Jump to content

താൾ:Dharmaraja.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വാസമുള്ളു എന്നും ആ പുള്ളിയുടെ പേർ പുറത്തു പറയുന്നത് അദ്ദേഹത്തിനു സമ്മതമല്ലെന്നും, അതുകൊണ്ട് തന്നാണ്ടത്തെ കണക്കുകൾ അത്രയും ഒന്നു പരിശോധിച്ച്, പ്രധാനപുള്ളികൾ സംബന്ധിച്ച് അങ്ങോട്ടുമിങ്ങോട്ടുമുള്ള കടപ്പാടിന്റെ ആകത്തുക ഒന്നു വരുത്തിക്കൊടുക്കണമെന്നും ആ കാര്യസ്ഥന്മാർ അപേക്ഷിച്ചു. സേവിക്കാൻ സങ്കൽപിക്കപ്പെടുന്ന ദൈവം പ്രത്യക്ഷനാകുന്നപോലെ ഈ സന്ദർഭം തനിക്കു കിട്ടിയത് അപാരദൈവയോഗമാണെന്നു സന്തോഷിച്ച്, ഝടിതിയിൽ ഭക്ഷണവും കഴിച്ച്, കേശവപിള്ള തനിക്കു കണക്കുവിഷയത്തിലുള്ള സവ്യസാചിത്വത്തെ അത്യന്തം കർണ്ണനീരസമായുള്ള ഒരു നാസാമുരളലോടുകൂടി പ്രയോഗിച്ചുതുടങ്ങി. ആ പരിശോധനയിൽ കേശവപിള്ളയുടെ ബുദ്ധിയിൽ ചില ഫലദർശനങ്ങൾ അത്ഭുതസംഗതികളായി പതിഞ്ഞു. ഒന്നാമതായി, താൻ സംശയിച്ചിരുന്നതിനു വിപരീതമായി ഹരിപഞ്ചാനനന്റെ നാമധേയം ആ ഓലച്ചുരുണകളിൽ എങ്ങുംതന്നെ കാൺമാനില്ലായിരുന്നു. രണ്ടാമതായി, കേശവൻകുഞ്ഞ് ആ ബ്രാഹ്മണനോടു കടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കണക്കിൻപ്രകാരം ആ വാണിജ്യസംഘം നന്തിയത്തേക്കു പതിമൂവായിരം രാശിയിൽ കൂടുതൽ കടപ്പെട്ടിട്ടുമുണ്ട്. മൂന്നാമതും മുഖ്യവുമായി, പേർ പറയാതെ ഒരു പുള്ളിയിൽ പറ്റും വരവും എഴുതി അയ്യായിരം വരാഹനോളം അണ്ണാവയ്യനു വസൂലാകേണ്ടും മുതലായി നിൽപ്പ് എഴുതിയിരിക്കുന്നു. പൂജ്യപ്പേരിട്ട പുള്ളി പൂജ്യനായ ഹരിപഞ്ചാനനനായിരിക്കണമെന്ന് കേശവപിള്ള അനുമാനിച്ചു. മൂന്നാമത്തെപ്പേരിലുള്ള ആകത്തുക കേട്ടപ്പോൾ, അവ്യക്തമായ ചില ക്ഷോഭങ്ങളോടുകൂടി പാക്കീർസാ കൈ തിരുമ്മി. തന്റെ സ്വകാര്യനിരൂപണത്തെ പരേംഗിതഗ്രാഹിയായ അവന്റെ മനോദർപ്പണം സൂക്ഷ്മഗ്രഹണംചെയ്തു എന്നും കേശവപിള്ള വ്യാഖാനിച്ചു. ഇങ്ങനെ ഒരു സംഭവമുണ്ടായത് തനിക്ക് അന്ന് രണ്ടാമത്തെ മഹാഭാഗ്യോദയമെന്ന് കേശവപിള്ള പ്രമോദിച്ചപ്പോൾ അവിടെ കൂടിയിരുന്ന സകലരുടേയും കർണ്ണങ്ങളും കണ്ണുകളും പൊടിയുംവണ്ണം ഒരു മിന്നൽ, ഇടിരവത്തോടുകൂടി അടുത്തുള്ള അനേകം നാളികേരവൃക്ഷങ്ങളെ ഏകസമയത്തു ഭസ്മീകരിച്ചു. താൻ സന്തോഷിച്ചതിനു വിപരീതമായി ദൈവവിരോധലക്ഷണം കാണപ്പെടുകയാൽ കേശവപിള്ളയുടെ മനസ്സു ചഞ്ചലപ്പെട്ടു. കടിഞ്ഞാണിൽ നിൽക്കാത്ത അശ്വത്തെ ശാസനംചെയ്യുംപോലെ പക്കീർസാ ആ സംഹാരശക്തിപ്രദർശനത്തിൽ സഹൃദയത്വം കൊണ്ടോ, അന്തരീക്ഷകോപത്തിനു പ്രതിക്രാധമായോ ഹിന്ദുസ്ഥാനിയിൽ ചില ഉദ്ഗാരങ്ങളെ ഘോഷിച്ചു.

