താൾ:Dharmaraja.djvu/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അതിനഹത്തുവച്ചപ്പം തൊടങ്ങി വാനംപെളർന്നു. ചന്ത്രക്കാറൻ വാണ വാഴ്ക്ക കാറ്റോടെ മഴയ്ക്കോടെ മാനവും പറന്നു. സാമീ! അഞ്ചുതെങ്ങിലേ–അവടം ചെലമ്പിനേത്തുന്നു നടപ്പാടിൽപരം ധൂരത്തല്ല—അവടെ പരിഷ പലരുമൊണ്ട്. അവരെ കയ്യേന്താൽ മെടഞ്ഞ മെടച്ചിലിനെ സാമി തിരുവിളക്കളികൊണ്ട് ശരഫരേന്ന് പിരിച്ചേകളഞ്ഞു! ഇനി എങ്കിലും, അവനോന്റെ പാട്ടിക്കുപെയ്, അതിനെ വീണ്ടും മനയ്ച്ചാൽ ചേലു കൊള്ളുമോ എന്നു നോക്കട്ടെ.” (ദുസ്സഹകോപവ്യസനങ്ങൾകൊണ്ട്) “എന്റെ കൊച്ചിനെ തൊടുണവനെ ഉയിരടക്കി ഉരുളതിന്നാൻ വിടുമെന്ന് എന്റെ ഗുരുപാഥരോ തമ്പുരാൻ തിരുവടികളോ കയ്യേന്തി മോന്തുണ മിടാന്തിലും കരുതണ്ട.”

