മനസ്സിരങ്ങി ഞങ്ങളെ ഇവിടെ പാർപ്പിച്ചു. ഞങ്ങൾ പോകുമ്പോൾ തുണ നന്തിയത്തുനിന്നായിരുന്നു. വന്നപ്പോഴും നന്തിയത്തെ സന്താനം ഞങ്ങൾക്കുതകുവാൻ വന്നുചേർന്നു. ദേവിയാണേ സത്യം—ഞാൻ അനുകൂലിച്ചില്ല—കേശവൻകുഞ്ഞിനെ ഇവിടെ കേറരുതെന്നു ചട്ടംകെട്ടി വെള്ളമൊഴിച്ച കൈയ്ക്കു കടിച്ചുകൂടെന്നു വിചാരിച്ചു. എനിക്കറിയാം—അവനും അവളും കണ്ണും കണ്ണമണിയുമായിപ്പോയി. അതു കളിയല്ലാ എന്നു വിചാരിച്ച്, ഞാൻ ആണയിട്ട് അവനെ വെളിയിലാക്കി. ഞങ്ങൾ ഏതുവഴിയും പോട്ടെ—ഉണ്ണി ഉടനെ പോയി കേശവൻകുഞ്ഞിനെ വിടുവിക്കണം. എന്റെ കുഞ്ഞ് എങ്ങോട്ടു പോയോ ദൈവമേ! കഴിയുമെങ്കിൽ അവൾ പോയ വഴിയും—”
വൃദ്ധ ക്ഷീണിച്ച് തന്റെ കഥയും അപേക്ഷയും നിറുത്തി. ഉണ്ണിത്താനും തന്റെ ഭാര്യയും വിവാഹത്തിനുമുമ്പിൽ പ്രണയബദ്ധരായിത്തീർന്ന്, ചില കുരങ്ങാട്ടങ്ങൾ ആടി, തങ്ങളുടെ ഭവനക്കാരെ വിഷമിപ്പിച്ച്, ഒടുവിൽ സംഘടിച്ചിട്ടുള്ള ദമ്പതിമാരാണ്. വൃദ്ധയും വൃദ്ധയുടെ ഭർത്താവും കുടുംബനിർബന്ധപ്രകാരം ചേർക്കപ്പെട്ട വല്ലഭനും ഗൃഹിണിയും ആയിരുന്നു. അതുകൊണ്ട് കാമദേവന്റെ പ്രേരണയിൽ യുവാക്കന്മാരും യുവതികളും എന്തു ചാപലങ്ങൾ കാട്ടിപ്പോകുമെന്ന് ആ സ്ത്രീക്ക് അറിവാൻപാടില്ലെങ്കിലും, ഉണ്ണിത്താന് സ്വാനുഭവത്താൽ നല്ലവണ്ണം ഊഹിക്കാമായിരുന്നു. അദ്ദേഹത്തിന്റെ അഭിരാമമായുള്ള ഗംഭീരമുഖം സരളങ്ങളായ അനവധി സൽപാഠങ്ങൾ അടങ്ങീട്ടുള്ള ഒരു ഗ്രന്ഥത്തിന്റെ മുഖപത്രമായിരുന്നു. ഗ്രഹണശക്തികൊണ്ട് ദൃഢമായ വൈശദ്യംകൂടി ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മറ്റു വിഷയങ്ങളെ പുരസ്കരിച്ച് ഇങ്ങനെ ചോദ്യംചെയ്തു: “കുട്ടൻ ബന്ധനത്തിലെന്നും മറ്റും മീനാക്ഷിക്കു മനസ്സിലായോ?”
വൃദ്ധ: “പറയാതെങ്ങനെ കഴിക്കും? നാലഞ്ചുദിവസത്തിനു മുമ്പ് തിരുവനന്തപുരത്തുകാരി ഒരു സ്ത്രീ വടക്കെങ്ങാണ്ടോ പോയി, തിരിച്ചു പോകുന്നവഴി ഇവിടെക്കേറി. കൊലക്കഥയും കൊല്ലാക്കഥയും അവരു വിസ്തരിച്ചുപറഞ്ഞു. അപ്പോൾ മുതൽ മീനാക്ഷി തിരുവനന്തപുരത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. അവരെ വിട്ടുപിരികയില്ലെന്നുമായി. എന്റെ അടുത്തുനിന്നു മാറി, അവരോടു രാപ്പകൽ വർത്തമാനമായി. അവർ ഇന്നലെ രാത്രി ഉറങ്ങുമ്പോൾ രാവിലെ എഴിച്ചുപോകുമെന്നു പറഞ്ഞുകൊണ്ടു കിടന്നു. ഉദിക്കുംമുമ്പു പോവുകയും ചെയ്തു.”
ഉണ്ണിത്താൻ: “എന്നാൽ പിന്നെ വ്യസനിപ്പാനൊന്നുമില്ല. ഭർത്താവിനെ വിടീക്കാൻ ആ സ്ത്രീയോടുകൂടി ഭാര്യ പോയിരിക്കയാണ്. അവരുടെ പുറകെ കുപ്പശ്ശാർ തടയാനും പുറപ്പെട്ടു. ഇത്രയേ ഉള്ളു കഥ. അതുകൊണ്ട് ജീവനെ കളയണ്ട — ‘ഭർത്താവ്’ എന്നും ‘ഭാര്യ’ എന്നും പറഞ്ഞതുകൊണ്ട് അവരുടെ വിവാഹം നടന്നു എന്നുതന്നെ വിചാരിച്ചുകൊള്ളണം. കുട്ടിയെ കണ്ടിട്ടില്ലെങ്കിലും ഞാൻ എല്ലാം അനുവദിച്ചു. ചേച്ചി ഇനി വ്യസനിക്കരുത്. ജ്യേഷ്ഠൻ അന്നുപകരിച്ചു. അതിലധികം ഇന്ന് അനുജൻ ഏൽക്കുന്നു. നിങ്ങൾ നന്തിയത്തു പോരണം. ആ കൊച്ചുകന്നത്തി ആരും അറിയാതെ ചാടിപ്പോയതു വെടിപ്പായില്ല. കുട്ടനും അതത്ര രസിക്കുമെന്നു തോന്നുന്നില്ല. തന്നെ അന്വേഷിച്ച് ഒരു പെണ്ണു പുറപ്പെടാൻ വേണ്ട യോഗ്യത തനിക്കുണ്ടല്ലൊ എന്ന് അയാൾ അഹങ്കരിക്കുന്നവനല്ല. എന്തായാലും അതെല്ലാം നാം ഇനി വകവെയ്ക്കേണ്ട. കുട്ടികളാകുമ്പോൾ പല ഗോഷ്ടികളും കാട്ടും.”
വൃദ്ധ: “പക്ഷേ, എല്ലാത്തിനടിയിലും ഒരു വലിയ കോന്ത്രമുണ്ട്—അതുക്കൂടി പറഞ്ഞേക്കാം. ഞങ്ങടെ കൈവശം ഉണ്ടായിരുന്ന ഒരു മോതിരം കേശവൻകുഞ്ഞു കൊണ്ടുപോയി അണ്ണാവയ്യനു വിറ്റു. അതാണു തിരുവനനതപുരത്തുള്ള ഇപ്പോഴത്തെ കലക്കത്തിനെല്ലാം അടിസ്ഥാനം. മോതിരം ആരുടേതെന്നു സമ്മതിക്കുമ്പോൾ ഞങ്ങൾക്കെങ്ങനെ കിട്ടി എന്നും, ഞങ്ങളാരെന്നും ചോദ്യങ്ങളിളകും. പിന്നത്തെ ഫലം ഉണ്ണിതന്നെ ഊഹിക്കൂ.”
ഉണ്ണിത്താൻ: “ചിലതെല്ലാം ഒളിക്കുന്നതുകൊണ്ടാണ് അനർത്ഥങ്ങളുണ്ടാകുന്നത്. വരുന്നതു വരട്ടെ എന്നുറച്ച് പരമാർത്ഥത്തെ മുഴുവൻ പറയണം. ആ ഉണ്ണിതന്നെ എന്തെല്ലാം വളച്ചുപുളച്ചാണ് എനിക്കെഴുതീട്ടുള്ളത്! അവന്റെ പ്രായവും സ്ഥിതിയും വർണ്ണിച്ചൊരോല