Jump to content

താൾ:Dharmaraja.djvu/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരങ്ങളെ ഗ്രഹിപ്പാൻ മഹാരാജാവ് മുന്നോട്ടടുത്തപ്പോൾ, ആ യോഗീശ്വരന്റെ വിഷദ്രോഹഭയങ്ങളാൽ എന്നപോലെ പൊടുന്നനവെ പുറകോട്ടു മാറി. രാമവർമ്മമഹാരാജാവ്, യോഗീശ്വരൻ വിചാരിച്ചതുപോലെ കുമാരൻതമ്പിയും കേശവപിള്ളയും അല്ലായിരുന്നു. അഭയപ്രദാനമായി നീട്ടിയ സ്വഹസ്തങ്ങളെ ഹരിപഞ്ചാനനൻ തിരസ്കരിച്ച മാത്രയിൽ മഹാരാജാവിന്റെ മനസ്സിൽ ദിവ്യമായ ഒരു ഉദ്വേഗം ഉണർന്നു. ഹരിപഞ്ചാനനന്റെ മുഖമഞ്ജുളതയേയും വിജയിക്കുന്ന സൗഹാർദ്ദഭാവത്തോടുകൂടി ആ യോഗീശ്വരനെ ഇരുത്തി, താനും ഇരുന്ന്, മറ്റുള്ളവരെ അകലത്താക്കീട്ട്, ആത്മീയമായും ലൗകീകമായും രാജ്യകാര്യസംബന്ധമായും ഉള്ള ഓരോ വിശേഷങ്ങളെപ്പറ്റി അവിടന്നു സംഭാഷണം തുടങ്ങി. ഒടുവിൽ ഹരിപഞ്ചാനനൻ ആ ഘട്ടത്തിൽ തന്റെ രാജ്യം വിട്ടു പോകുന്നത് അവിടത്തേക്കും അനുജൻ യുവരാജാവിനും മനസ്താപകാരണമായിത്തീരുമെന്നും, ജളന്മാരുടെ അന്ധവിശ്വാസാധിക്യം കൊണ്ടുള്ള പ്രലപനങ്ങൾ എന്തായാലും, അന്നത്തെ അത്ഭുതസംഭവത്തെ സംബന്ധിച്ച് ശ്രീപത്മനാഭൻ പ്രസാദിച്ചരുളുന്ന ബുദ്ധിയെ പ്രയോഗിച്ച് ധർമ്മാനുസാരമായും, രാജ്യക്ഷേമപ്രദമായും ഉള്ള വിധത്തിലല്ലാതെ താൻ ഒന്നും പ്രവർത്തിക്കുന്നതല്ലെന്നും അരുളിച്ചെയ്ത് ഹരിപഞ്ചാനനനെ യാത്രയാക്കി. മഹാരാജാവും ഹരിപഞ്ചാനനനും തമ്മിൽ സുസ്ഥിരമായുള്ള മൈത്രീബന്ധം ഉണ്ടായിരിക്കുന്നു എന്നുള്ള ശ്രുതി ഉദയത്തിനുമുമ്പ് പുരവാസികളുടെ ഇടയിൽ പരന്നു.

അടുത്ത ദിവസം ഉദിക്കുന്നതിനുമുമ്പിൽത്തന്നെ ഈ വൃത്താന്തങ്ങളെല്ലാം മഹാരാജാവിനു കേശവപിള്ളയെ കാണണമെന്നുണ്ടായ കല്പനസഹിതം അയാൾക്ക് അറിവു കിട്ടി. ബന്ധനസ്ഥനായ കേശവൻകുഞ്ഞിനെ സന്ദർശനംചെയ്തത് അത്യനർത്ഥകാരണമായി എന്നും, രാമയ്യൻമുഖേന മഹാരാജാവോട് താൻ ചെയ്തിരുന്ന അപേക്ഷനിമിത്തം അവിടത്തെ അപ്രീതി ഈ വിഷയത്തിലും തന്നെ ബാധിച്ചേക്കാമെന്നും ഉള്ള സംശയത്താൽ കേശവപിള്ളയുടെ ചാഞ്ചല്യങ്ങൾക്കു നിലയില്ലാതെ ആയി. കേശവൻകുഞ്ഞിന്റെ ബന്ധമോചനം ഹരിപഞ്ചാനനാൽ ചെയ്യപ്പെട്ടതെന്നുണ്ടായ പ്രസ്താവത്തെ കേശവപിള്ള പൂർണ്ണമായി വിശ്വസിച്ചു. എന്നു മാത്രമല്ല, അയാളുടെ ബുദ്ധിയിൽ അത്ഭുതകരമായ ഒരു സംശയവും ഉദിച്ചു, പൂർവ്വരാത്രിയിലെ പിശാചഘോഷങ്ങളും, താൻ കേൾക്കണ്ടെന്നപേക്ഷിച്ച ഹരികഥാപ്രസംഗവും കേശവൻകുഞ്ഞിനെ തസ്കരിപ്പാനുള്ള ശ്രമതന്തുവിൽ കോർക്കപ്പെട്ട മണികളെന്നും, ചന്ത്രക്കാറന്റെയോ മീനാക്ഷിയുടെയോ ഇച്ഛാനുസാരമായി യോഗീശ്വരൻ ഇതരദുസ്സാധ്യമായുള്ള ആ ക്രിയയെ നിവർത്തിച്ചതാണെന്നും അയാൾ വിധിച്ചു. രാജശാസനത്തെ അനുസരിച്ച്; അയാൾ രാജമന്ദിരത്തിൽ ചെന്ന് മഹാരാജാവു തിരുമനസ്സിലെ സമയം കാത്തു നിന്നു. പള്ളിനീരാട്ടിനു കടവിലെഴുന്നള്ളുന്നതിനുമുമ്പിൽ മഹാരാജാവ് അയാളെ വരുത്തി കേശവൻകുഞ്ഞിനെ സന്ദർശനംചെയ്തുവോ എന്നു മാത്രം ചോദ്യം ചെയ്തു. അയാൾ ബന്ധനഗൃഹത്തിൽ നടന്ന പരമാർത്ഥമെല്ലാം അറിയിച്ചു. ആ സംഗതിയിൽ തന്റെ ഭൃത്യൻ നിരപരാധി എന്നു തീർച്ചയാക്കിയ ഭാവത്തിലും അയാളോട് അഭിപ്രായമൊന്നും ചോദിക്കാതെയും മഹാരാജാവ് അയാളെ പൊയ്ക്കൊള്ളുന്നതിന് അനുവദിച്ചു.


അദ്ധ്യായം പതിനേഴ്


“നല്ലനായുള്ള വിരാധഗുപ്തൻതന്നെ
വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ്
കണ്ടതുനേരമമാത്യപ്രാരനു–
മുണ്ടായതില്ലവനാരെന്നതും തദാ;
പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു
ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.”

ബ്രാഹ്മണഘാതകന്റെ ഹരണവൃത്താന്തം സൂര്യോദയത്തിനു പൂർവമായിത്തന്നെ പരന്നു. ആകാശത്തിൽ പ്രഭാദ്യോതനംകൊണ്ട് ഇക്കാലത്തു വാർത്താവ്യാപരണം ചെയ്യപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/130&oldid=158395" എന്ന താളിൽനിന്ന് ശേഖരിച്ചത്