താൾ:Dharmaraja.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്ന് അത്താഴവും കഴിഞ്ഞു രാഘവരുണ്ണിത്താൻ മന്ത്രക്കൂടത്തു തന്നെ താമസിച്ചു. മീനാക്ഷിയും കുപ്പശ്ശാരും തിരുവനന്തപുരത്തുണ്ടെന്നും, അടുത്തദിവസം മടങ്ങിയെത്തുമെന്നും ചന്ത്രക്കാന്റെ ഒരു ഭൃത്യൻ വന്നു മന്ത്രക്കൂടത്തു തെര്യപ്പെടുത്തി. മീനാക്ഷി വന്നു കണ്ടതിന്റെശേഷം ആ സ്ഥലത്തുനിന്നും തിരിക്കാമെന്നു നിശ്ചയിച്ചാണ് ഉണ്ണിത്താൻ അവിടെ താമസിച്ചത്.

ഇതിനിടയിൽ ഹരിപഞ്ചാനനയോഗീശ്വരന്റെ തപോമന്ദിരത്തിൽ നടന്ന രണ്ടു സംഭവങ്ങളെ വർണ്ണിച്ചുകൊള്ളട്ടെ. ഉമ്മിണിപ്പിള്ളയുടെ നാസികയ്ക്കു പക്ഷാഘാതം സംഭവിച്ചു എന്നു കണ്ട ഉടനെതന്നെ ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയുമായി മർമ്മവിദ്യാവിദഗ്ദ്ധനായ യോഗീശ്വരനെക്കണ്ടു ചികിത്സോപദേശത്തെ പ്രാർത്ഥിച്ചു.

ഉമ്മിണിപ്പിള്ളയ്ക്കു നേരിട്ട ആപത്തിനെക്കുറിച്ചു യോഗീശ്വരൻ സകരുണം അനവധി ചോദ്യങ്ങൾ ചെയ്തു. അതിന്റെ നിവാരണത്തിന് അധികസമയം ഗാഢചിന്തനവുംചെയ്തു. നാസാവൈരൂപ്യം സംഭവിച്ചിരിക്കുന്നതു മരണലക്ഷണമെന്നു വ്യാഖ്യാനിക്കപ്പെടാമെങ്കിലും, ആ ഭയം മനസ്സിനെ ബാധിക്കേണ്ടെന്നും, ആ സംഭവം മഹമ്മദീയമുഷ്കരന്റെ കരസ്പർശം കൊണ്ടുണ്ടായിട്ടുള്ളതല്ലെന്നും, കേവലം മുഖവാതാരംഭത്തിന്റെ ലക്ഷണമാണെന്നും, അതിലേക്കു ചിലക്ഷാരസിന്ദൂരാദികൾ സേവിച്ചു ക്രമേണ പരിഹാരം ഉണ്ടാക്കേണ്ടേതാണെന്നും, യോഗീശ്വരൻ വിധിച്ചു. ഉമ്മിണിപ്പിള്ളയുടെ സന്താപത്തിന് ഇങ്ങനെയാണു ശാന്തി അരുളിച്ചെയ്തതെന്നുവരികിലും, അദ്ദേഹത്തിന്റെ പാദങ്ങളിൽ അന്നു രാത്രി കുപ്പശ്ശാർ വീണുരുണ്ട്, ക്രന്ദനം ചെയ്ത്, മീനാക്ഷിയോടു പ്രയോഗിച്ച കർണ്ണമന്ത്രത്തെത്തുടർന്ന് ആ കന്യകയുടെ പ്രണിധിയായി, ഒരപേക്ഷ ചെയ്തപ്പോൾ അവർ തമ്മിൽ ദീർഘമായ ഒരു സംഭാഷണം നടന്ന്, അവസാനത്തിൽ ഹരിപഞ്ചാനനൻ ആലോചനയിൽ മഗ്നനായി ഇരുന്നു. അപേക്ഷയെ നിർവ്വഹിച്ചില്ലെങ്കിൽ, മീനാക്ഷി ജീവത്യാഗംചെയ്തുകളയുമെന്നും, അത്രത്തോളവും അതിലധികവും പ്രവർത്തിക്കുന്നതിന് ആ കന്യക സന്നദ്ധയായിരിക്കുന്നു എന്നും കുപ്പശ്ശാർ ഉണർത്തിച്ചു. ഹരിപഞ്ചാനനന്റെ ശിലാഹൃദയം ഉരുകി. മീനാക്ഷിയുടെ ഇംഗിതത്തിനു സിദ്ധി ഉണ്ടാകുമെന്ന് അദ്ദേഹം അനുഗ്രഹം ചെയ്തു. കുപ്പശ്ശാർ അവിടെനിന്നു പിരിയുന്നതിനു മുമ്പിൽ യോഗീശ്വരൻ ഇങ്ങനെ ഒരു കല്പനക്കൂടിക്കൊടുത്തു: “അമ്മിണിയെ ആരുക്കാവത് ദത്തം ചെയ്യക്കൂടാത്. നമതു യജ്ഞം മുടിയട്ടും. അപ്പാൽ തകിന്തപടി നാമേ സുമാർശെയ്‌വോം. ഭദ്രം!” പിന്നെയും എന്തോ ചിലതു പറവാൻ ആലോചിച്ചിട്ട്, ഉള്ളിലുണ്ടായ വികാരവിക്ഷോഭംകൊണ്ട്, ആ പ്രാരബ്ധനിവൃത്തനും ‘പരവശ’പ്പെട്ടു നിന്നു. കുപ്പശ്ശാർക്കു ചില വസ്ത്രങ്ങളും കുറച്ചു ദ്രവ്യവും സമ്മാനിച്ചും, അയാളെ വാതൽപ്പടിവരെ അനുഗമിച്ചു തലോടി പരിരംഭണവും ചെയ്തും, യോഗീശ്വരൻ യാത്രയാക്കി. കുപ്പശ്ശാരുടെ ഭൃത്യഭക്തിയെ ഇതിലധികംകൊണ്ടു അഭിമാനിക്കേണ്ടതല്ലയോ?