ഇങ്ങനെ പറഞ്ഞുകൊണ്ട് ചന്ത്രക്കാറൻ യോഗീശ്വരനോടു പിണങ്ങിപ്പിരിയാൻ ആരംഭിച്ചു. രാജധാനി സ്വപാർശ്വത്തിൽ ചേർന്നിരിക്കുന്ന ആ സന്ദർഭത്തെ സ്മരിച്ച്, യോഗീശ്വരൻ ക്ഷണത്തിൽ ചന്ത്രക്കാറന്റെ ശരീരത്തെ പിടികൂടി ബന്ധുവത്സലത്വംകൊണ്ടെന്നപോലെ മുറുകെപ്പുണർന്ന്; കൃപാതരംഗികനെന്നപോലെ അംബികാവിഗ്രഹത്തിന്റെ പൂർവ്വഭാഗത്തു കൊണ്ടു നിറുത്തി ഭസ്മലേപനവും ചെയ്തു. ചന്ത്രക്കാറന്റെ കോപവും പരിഭവങ്ങളും സ്വപ്നസംഭവങ്ങളെന്നപോലെ മാഞ്ഞുതുടങ്ങി. രാജപുരുഷന്മാരുടെ ചതിയാൽത്തന്നെ തന്റെ മരുമകൻ തസ്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ശോകപാരവശ്യം മാത്രം അവസാനത്തിൽ അയാളുടെ മനസ്സിൽ ശേഷിച്ചു. യോഗീശ്വരൻ പ്രസാദിച്ച് ഇങ്ങനെ അരുളിച്ചെയ്തു: “ബന്ധുവേ, നമുക്കു ജയകാലം അടുത്തിരിക്കുന്നു. പുറത്തേ കഥകൾ നിങ്ങൾതന്നെ കണ്ടില്ലേ? നിങ്ങടെ മരുമകന്റെ ഒരു രോമത്തെ ആരെങ്കിലും നഷ്ടമാക്കുന്നെങ്കിൽ, തിരുവിതാംകൂർ—കടലും കായലും കരയും മലയുമടക്കം ഭസ്മം! പണ്ട് പൗണ്ഡ്രകവാസുദേവന്റെ കാശീപുരം പോലെ ഒരായിരം വത്സരം ഇപ്പുരം എരിഞ്ഞമരും. അതിന് ജഗദംബികസഹായം. മരുമകൻ എവിടെ എന്നറിയണം—അല്ലേ? നിൽക്കൂ.” ഇങ്ങനെ പറഞ്ഞുകൊണ്ട് യോഗീശ്വരൻ വിശ്വദർശനം ചെയ്‌വാനുള്ള സാക്ഷാൽകാരധ്യാനത്തെ അനുഷ്ഠിച്ചു. പഞ്ചേന്ദ്രിയബന്ധം ചെയ്ത്, തുറന്ന നേത്രങ്ങളോടുകൂടിയും ഇമനിമേഷങ്ങൾ കൂടാതെയും ഹസ്തങ്ങളെ ഉയർത്തി അംഗുലികളുടെ അന്തങ്ങളെ സംഗിപ്പിച്ചും പാദാംഗുഷ്ഠങ്ങൾമാത്രം നിലത്തൂന്നിയും നിൽക്കുന്ന ആ മഹായോഗബന്ധസ്ഥനെക്കണ്ട് ചന്ത്രക്കാറൻ ശിലാവിഗ്രഹംപോലെ നിശ്ചേഷ്ടജീവനായി നിന്നു. ഹരിപഞ്ചാനനന്റെ നേത്രദ്യുതി അസ്തമിച്ച് കേവലം കൃഷ്ണശിലപോലെ പ്രാകാശശൂന്യമായും, മുഖവും കണ്ഠവും ദീർഘമായും, അസ്ഥികൾ സുവ്യക്തമായും, ഉദരം അതിനിമ്നമായി വക്രിച്ചും ചമഞ്ഞു. ഏകദേശം ഒരു നാഴികയോളം ഇങ്ങനെ നിന്നപ്പോൾ, യോഗാഭ്യാസമഹിമകളെക്കുറിച്ചു ചില ഐതിഹ്യങ്ങൾ മാത്രം കേട്ടിട്ടുള്ള ചന്ത്രക്കാറൻ തന്റെ ഗുരുവര്യന്റെ സിദ്ധി പ്രഭാവത്തെ അത്യന്തം ആദരിച്ചു; കുറച്ചുകഴിഞ്ഞപ്പോൾ, യോഗീശ്വരന്റെ ജീവചൈതന്യം ആ ജഡത്തിൽ പുനഃപ്രവേശനംചെയ്ത് അദ്ദേഹത്തിന്റെ അധരങ്ങൾ വിടർന്ന് ഇങ്ങനെ മന്ത്രിച്ചുതുടങ്ങി: “ഹാ ഹാ! വിശ്വംഭരചാതുര്യം! അപ്പനേ, ഉന്നെ രാജഭൃത്യന്മാർ ഉപശാരം ചെയ്യുറതാ? നേത്തി! നേത്തി! സന്തോഷമടയ്ന്തിരിക്കുറയാ? അപ്പടിയിര് ഉന്നെ നാമേ രക്ഷിപ്പോം. അരേംബാ—എന്ന ഘോരവനാന്തരം! മേഘസ്പർശിതമാന ഗന്ധമാദനത്തിലെ മുനികദംബസേവ്യമാന മണ്ഡപത്തിലെ, ഇന്ദ്രകാന്തശിലാസ്തരണത്തിലെ, ഉന്നൈ ചേർത്തുവയ്ക്കറയാ? ഇര്—ഇര്—അങ്കിര്—പതറാമലിര്—ഇദോ—” ഇങ്ങനേയും മറ്റും കുറച്ചുനേരം വിശ്വദർശനഫലത്തെ ഉച്ചരിച്ച്, യോഗീശ്വരൻ വിരമിച്ചു. ഹരിപഞ്ചാനനൻ യോഗബന്ധത്തെ ഖണ്ഡിച്ച്, ബാഹ്യജ്ഞാനത്തെ പ്രാപിച്ചപ്പോൾ, പൂർവവൽ പ്രതാപരുദ്രനായി ഹാസ്യസൂചകമായ ഒരു മന്ദഹാസത്തോടുകൂടി ചന്ത്രക്കാറനോടിങ്ങനെ ചോദിച്ചു: “എന്ന ശൊന്നാൾ പരബ്രഹ്മ സ്വരൂപിണി?”

ചന്ത്രക്കാരൻ: “സാമീ! അറിയാതെ പറഞ്ഞതെല്ലം ഷമിക്കണം. സാമിതന്നെ അവനെ രഷ്ഷിച്ചുതരണം. ഏതു വനാന്ധരത്തിൽ കൊണ്ടുപെയ് അവനെ ഒളിച്ചിരിക്കണോ, ധൈവത്തിനറിയാം. ഇങ്ങനെ ഒക്കെ—”

യോഗീശ്വരൻ: “നിങ്ങൾ മഹാരാജാതിരുമനസ്സിലെ അടിയാരിൽ ഒരു ഭാരിച്ച ഗൃഹസ്ഥനാണ്. കേൾക്കാൻ സംഗതിയായ ബ്രഹ്മവചനങ്ങളിൽ രാജാപ്രകൃതിയുണ്ടെങ്കിൽ പുറത്തു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/133&oldid=158398" എന്ന താളിൽനിന്ന് ശേഖരിച്ചത്