താൾ:Dharmaraja.djvu/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പറയരുത്. നമ്മുടെ സന്നാഹങ്ങൾ പരിപൂർണ്ണമാകുംവരെക്ഷമിക്കണം. ഇതിനെല്ലാം കണക്കെണ്ണി ശിക്ഷ കൊടുത്തുകൊള്ളാം.” ഇപ്രകാരം യോഗീശ്വരനും ചന്ത്രകാറനും സംഭാഷണങ്ങൾചെയ്തു നിൽക്കുന്നതിനിടയിൽ, ഒരു ഭൃത്യൻ പ്രവേശിച്ച്, നന്തിയത്ത് ഉണ്ണിത്താൻ എന്ന പ്രഭു യോഗീശ്വരപാദങ്ങളെ വന്ദിപ്പാൻ കാത്തുനിൽക്കുന്നു എന്നു ധരിപ്പിച്ചു. ഉണ്ണിത്താന്റെ ആനുകൂല്യംകൂടി ലഭിക്കുമ്പോൾ അരാജകകക്ഷിക്ക് പൂർണ്ണബലം സിദ്ധിക്കുമെന്ന് യോഗീശ്വരനും ചന്ത്രക്കാറനും ആശിച്ചിരുന്നു. എങ്കിലും ഈ വാർത്താശ്രവണത്തിൽ ചന്ത്രക്കാറൻ ഇച്ഛാഭംഗഭയംകൊണ്ടു ഞെട്ടി. ഹരിപഞ്ചാനനൻ ഹൃദയംഗമമായ ഭക്തിപ്രകടനത്തോടുകൂടി ഭഗവതിവിഗ്രഹത്തിന്റെ സന്നിധിയിൽ മുകളീകൃതപാണിയായി നിന്നു. മനുഷ്യരുടെ അന്തരംഗപരിശോധനയോളം വിഷമമായുള്ള മറ്റൊരു വ്യാപാരമില്ലെങ്കിലും, അതിനെ തുടരുന്നവർക്കു മനോഹരമായ ദർശനഫലങ്ങളും ചിലപ്പോൾ പ്രാപ്തമാകുന്നതാണ്. ഹരിപഞ്ചാനനന്റെ അന്തരംഗത്തെ അപ്പോൾ പരിശോധിച്ചു എങ്കിൽ, ആദരം പ്രശ്രയം ഗുരുഭക്തി എന്നീ ധർമ്മങ്ങളും സൽക്കാരദാനവൈമുഖ്യവും തമ്മിൽ പോർചെയ്യുന്ന അസംഭവ്യത്തെ വാസ്തവസംഭവമായി സാധനപാഠമെന്നപോലെ ദർശനംചെയ്യാമായിരുന്നു. അദ്ദേഹം ആംഗ്യംകൊണ്ട് ആ പ്രഭുവിനെ എതിരേൽക്കാൻ ചന്ത്രക്കാറനു കൽപന കൊടുത്തു. ആ പ്രഭുവെയും ഒരു വൈമനസ്യം ബാധിച്ചുതുടങ്ങി എങ്കിലും, ആജ്ഞാനുസാരമായി പുറത്തെ കെട്ടിൽ കടന്നു. പുത്രനെ സംബന്ധിച്ചുള്ള ആപൽസംഭവങ്ങളുടെ ദുഃഖംകൊണ്ടു കലുഷമായിരിക്കുന്ന ഉണ്ണിത്താന്റെ പ്രൗഢമായ മുഖം കണ്ടപ്പോൾ ചന്ത്രക്കാറപ്രഭു ഗുളികാകാരനായി, താൻ വഹിക്കുന്ന പ്രാതിനിദ്ധ്യത്തേയും അനുഷ്ഠിക്കേണ്ട ഉപചാരത്തേയും മറന്നു. വിഷ്ണുനാമഘടനയാൽ മഹിതമായ ഒരു മന്ത്രോച്ചാരണധ്വനി പൂജാശാലയിൽനിന്നു കേട്ടുതുടങ്ങി. യോഗികളുടെ സ്തോത്രം അജ്ഞന്മാർക്ക് കേട്ടുകൂടാത്തവകയിലുള്ളതായിരുന്നു എങ്കിലും, ഉണ്ണിത്താൻ വിജ്ഞനായിരുന്നതിനാൽ അതിനെ ശ്രവണംചെയ്ത് ശുഭസൂചകമായ ഉപശ്രുതിയെന്ന് ആനന്ദിച്ചു. ചന്ത്രക്കാറന് വേദധ്വനിയും കാകശബ്ദവും ഒന്നുപോലുള്ള അർത്ഥശൂന്യഗീതങ്ങളായിരുന്നതുകൊണ്ട്, “സാമികള് വലിയ അടവേതോ തൊടങ്ങണ്” എന്നു വ്യാഖ്യാനിക്ക മാത്രം ചെയ്തു. ഐഹികാമുഷ്മികങ്ങളെ ത്യജിച്ചുള്ള സിദ്ധനായ ഹരിപഞ്ചാനനൻ കർമ്മികളുടെ അനുഷ്ഠനങ്ങളെ തുടരുന്നത് പണ്ഡിതവൃദ്ധൻ അക്ഷരമാലാഭ്യസനം ചെയ്യുന്നതുപോലെ തോന്നി, ഉണ്ണിത്താന് ഒരു സംശയമുദിച്ചു. ഇങ്ങനെ നിൽക്കുമ്പോൾ ദീപാരാധനാഫലമായി യോഗീശ്വരവാടത്തിനു സഹജമായുള്ള ദിവ്യസുഗന്ധം വീശിത്തുടങ്ങി. “കന്നൻ! ഏമാനെ കുരുക്കാൻ മായപ്പൊടി കരിക്കണാ!” എന്നു ചന്ത്രക്കാറൻ ബന്ധുസ്വാതന്ത്ര്യത്തോടുകൂടി ഉണ്ണിത്താനോടു പറഞ്ഞു. ഭഗവൽസ്തോത്രത്തിന്റെ മധുപ്രവാഹത്താൽ സിക്തമായ ഹൃദയവല്ലിയോടുകൂടി നിൽക്കുന്ന ഉണ്ണിത്താന്റെ നാസാപുടത്തെ ആ ഗന്ധം പ്രീണനംചെയ്തു. ആപാദമസ്തകം ഭക്തിയാൽ കവചിതമായ ഒരു ശരീരം ഉണ്ണിത്താന്റെ മുമ്പിൽ പ്രവേശിച്ചു. കാഷായവസ്ത്രംകൊണ്ടുള്ള കുത്തിയുടുപ്പും യോഗവേഷ്ടിയുമല്ലാതെ, സ്വാമികൾ ആഭരണങ്ങളോ കുങ്കുമലേപനങ്ങളോ അപ്പോൾ അണിഞ്ഞിരുന്നില്ല. ചന്ത്രക്കാറൻ സ്വഗുരുവിനെ ഭക്തിപൂർവ്വം ആ ദർശനത്തിലും തൊഴുതു. ഉണ്ണിത്താന്റെ മുമ്പിൽ ആ രൂപം പ്രത്യക്ഷമായപ്പോൾ, അദ്ദേഹം ബ്രാഹ്മണ്യത്തോടു കാണിക്കേണ്ടതായ ഭക്തിയേയോ ഹരിപഞ്ചാനനനുള്ളതായി കേട്ടിട്ടുള്ള യോഗസിദ്ധിക്ക് അനുരൂപമായ വിനയാദരങ്ങളേയോ യഥോചിതം പ്രകടിപ്പിക്കാതെ താൻ കാണുന്ന രൂപത്തിന്റേയും കേട്ട ശബ്ദത്തിന്റേയും വിശിഷ്ടതയാൽ ബദ്ധേന്ദ്രിയനായി നിന്നു. അതീതമായ മനശ്ചാഞ്ചല്യം കൊണ്ട് ഉണ്ണിത്താന്റെ ബുദ്ധി സ്വൽപമൊന്നു ഭ്രമിച്ചു. എങ്കിലും, യോഗീശ്വരന്റെ ആദ്യദർശനത്തിൽ രൂപസാമ്യംകൊണ്ടും മറ്റും ചന്ത്രക്കാറൻ അമ്പരന്നുനിന്നതുപോലെ, ഉണ്ണിത്താൻ തന്റെ ആത്മപൗരുഷത്തെ യോഗീശ്വരനു പാദകാണിക്കയാക്കിയില്ല. അദ്ദേഹം മുമ്പിൽ നില്ക്കുന്ന രൂപത്തെ നിശ്ശങ്കനായി ഒന്നു പരിശോധിച്ച്, താൻ കേട്ട സൂക്തഘോഷത്തെ വീണ്ടും സ്മരിച്ചു. ആ ആകാരത്തെ അദ്ദേഹം അതിനുമുമ്പ് കാണുകയും സ്വരത്തെ കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബുദ്ധി സ്ഫുടവാദം ചെയ്തു. യോഗീശ്വരന്റെ ഭാവചേഷ്ടകൾ നാട്യവൈഭവത്താൽ സരളതരങ്ങളായിരുന്നെങ്കിലും ഉണ്ണിത്താന്റെ ശങ്കയെ സ്ഥിരീകരിച്ചതേയുള്ളു. സാമാന്യമനീഷിയുടെ നിലയിൽ ഇങ്ങനെ ത്രിവിധമായുള്ള ഒരു സാമ്യസ്മരണ അദ്ദേഹത്തിന്റെ മനസ്സിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/134&oldid=158399" എന്ന താളിൽനിന്ന് ശേഖരിച്ചത്