താൾ:Dharmaraja.djvu/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നന്തിയത്തുണ്ണിത്താൻ അന്നുതന്നെ സമുചിതമായുള്ള കാഴ്ചകളോടുകൂടി മഹാരാജാവിനെ മുഖംകാണിച്ചു. ഇക്കാലത്തെപ്പോലെതന്നെ അന്നും പ്രജകൾക്ക് മഹാരാജാവിന്റെ തൃപ്പാദദർശനം സുലഭമായിരുന്നു. ദ്രാണാദ്യാചാര്യജനങ്ങളെ ജ്യേഷ്ഠപാണ്ഡവൻ ആദരിച്ചുപോന്നതുപോലുള്ള ഉപചാരങ്ങളോടുകൂടി മഹാരാജാവ് ഉണ്ണിത്താനു സ്വാഗതമരുളി. വിദ്വൽകേസരികളായ ആ രണ്ടുപേരും ബഹുകലാരാഷ്ട്രങ്ങളിൽ ത്വരിതസഞ്ചാരംചെയ്തിട്ടും, പുത്രവിഷയത്തിൽ പ്രവേശിപ്പാൻ ഉണ്ണിത്താൻ ഉൽക്കൺഠാലേശത്തേയും പ്രകടിപ്പിക്കാത്തതിനാൽ, മഹാരാജാവ് അദ്ദേഹത്തിന്റെ പ്രഭുബുദ്ധിയെക്കുറിച്ച് അനൽപമായി പ്രസാദിച്ച്, അവസാനത്തിൽ “വിശേഷിച്ച്?—” എന്നുള്ള ഏകപദംകൊണ്ട് അഭിപ്രായഗർഭമായ ചോദ്യം ചെയ്ത്, ഉത്തരം എത്രതന്നെ ദീർഘമോ അപഥ്യമോ ആയാലും കേൾക്കാൻ സന്നദ്ധനും സന്തോഷവാനും എന്നുള്ള ഭാവത്തിൽ നിന്നു. ഉണ്ണിത്താൻ മഹാരാജാവിന്റെ ആന്തരാർത്ഥമായ ഹിതത്തെ മനസ്സിലാക്കി ഇങ്ങനെ അറിയിച്ചു: “അടിയന്റെ മകൻ ബന്ധനത്തെ ലംഘിച്ചു എന്നു തിരുമനസ്സിൽ സംശയിക്കുന്നുണ്ടോ?”

മഹാരാജാവ്: (ഉണ്ണിത്താന്റെ വാക്കുകളെ തടഞ്ഞ്) “ഏഹെ! ആ വിധമുള്ള സംശയമേ ഇവിടില്ല. അങ്ങനെ വരില്ലെന്നു നമുക്കു തന്നെ നിശ്ചയമുണ്ട്! അവൻ ആൾ വീരനാണ്.”

ഉണ്ണിത്താൻ : “ഇവിടെ വന്നതിന്റെശേഷം കേൾക്കുന്ന കഥകൾ ബുദ്ധിയെത്തന്നെ ചലിപ്പിക്കുന്നു.”

മഹാരാജാവ്: “നമ്മുടെ ആജ്ഞയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നും കേട്ടില്ലേ?”

ഉണ്ണിത്താൻ: “കേട്ടു; കഷ്ടം! തിരുമനസ്സിലെ കല്പനയെ ഉണ്ണി ലംഘിച്ചില്ലെന്നു തിരുമനസ്സിൽ ബോധ്യമുള്ളത് അടിയന് ആശ്വാസമായി. ശേഷം ഈശ്വരേച്ഛപോലെ നടക്കട്ടെ.”

ഇത്രയല്ലാതെ തന്റെ മകന്റെമേൽ ചുമത്തപ്പെട്ട നരഹത്യാപരാധത്തെപ്പറ്റി ഉണ്ണിത്താൻ ഒന്നും ഉണർത്തിച്ചില്ല. ഉണ്ണിത്താന്റെ പ്രഭുബുദ്ധിയെക്കുറിച്ചു മഹാരാജാവ് അന്തരാത്മനാ പിന്നെയും അഭിനന്ദിച്ചു.

മഹാരാജാവ്: “ചന്ത്രക്കാറന്റെ ഗുരുവായ ഹരിപഞ്ചാനനയോഗിയെ കണ്ടില്ലേ?”

ഉണ്ണിത്താൻ: (പുത്രവിഷയത്തിലും പ്രദർശിപ്പിക്കാത്ത മുഖസ്തോഭത്തോടുകൂടി) “കണ്ടു, സുന്ദരൻ, വീരൻ, നല്ല നടൻ.” (കുറച്ചു നേരം ആലോചനയോടുകൂടിനിന്ന്) “അടിയന് തിരുമനസ്സിലെ പ്രജയായി കഴിയാനേ വൈഭവമുള്ളു. സന്ന്യസിക്കയും മറ്റും (ക്ലേശഭാവത്തിൽ) മറ്റുള്ളവർ കഴിക്കട്ടെ. തൃപ്പാദശരണത്തെ താമസംകൂടാതെ ചിലർ പ്രാപിക്കും. അപ്പോൾ വിടകൊണ്ടു കേഴുന്ന കൂട്ടത്തിൽ അടിയനുമുണ്ടാവും. വൈഷ്ണവമായ കൃപാതിരേകത്തെ വർഷിച്ച് അന്നു ത്രാണനം ചെയ്യണം.”

മഹാരാജാവ് ഈ വാക്കുകളെ വ്യാഖ്യാനിപ്പാൻ ആവശ്യപ്പെടാതെയും, എന്നാൽ ആ വിഷയത്തെത്തുടരാൻ സന്നദ്ധനല്ലാതെയും, അത്യാർദ്രമനസ്കനായി ഇങ്ങനെ ഉപദേശിച്ചു: “മകന്റെ ഭാഗത്തേക്കു വേണ്ടതെല്ലാം ദളവായോടും കാര്യക്കാരന്മാരോടും പറയണം. വേണ്ട ഉത്സാഹങ്ങൾ ചെയ്ത് തെളിവു കൊടുക്കണം. ഉണ്ണിത്താന് പോരാത്തതെന്നു തോന്നുകയില്ലെങ്കിൽ ഒന്നുകൂടി ഗുണദോഷിക്കാം. നീട്ടെഴുത്തു കേശവനുണ്ട്. അവനോടാലോചിച്ച് ഈ സംഗതികൾ വേണ്ടതു നടത്തുന്നതിനു നാം അനുവദിക്കുന്നു. ഈ ഗുണദോഷം സ്വകാര്യമായിരിക്കട്ടെ.”

മഹാരാജാവ് ചോദ്യഗുണദോഷാദികൾ നിറുത്തി. ഐശ്വരമായ ബുദ്ധിയും പരമാർത്ഥസത്പ്രഭുത്വവും ചേർന്നുള്ളടം അനർഹസ്തോത്രവും കിഴിഞ്ഞുള്ള സമ്പ്രാർത്ഥനയും ഞെക്കിപ്പിഴിഞ്ഞുള്ള കണ്ണുനീരും കൂടാതെ കാമധേനുവെപ്പോലെ ചിന്തിതാനുഗ്രഹത്തെ കാലോചിതം അനർഗ്ഗളമായി ദാനം ചെയ്യുമെന്നു ദൃഢമായി വിശ്വസിച്ചിരുന്ന ഉണ്ണിത്താൻ അന്നത്തെ മുഖംകാണിപ്പും അവസാനിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/136&oldid=158401" എന്ന താളിൽനിന്ന് ശേഖരിച്ചത്