Jump to content

താൾ:Dharmaraja.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലുവശം; പ്രായം തികഞ്ഞ പുരുഷന്മാർ പരിണയംചെയ്യേണ്ട ആവശ്യത്തെപ്പറ്റി മറ്റൊരോല അങ്ങനെ; അച്ഛനമ്മമാരുടെ ഇഷ്ടത്തെ അനുകരിക്കേണ്ട മുറകളെപ്പറ്റി മറ്റൊരോല; എങ്ങാണ്ടൊരു പെണ്ണു സൗന്ദര്യവതിയായിരിക്കുന്നതിനെക്കുറിച്ചുള്ള വർണ്ണന, കുനുകുനെ, പൊടി അക്ഷരത്തിൽ, അവളുടെ സൗശീല്യാദി ഗുണവും മറ്റും വർണ്ണിച്ച് ഒരു കവിത—എത്ര ഓല എന്നു ഞാൻ എണ്ണീല്ല. ചേച്ചീടെ മകടെ മകള് ഒന്നുണ്ട്, അവളെ കൂട്ടിക്കൊണ്ടു വീട്ടിൽ പോരണമെന്നു താല്പര്യമുണ്ട്. അതിനനുവദിക്കണം; എന്നു മാത്രം എഴുതിയിരുന്നാൽ ഇതിനുമുമ്പിൽത്തന്നെ ആ ക്രിയയും നടന്ന്, ഇപ്പോഴത്തെ അനർത്ഥങ്ങളും അവമാനങ്ങളും കൂടാതെ കഴിയുമായിരുന്നു. ചന്ത്രക്കാറൻ തടുത്താലും ഇവിടെക്കിടന്ന് തടുക്കുകേ ഉള്ളു. സംഗതികൾ അവിടെ സുഖമായി നടക്കും.”

വൃദ്ധ:“കേശവൻകുഞ്ഞിനെ കുറ്റപ്പെടുത്തേണ്ട. ഞങ്ങൾ ഉണ്ണി’ക്കു ‘ചേച്ചി’യാണെന്നും മറ്റും അയാൾ ഒടുവിലത്തെ ദിവസം സന്ധ്യക്കേ അറിഞ്ഞൊള്ളു. എന്റുണ്ണി ഇപ്പോൾത്തന്നെ തിരുവനന്തപുരത്തേക്കു പോണം. പട്ടണങ്ങളേ ചീത്ത സ്ഥലങ്ങളാണ്. മീനാക്ഷി ̧ പക്ഷേ ̧ തനിച്ചായിരിക്കാം. അവൾ കണ്ടാൽ കുറച്ചു ഭേദവുമാണ്. ഉണ്ണിക്കു കാണുമ്പോൾ മനസ്സിലാവും.”

ഉണ്ണിത്താൻ: “സാവിത്രിയുടെ ഛായയാണെങ്കിൽ എനിക്കു കാണാതെതന്നെ കഥ എന്തെന്നു നിശ്ചയിക്കാം.”

വൃദ്ധ: “സാവിത്രിയൊ? –” എന്നു പറഞ്ഞുതുടങ്ങീട്ട് തന്റെ ദൗഹിത്രിയുടെ സൗന്ദര്യത്തെ താൻ വർണ്ണിക്കുന്നതുചിതമല്ലെന്നു വിചാരിച്ചു വിരമിച്ചു. ഇങ്ങനെ സംഭാഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വൃദ്ധ ഉണ്ണിത്താനെ പിടിച്ചണച്ച്, ഗദ്ഗദത്തോട് ഒരു ചോദ്യം ചെയ്തു: “സാവിത്രിയുടെ അമ്മാവനെ കണ്ടിട്ടുണ്ടോ?”

ഉണ്ണിത്താൻ: “ഉണ്ട്.”

വൃദ്ധ: “എന്റെ വലിയാങ്ങളെ —അദ്ദേഹം കുലത്തിനൊത്ത കരുത്തോടുതന്നെ കൊലവാൾ ഏറ്റോ?”

ഉണ്ണീത്താൻ: “ചേച്ചി അതൊന്നും ചോദിക്കരുത്. അക്കാലം ഒരു പ്രളയകാലമായിരുന്നു. കഴിഞ്ഞതെല്ലാംകഴിഞ്ഞതായിരിക്കട്ടെ. ഇങ്ങേഭാഗത്തും നിലയില്ലാത്ത ദ്രോഹപ്രവൃത്തികളുണ്ടായിരുന്നു. ചേച്ചിയുടെ ഭർത്താവ്, ശകുനിയും കർണ്ണനും ഭീക്ഷ്‌മരും ഒന്നായിച്ചേർന്ന് ഒരു മഹാകൗരവനായിരുന്നു. അദ്ദേഹത്തിന് എല്ലാം തടുക്കാൻ കഴിയുമായിരുന്നു. പെരുവെള്ളത്തള്ളൽ കണ്ടപ്പോൾ നിങ്ങളേയും കൊണ്ട് നന്തിയത്തു പോന്നു. വെള്ളക്കൂത്തു മുറുകിയപ്പോൾ അവിടന്നും കടന്നു. ഇപ്പോൾ നിലകൊണ്ടിരിക്കുന്ന സ്ഥിതിതന്നെ എല്ലാം കൊണ്ടും ഉത്തമമെന്ന് ആശ്വസിക്കണം.”

അല്ലയോ ബുദ്ധിയും വിദ്യയും സമ്പത്തുംകൊണ്ടു സമൃദ്ധനായ പ്രഭുവേ! അങ്ങയുടെ ഒടുവിലത്തെ അഭിപ്രായത്തിൽ ഒരു തെറ്റുണ്ടെന്ന് അങ്ങ് അറിയുന്നില്ലല്ലൊ? അങ്ങ് ഉത്തമപുരുഷന്മാരുടെ ഉത്തംസംതന്നെ എന്നു സമ്മതിക്കാം. പക്ഷേ, ആരുംതന്നെ പരിപൂർണ്ണബുദ്ധിമാനെന്നും, സർവ്വസാക്ഷി എന്നും നടിച്ചുപോകരുത്. അങ്ങിരിക്കുന്ന ഭവനത്തിന്റെ അല്പം കിഴക്കുമാറി, ഒരു വലിയ പറമ്പു മുഴുവൻ വ്യാപിച്ചുനില്‌ക്കുന്ന ഒരു വടവൃക്ഷം ബഹുശതവർഷങ്ങൾക്കു മുമ്പിൽ, ഒരു സാധുപ്രാണിയുടെ വായിൽനിന്നും പതനംചെയ്ത് എൺമണിയിലും ചെറുതായ ഒരു ബീജത്തിൽനിന്നും മുളച്ചു വളർന്നിട്ടുള്ളതാണ്. അങ്ങനെ ഒരു സ്വല്പജന്തുവിനും, പ്രത്യേക ഉദ്ദേശ്യം കൂടാതെയും ഒരു മഹത്പ്രതിഷ്ഠാപനം സാധിക്കുമെന്നുവരികിൽ, പ്രതിക്രിയൈകവ്രതനും ദൃഢനിഷ്ഠനും ആയും, മൂലത്രിഗുണശക്തികൾ ഏകീകരിച്ചും ഉള്ള ഒരു ബുദ്ധന്റെ ആത്മാവ് ഭൂലോകത്തിൽ അവശേഷിക്കാതെ, എല്ലാം നിലകൊണ്ടു എന്നു നിർദ്ദേശിക്കുന്നതെങ്ങനെ? കുട്ടിക്കോന്തിശ്ശന്റെ കൗരവത്വമോ രൗരവത്വമോ—എന്തെങ്കിലുമാകട്ടെ—അതിനെ, സന്ദർഭം വരുമ്പോൾ വർണ്ണിക്കാൻ, ചില വിശേഷണപദങ്ങളെക്കൂടി സംഭരിച്ചുകൊള്ളുക.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/117&oldid=158380" എന്ന താളിൽനിന്ന് ശേഖരിച്ചത്