താൾ:Dharmaraja.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എന്നു കേശവപിള്ളയുടെ ഭാഗം സംഭാഷണാരംഭിച്ചു.

കേശവൻകുഞ്ഞ്: “അന്യചിത്തം അറിക ബഹുരസമാണ്. ഞാൻ പഠിക്കുന്ന കാവ്യങ്ങളും ശാസ്ത്രങ്ങളും—ഈ ഗ്രന്ഥത്തിൽ അടങ്ങിയതും—എല്ലാം ഓരോ മഹാന്മാരുടെ മനോധർമ്മങ്ങളാണ്. നിങ്ങടേത് അറിവാനും എനിക്കു കൗതുകമുണ്ട്; തുടിണം.”

താൻ ഒരു ചിത്തഭ്രമക്കാരന്റെ പൂർവ്വാപരസംബന്ധവിഹീനമായ ജൽപനത്തിന്റെ ശ്രോതാവായി ഭവിച്ചിരിക്കുന്നുവോ എന്ന് കേശവപിള്ള സ്വല്പനേരം സംശയിച്ചു. എങ്കിലും, കേശവൻകുഞ്ഞിന്റെ ഓരോ പദങ്ങളിലും സ്ഫുരിച്ച ആക്ഷേപരസം വക്താവിന്റെ ചിത്തത്തെ ചലിപ്പിക്കുന്ന വ്യഥാധിക്യത്തിൽനിന്ന് ഉദ്ഭൂതമെന്നു തോന്നുകയാൽ കേശവപിള്ള ക്ഷമാപരനായി, മൗനത്തെ അനുഷ്ഠിച്ചു. കേശവൻകുഞ്ഞ് തന്റെ ഉക്തികളുടെ നീരസത്വം സകാരണമല്ലെന്നു പശ്ചാത്തപിച്ച് വീണ്ടും കേശവപിള്ളയെ ഇരിക്കുന്നതിനുക്ഷണിച്ചു. ദീപത്തിന്റെ ഓരോ പാർശ്വത്തിലായി ആ രണ്ടുപേരും ഇരുന്നപ്പോൾ അവരുടെ ആകൃതികൾ സൃഷ്ടിമഹിമ അതിന്റെ പരമോകൃഷ്ടതയിലും എങ്ങനെ വ്യത്യാസസംകലിതമായിരിക്കാമെന്ന് അത്ഭുതമായി ദൃഷ്ടാന്തീകരിച്ചു. തുല്യവയസ്കരും ഏകനാമധനന്മാരും ആയ ആ യുവാക്കൾ സൗന്ദര്യത്തിലും ഒന്നുപോലെ അഗ്രനിലയന്മാരായിരുന്നുവെങ്കിലും ഒരാളിന്റെ സൗന്ദര്യം ക്ഷാത്രമായ നായകത്വത്തേയും, മറ്റേ ആളിന്റേത് പ്രശാന്തബ്രാഹ്മണ്യതേജസ്സിനേയും അനുകരിച്ചു. കേശവപിള്ളയുടെ അംഗസൗഷ്ഠവം പ്രൗഢവും ആദരണീയവും, കേശവൻകുഞ്ഞിന്റെ കായലാളിത്യം ആകർഷകവും ആരാധനീയവും ആയിരുന്നു. സ്വഭാവത്തിനും ഈ വിധമായുള്ള ഭിന്നത അവർ തമ്മിലുണ്ടായിരുന്നു. കേശവപിള്ള ബുദ്ധിതേജസ്കനും ലോകതന്ത്രവിദഗ്ദ്ധനും കൃത്യനിഷ്ഠനും സംഖ്യാശാസ്ത്രകുശലനും, കേശവൻകുഞ്ഞ് ആത്മസത്വനും ജ്ഞാനവിഭവനും ധർമ്മൈകദീക്ഷിതനും കാവ്യരസജ്ഞനും, കേശവപിള്ള സ്വപൗരുഷത്താൽ ദീപ്തനും, കേശവൻകുഞ്ഞ് കുലജനധനയശോധനനും, കേശവപിള്ള സ്വാശ്രയോദ്ധതനും, കേശവൻകുഞ്ഞ് ഗുരുജനങ്ങൾക്കു വശംവദനും, കേശവപിള്ള ദ്രുതകോപിയും, കേശവൻകുഞ്ഞ് അരുന്തുദോക്തിനിപുണനും ആയിരുന്നു. ഇങ്ങനെ ഭിന്നപ്രകൃതന്മാരാണെങ്കിലും, ആ രണ്ടു പുരുഷരത്നങ്ങളും അശ്വിനീദേവന്മാരെപ്പോലെ അവിടത്തെ ദീപപ്രഭാമേഖലയിൽ ശോഭിച്ചു. കേശവപിള്ള കേശവൻകുഞ്ഞിന്റെ ദുരാപത്തിനെക്കുറിച്ചു സഹതപിച്ചു. മീനാക്ഷിയുടേയും ചന്ത്രക്കാറന്റേയും സന്നിധിയിൽ ലളിതസ്വഭാവനായിരുന്ന കേശവൻകുഞ്ഞ്,

“‘ത്രിഭുവനംതന്നിലൊരുവനുണ്ടോ ചൊ–
ല്ലഭിമാനക്ഷയമനുഭവിയാതെ’

അങ്ങനെ നടക്കും ലോകം” എന്ന് അർജ്ജുനനോടുള്ള വേദവ്യാസവചനത്തെ പ്രമാണമാക്കി തന്റെ താപസഹനതയെ പൗരുഷത്തോടുകൂടി പ്രദർശിപ്പിച്ചു.

കേശവപിള്ള: “അതെന്തെങ്കിലുമാകട്ടെ. ആകപ്പാടെ ഇങ്ങനെ താമസിക്കുന്നത് നിങ്ങളുടെ അവസ്ഥയ്ക്കും പ്രായത്തിനും സ്ഥിതിക്കും കഷ്ടമല്ലയോ?”

കേശവൻകുഞ്ഞ്: “അതതെ. എന്നാൽ ‘രാമോ യേന വിഡംബിതോപി വിധിനാ ചാന്യേ ജനേ കാ കഥാ’ എന്നൊരു ശ്ലോകമുണ്ട്.”

കേശവപിള്ള: (തന്നെ കളിയാക്കുന്നു എന്നുള്ള നീരസത്തോടുകൂടി) “പ്രമാണങ്ങൾ ഒരുവഴി കിടക്കും. ഇതിന് എളുപ്പത്തിൽ നിവൃത്തിയുണ്ട്.”

കേശവൻകുഞ്ഞ്: (അസാധ്യമെന്നുള്ള ഭാവത്തിൽ) “നിവൃത്തിയോ? ‘സർവ്വഃ കാലവശേന നശ്യതി നരഃ കോ വാ പരിത്രായതേ.'”

അശ്വഹൃദയമന്ത്രജ്ഞനായ നളനെ അക്ഷഹൃദയജ്ഞനായ ഋതുപർണ്ണൻ തോൽപിച്ചതുപോലെ കേശവൻകുഞ്ഞിന്റെ സംസ്കൃതത്തിനു തന്റെ ഗണിതവിദ്യാമഹാജാലത്തെ ഒന്നു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/122&oldid=158386" എന്ന താളിൽനിന്ന് ശേഖരിച്ചത്