അന്നസ്തമിച്ചു നാലഞ്ചുനാഴിക ഇരുട്ടിയപ്പോൾ കേശവപിള്ള കേശവൻകുഞ്ഞിന്റെ കാരാഗൃഹത്തിലേക്കു പുറപ്പെട്ടു. ബന്ധനസ്ഥനെ കാത്തുനിന്നിരുന്ന കുഞ്ചൂട്ടക്കാർ രാജമതം അറിഞ്ഞിരുന്നതുപോലെ കേശവപിള്ളയെ കണ്ടമാത്രയിൽത്തന്നെ ആ ഉദ്യോഗസ്ഥനെ ആദരപൂർവ്വം അകത്തേക്കു കൂട്ടിക്കൊണ്ടുപോയി, പ്രകാശിച്ചെരിയുന്ന ദീപത്തിന്റെ സമീപത്ത്, ഗ്രന്ഥരസാനുഭൂതിയിൽ ലയിച്ചിരുന്ന കേശവൻകുഞ്ഞിന്റെ മുമ്പിൽ പ്രവേശിപ്പിച്ചു. ഓരോ സ്ഥലങ്ങളിൽവച്ചു കാണുകമാത്രംകൊണ്ടുള്ള പരിചയക്കാരായ ആ രണ്ടു പേരും ആ സമാഗമത്തിൽ മുഖത്തോടുമുഖം നോക്കി അനന്തരകരണീയമായുള്ള മര്യാദയെക്കുറിച്ചു വിവേകശൂന്യന്മാരായതുപോലെ സ്ഥിതിചെയ്തു. ഊർജ്ജിതവും കഠിനവുമായുള്ള മഹാരാജാജ്ഞയെ അനുസരിച്ച് തന്നെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥിതിക്ക് അന്യനായ ഒരു പുരുഷന്റെ ആഗമനം തനിക്ക് അനിഷ്ടമായുള്ള ഫലത്തെ സൂചിപ്പിക്കുന്നു എന്ന് കേശവൻകുഞ്ഞ് പ്രഥമത്തിൽത്തന്നെ വിചാരിച്ചു. എന്നാൽ മഹാരാജാവിനോടുണ്ടായ സംഭാഷണത്തിൽ നാമപ്രസ്താവനമുണ്ടായ കേശവപിള്ളയാണു പോന്നിരിക്കുന്നതെന്നു കണ്ടപ്പോൾ മര്യാദയെ ലംഘിക്കുന്നതു വിഹിതമല്ലെന്നു വിചാരിച്ച് ആ യുവാവ് എഴുന്നേറ്റു കേശവപിള്ളയെ ഇരിക്കുന്നതിനു സൽക്കരിച്ചു. മാമാവെങ്കിടനാൽ തനിക്കു സങ്കൽപിക്കപ്പെട്ട കന്യകയുടെ കാമുകന്റെ സുഭഗത കണ്ട് കേശവപിള്ള പരമാത്ഭുതവശനായി, മന്ദസ്മിതത്തോടുകൂടി അയാളുടെ ഹസ്തഗ്രഹണംചെയ്‌വാൻ ഉദ്യമിച്ചു. “തൊടരുത്, ചോര പുരണ്ട കൈയല്ലയോ?” എന്നു പറഞ്ഞുകൊണ്ട് കേശവപിള്ളയ്ക്ക് അസംബന്ധമെന്നു തോന്നിയ ഒരു ധാർഷ്ട്യത്തോടുകൂടി കേശവൻകുഞ്ഞ് കൈകളെ പിൻവലിച്ചു. കേശവൻകുഞ്ഞിന്റെ കഷ്ടാവസ്ഥയെക്കുറിച്ചു സഹതാപത്തോടുകൂടി “ചിലതു പറവാനുണ്ട്—അതിനാണ് ഞാൻ വന്നിരിക്കുന്നത്”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/121&oldid=158385" എന്ന താളിൽനിന്ന് ശേഖരിച്ചത്