അടുത്തദിവസം ഉദിച്ച് ഏഴെട്ടുനാഴിക ചെന്നപ്പോൾ മീനാക്ഷിയുടെയും കുപ്പശ്ശാരുടെയും തിരിയെയുള്ള യാത്രയുണ്ടായി. വൃദ്ധയുടേയും ഇവരുടേയും പുനസമ്മേളനത്തിൽ ഇരുഭാഗത്തേക്കും വിഷമങ്ങളൊന്നുമുണ്ടാകാതെയും, വൃദ്ധയാൽ മീനാക്ഷിക്കുട്ടി ശാസിക്കപ്പെടാതെയും സൂക്ഷിക്കുന്നതിനു മനഃപൂർവ്വം അവിടെ താമസിച്ചിരുന്ന ഉണ്ണിത്താന്റെ സാന്നിദ്ധ്യംകൊണ്ട്, കോപപ്രദർശനമൊന്നും കൂടാതെയും, എന്നാൽ സ്വൽപമായ അന്യഥാഭാവത്തോടും വൃദ്ധ മീനാക്ഷിയെ സ്വീകരണംചെയ്തു. തന്റെ പുത്രനാൽ സ്വയംവരണം ചെയ്യപ്പെട്ട കന്യക ഉണ്ണിത്താന്റെ നേത്രങ്ങൾക്കു സാവിത്രി എന്ന മാതാവിനേയും ബഹുമണ്ഡലങ്ങക്കപ്പുറം ദൂരീകരിക്കുന്നതും രംഭയ്ക്കു പകരം നിയോജ്യയായിരുന്നെങ്കിൽ നിത്യബ്രഹ്മചാരിയായ ശുകബ്രഹ്മർഷിയേയും പ്രാപഞ്ചികനാക്കുവാൻ പോരുമായിരുന്നതും ആയ ഒരു സൗന്ദര്യധാമമെന്ന്, അത്യാശ്ചര്യാനന്ദങ്ങളെ ഉല്പാദിപ്പിച്ചു. അദ്ദേഹം ആ പ്രൗഢകന്യകയെ സമീപത്തു വിളിച്ച്, കരുണാപൂർവ്വം തലോടി, സന്തോഷപ്രദമായുള്ള തന്റെ നിശ്ചയങ്ങളെ ധരിപ്പിക്കയും, തന്റെ വാഗ്ദത്തത്തെ അനുസരിച്ചു ഗൂഢമായി ചില ശാസനോപദേശങ്ങൾ നൽകുകയും ചെയ്തു. ഇതു കണ്ടും കേട്ടും നിന്ന കുപ്പശ്ശാർ വേദാന്തഗ്രഹണമോ കീർത്തനകഥനമോ കൂടാതെ ‘പടിയാറും കടന്ന്’ കൈലാസപ്രാപ്തനാവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/118&oldid=158381" എന്ന താളിൽനിന്ന് ശേഖരിച്ചത്