താൾ:Dharmaraja.djvu/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിപഞ്ചാനനൻസിദ്ധസിംഹൻ ആ പ്രവേശത്തിൽ മുമ്പിലത്തേതിലും ദീർഘഗാത്രനായും ദാരുണഭാവത്താൽ കലുഷമുഖനായും ചമഞ്ഞിരിക്കുന്നു. അങ്കവസ്ത്രത്തെ കടിസൂത്രത്തിന്റെ മുകളിലായി അരയിൽ ചുറ്റിയും, ജടാഭാരത്തെ അഴിച്ചിട്ടും, മീശയെ ഉഗ്രവൈരാഗിയെപ്പോലെ വിതർത്തിട്ടും, വിയർപ്പുതുള്ളികളെ വൈഡൂര്യശകലങ്ങൾപോലെ ശരീരത്തിൽ മിനുങ്ങിച്ചും, ഉൽക്കുലമായുള്ള ധിക്കാരമദത്തെ രാജസന്നിധിക്കനുരൂപമായവിധത്തിൽ അടക്കാതെയും, മഹാരാജാവിന്റെ തിരുമേനിയോടു സംഘട്ടനം ചെയ്‌വാൻ തക്കവണ്ണം അടുക്കുന്നു. പരിസരസ്ഥിതന്മാരായ പരിജനങ്ങളിൽനിന്നു ഭയസൂചകമായുള്ള സീൽക്കാരഘോഷം പൊങ്ങുന്നതിനിടയിൽ, ഹരിപഞ്ചാനന്റെ പുറകിൽ തടിജ്ജിഹ്വപോലുള്ള ഒരു ഖഡ്ഗം അതിന്റെ കിരണങ്ങളെ വർഷിച്ചു. സ്വാമിദ്രോഹം കണ്ട് വിചാരശൂന്യനായി യോഗീശ്വരദർപ്പത്തെ ശിക്ഷിപ്പാൻ അണഞ്ഞ ജനറൽ കുമാരൻതമ്പിയുടേയും മഹാരാജാവിന്റേയും നേത്രങ്ങൾ ഇടഞ്ഞു. തന്റെ ഭുജബലത്തെ ലേഹനംചെയ്‌വാൻ താഴ്ന്ന ഖഡ്ഗത്തിന്റെ ഗതിയെ സൂക്ഷ്മമായി ഗ്രഹിച്ച ഹരിപഞ്ചാനനനൻ കേവലം ഒരു മന്ദഹാസത്താൽ അതിനെ ആദരിച്ചു. ഹരിപഞ്ചാനനന്റെ ദുർഗർവത്തെ പ്രതിഹാസംകൊണ്ട് ആദരിച്ചുനിന്ന മഹാരാജാവിന്റെ നിരോധഭൂചേഷ്ടയെക്കണ്ട്, ഡിലനായിയുടെ പ്രഥമാന്തേവാസിയായ തമ്പി തന്റെ ആയുധത്തെ ഉപസംഹരിക്കുന്നതിന് ഉദ്യോഗിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഉയർത്തപ്പെട്ട കരം മറ്റൊരു കരത്താൽ ബന്ധിക്കപ്പെട്ടു. തന്റെ ഹസ്തത്തെ വലയംചെയ്യുന്ന ഉദ്ധതഹസ്തം വീരശൃംഖലകൊണ്ടുള്ള ആവരണത്തിനു യോജ്യമായുള്ളതെന്ന് അസൂയകൂടാതെ അഭിമാനിച്ചും, അത് സ്വവർഗ്യന്റേതായിരിക്കണേ എന്ന് അഭിലഷിച്ചും കുമാരൻതമ്പി തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടത് ഹരിപഞ്ചാനനൻ വല്ല സാഹസവും പ്രവർത്തിച്ചേക്കുമെന്നുള്ള ശങ്കാവേശത്തോടുകൂടി അദ്ദേഹത്തെ പിൻതുടർന്ന വൃദ്ധസിദ്ധനായിരുന്നു. തന്റെ സാഹസത്താലും അതിനു കിട്ടിയ ശിക്ഷയാലും ലജ്ജിതനായി കുമാരൻതമ്പി മഹാരാജാവിനെ മുഖം കാണിച്ചു മാറിനിന്നു. ഇതിനിടയിൽ അക്കഥയൊന്നും ധരിക്കാത്ത പോലെ ഹരിപഞ്ചാനനൻ മഹാരാജാവിനെ സംസ്കൃതത്തിൽ ഇങ്ങനെ ഭാവമുണ്ടാകുമാറ് സംബോധനം ചെയ്തു: “അല്ലയോ മഹാരാജാധിരാജൻ! പ്രളയാവർത്തനവൃത്താന്തം കേട്ടില്ലേ? അവിടത്തെ പ്രജകൾ, ഭൃത്യന്മാർ, എന്തു മഹാന്ധമാർഗികൾ! ഹരിപഞ്ചാനനൻ ബ്രഹ്മഘാതകനെ രക്ഷിച്ചു കൊണ്ടു പോയിപോലും! ഹരിപഞ്ചാനന ജഡവും ജീവനും ആ സമയത്ത് മഹാരാജസന്നിധിയിൽത്തന്നെ ആയിരുന്നില്ലേ? യോഗസിദ്ധികൾ ദുര്യശസ്കരമായിത്തീരുന്നത് ഈ രാജ്യത്തിൽ! ഏകജീവാത്മാ ഏകമാത്രയിൽ രണ്ടു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന അത്ഭുതകർമ്മവും ഈ രാജ്യത്തിൽ! ഹരിപഞ്ചാനനന്റെ സർവ്വേന്ദ്രിയങ്ങളും മഹാരാജസന്നിധിയിൽ ജാഗ്രത്തായി ചേഷ്ടിച്ചുകൊണ്ടിരുന്നപ്പോൾ ഹരിപഞ്ചാനനൻ മഹാഘാതകത്രാണത്തിനായി ശരീരജീവന്മാരോടുകൂടി ഇതരപ്രദേശത്ത് ആവിർഭവിച്ചതും തിരുമനസ്സിലെ രാജ്യപ്രഭാവം! യോഗികൾക്കുംതന്നെ ദ്വിദിശാസാന്നിദ്ധ്യം ഏകമാത്രത്തി1ൽ സാധ്യമല്ലെന്ന് പുരാണകഥകളെല്ലാം സാക്ഷീകരിക്കുന്നതിനെ ശ്രീപത്മനാഭദാസനായ അവിടത്തെ രാജ്യത്തിന്റെ നവപുരാണം ഖണ്ഡിക്കുന്നു! സർവവ്യാപിത്വം പരബ്രഹ്മരൂപിക്ക് പ്രത്യേകം വിവക്ഷിതമായ ലക്ഷണം. ശ്രീകൃഷ്ണഭഗവാൻ ബഹുലാശ്വശ്രുതദേവന്മാരുടെ മോദത്തിനായി ഒരേസമയത്ത് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷീഭവിച്ചു. അങ്ങനെയുള്ള സർവവ്യാപിത്വം ഈ അൽപപ്രാണിക്കു സാധ്യമോ? ശ്രീപത്മനാഭദാസപ്രഭോ! ധർമ്മവിഭവ! രാജാധിരാജൻ! ഈ രാജ്യം വിട്ടുപോകുന്നതിനു കൽപനതന്നനുഗ്രഹിക്കണം. അന്യദേശീയനായ ഇവന്റെ സത്യവാദിത്വംകൊണ്ട് ബുദ്ധിമാന്മാരും ബലവാന്മാരും ആയ ശത്രുക്കളെ ഇവിടെ സമ്പാദിച്ചു. അവർ ദിനംപ്രതി വർദ്ധിച്ചുംവരുന്നു. ശ്രീപത്മനാഭസേവനം ഒരുവിധം കഴിഞ്ഞു. ഈ സന്നിധിയിൽവച്ചു ചരമംപ്രാപിപ്പാൻ മോഹിച്ചിരുന്നതിനെ അവിടത്തെ പ്രജകളുടെ ധർമ്മം അനുവദിക്കുന്നില്ല. അവിടത്തേക്ക് ആത്മസുഖവും പ്രാരബ്ധദുഃഖതരണവും സ്വർഗ്ഗതിയും സുഗമമാകട്ടെ!”

യോഗീശ്വരന്റെ വാദം അവിതർക്കിതവും, അപേക്ഷ അനുവദനീയവും ആയിരുന്നു. ഹരിപഞ്ചാനനനെ സമാധാനപ്പെടുത്തുന്നതിനായി കരുണാപൂരത്തോടുകൂടി അദ്ദേഹത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/129&oldid=158393" എന്ന താളിൽനിന്ന് ശേഖരിച്ചത്