെ ഹരിപഞ്ചാനനൻ നിന്നിരുന്നിടത്തുനിന്ന് ഒന്നു പുഞ്ചിരിക്കൊണ്ടതിനെ വ്യാഖ്യാനിക്കുന്നതായാൽ, അതിലേക്കു പ്രത്യേകമൊരു ഗ്രന്ഥം വിനിയോഗിക്കേണ്ടിവരും. അദ്ദേഹം ചന്ത്രക്കാറമാന്ദിയേയും മാർജ്ജനംചെയ്തു ബഹിഷ്കരിക്കുമാറുള്ള വേഗബലത്തോടുകൂടി പൂജാമുറിയിൽ പ്രവേശിച്ച്, തന്റെ കൃഷ്ണമുഖനായ ഭൃത്യനെ വരുത്തി, ഉടനെ മന്ത്രക്കൂടത്തു പോയി, കുപ്പശ്ശാരോടു ചില സംഗതികൾ ധരിപ്പിപ്പാൻ ഒരു കല്പന കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/135&oldid=158400" എന്ന താളിൽനിന്ന് ശേഖരിച്ചത്