താൾ:Dharmaraja.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രകടിപ്പിക്കയോ എന്നു കേശവപിള്ള വിചാരിച്ചു. ഇങ്ങനെയുള്ള മത്സരബുദ്ധി ഉണ്ടായതിനിടയിലും ദുഃഖങ്ങളോടു നിരന്തരപരിചിതനും മഹാമനസ്കനുമായ ആ യുവാവ് കേശവൻകുഞ്ഞിന്റെ ദുരാപത്തിൽ അനുകമ്പാർദ്രനായി പിന്നേയും തന്റെ കാര്യവാദത്തെ തുടർന്നു: “നിങ്ങൾ വിദ്വാനാണല്ലോ—”

കേശവൻകുഞ്ഞ്: “നിങ്ങൾ കുറഞ്ഞ വിദ്വാനോ? ഭോജൻ, വിക്രമാർക്കൻ, പാണ്ഡ്യൻ, അനംഗഭീമൻ, കുസുമേന്ദ്രസാഹി മുതലായ രാജസദസ്യരെ എല്ലാം ഏത്തമിടീക്കാൻപോന്ന ഉദ്ദണ്ഡകേസരിയല്ലയോ നിങ്ങൾ? കാട്ടുരാജനു കരടകമന്ത്രി!”

കേശവപിള്ള: (ആശ്ചര്യമായ വിധത്തിൽ ക്ഷമയെ വരിച്ചുകൊണ്ട്) “പിന്നെ—ആ പേരിനെ വലിച്ചിഴയ്ക്കണ്ട. ചീത്തയാകും.”

കേശവൻകുഞ്ഞ്: “എന്ത്! ഉലകുടയപെരുമാള് ഉലകുടപെരുമാൾതന്നെ, അപ്പേരിനെ നമ്മുടെ ശണ്ഠയിൽ കൊണ്ടുവരികേ!— ഏയ്—ഏയ്—

‘ഉലകുടപെരുമാൾ വാഴുംകാലം
പല കുടയില്ല ധരിത്രിയിലെങ്ങും
വിലപിടിയാത്ത ജനങ്ങളുമില്ല. . .’

എന്നൊക്കെ നമ്പ്യാരാശാനും വർണ്ണിക്കുന്നു.”

കേശവപിള്ള: (ഇയാൾ മാമാവെങ്കിടന്റെ മുട്ടുമുറി എന്നു കുണ്ഠിതപ്പെട്ടുകൊണ്ട്) “ശ്ലോകവും പാട്ടും വേറെ സാവകാശത്തിലാവാം. ഞാൻ വന്നിരിക്കുന്നത് കുറച്ചു ഗുണദോഷം പറവാനാണ്. ഒരു സ്നേഹിതന്റെ നിലയിൽ കേൾക്കാമെങ്കിൽ അതെന്തെന്നു പറയാം—”

കേശവൻകുഞ്ഞ്: “ഗുണപാഠമെങ്കിൽ കേൾക്കട്ടെ. സംസ്കൃതമോ എലക്കണമോ?”

കേശവപിള്ള: “ഒരു മണിപ്രവാളകാര്യമാണ്. കഴക്കൂട്ടത്തുപിള്ളയുടെ അനന്തമുദ്രമോതിരത്തിന്റെ സംഗതി—”

കേശവൻകുഞ്ഞ്: “അനന്തശയനചരിത്രമാണെങ്കിൽ ബ്രഹ്മാണ്ഡപുരാണത്തിൽ എന്തു പറഞ്ഞിട്ടുണ്ടെന്നു ഞാൻ പറയാം. ഗരുഡമുദ്രമോതിരത്തിന്റെ കഥ ഗാരുഡപുരാണത്തിലായിരിക്കണം— അതെനിക്കു രൂപമില്ല.”

കേശവപിള്ള: “അനന്തമുദ്ര—ഗരുഡമുദ്രയല്ല. ആ മോതിരത്തെ വിറ്റതെന്തിന്? ആര്? അതു പറഞ്ഞാൽ ഇന്നുതന്നെ വീട്ടിൽ പോകാം.”

കേശവൻകുഞ്ഞ്: “അത്രയും കൊണ്ടു പോകാൻ ഒക്കൂല്ല. അതു പറയുമ്പോൾ, അണ്ണാവയ്യനെ കൊന്നതാര്? എത്ര കുടം ചോരവാർന്നു? ആരു കവിൾക്കൊണ്ടു? ഏതു ഭീമസേനൻ അടർക്കളത്തിൽ നടനംചെയ്തു? ഈ ചോദ്യങ്ങളെല്ലാം വരും. ഭാരതകഥയേ ആപൽപര്യവസായിയാണ്. രാത്രി സംസാരിപ്പാൻ കൊള്ളുന്ന കഥ വല്ലതുമുണ്ടെങ്കിൽ അഴിക്കണം.”

ഈ ഉത്തരം കേട്ട് കേശവപിള്ള കുറച്ചുനേരം ആലോചനയോടുകൂടിയിരുന്നു. കേശവൻകുഞ്ഞ് പരമാർത്ഥവാദിയാകകൊണ്ട് ഉത്തരമൊന്നും പറയാതെ ഒഴിയുന്നതാണെന്നും ഞെരുക്കിയാൽ സത്യമായ ഉത്തരം കിട്ടുമെന്നും ഊഹിച്ചു: “നിങ്ങൾ കുറ്റക്കാരനല്ലെന്നു സ്ഥാപിപ്പാനാണ് എന്റെ ശ്രമം. അതുകൊണ്ടു തർക്കംകൂടാതെ സത്യം പറയണം. മോതിരം എന്തിനു വിറ്റു? ആരുടെ വക?”

കേശവൻകുഞ്ഞ്: (അധികമായ പുച്ഛഭാവത്തിൽ) “പത്മനാഭസ്വാമി എപ്പോഴും പള്ളിയുറക്കംകൊള്ളുന്നതെന്ത്? ഇന്ന് എങ്ങാണ്ടോ വീണ ഇടി ആരാണു വീഴ്ത്തിയത്? ഇപ്പോൾ ആദിത്യഭഗവാൻ ഉണ്ണുന്നോ ഉറങ്ങുന്നോ?”

കേശവപിള്ള: “മോതിരത്തോട് ഒരു സംബന്ധവുമില്ലെന്നു നടിക്കുന്നതു പോട്ടെ—നിങ്ങൾ ഉണ്ടാക്കിച്ച പുത്തൻ മോതിരങ്ങളെ എന്തു ചെയ്തു?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/123&oldid=158387" എന്ന താളിൽനിന്ന് ശേഖരിച്ചത്