താൾ:Dharmaraja.djvu/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തുണ ഒന്നുണ്ടായിരുന്നതിനേയും—കൊന്നു കൈകഴുകിയേ–നാരായണാ!”

കുലീനതകൊണ്ടും വയോവൃദ്ധികൊണ്ടും കഷ്ടങ്ങളുടെ സഹനംകൊണ്ടും വന്ദ്യയായുള്ള ആ മഹതിയുടെ ദുഃഖത്തിൽ അവരെപ്പോലെ അഭിജാതനും സഹജഭാവാനുവർത്തകനും സൗഭാഗ്യപൂർണ്ണനും ആയ ഉണ്ണിത്താൻ പൂർവ്വചരിത്രങ്ങളെ വിസ്മരിച്ച് ശ്രീകൃഷ്ണകോപഗ്രസ്തനായ ഗയന് ആശ്രിതത്രാണനിപുണനായ അർജ്ജുനനെന്നപോലെ ഒരു അഭയപ്രതിജ്ഞ നല്കി ആശ്വസിപ്പിച്ചു: “ചേച്ചി വ്യസനിക്കേണ്ടേ. രാജ്യം ഇപ്പോൾ നല്ല ഭരണത്തിലാണ്. ദുരാപത്തുകൾ ഒന്നും വരികയില്ല. ചന്ത്രക്കാറൻ അവനെ കൊന്നിരിക്കയില്ല. ഞാൻ ഒന്നു ചോദിക്കട്ടെ. ഉണ്ണി ഇവിടെ വരാറുണ്ടായിരുന്നു ഇല്ലേ?”

വൃദ്ധ: “കർമ്മബന്ധം അങ്ങനെ വരുത്തിവച്ചു. ആ കുഞ്ഞിന് ആപത്തു വന്നപ്പോൾ എന്റെ മകൾ കുഞ്ഞിന്റെ ബുദ്ധിയും ക്ഷയിച്ചു.”

ഉണ്ണിത്താന് മകന്റെ അനുരാഗത്തെപ്പറ്റി ആ യുവാവിന്റെ എഴുത്തുകൾ കിട്ടിയിരുന്നു. കന്യക ഏതു ഭവനക്കാരി എന്നും മറ്റും എഴുത്തുകളിൽ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആ യുവാവിന്റെ പ്രണയാസ്പദമായ കാമിനി ആരെന്ന് ഉണ്ണിത്താന് വെളിപ്പെട്ടു. വൃദ്ധയ്ക്ക് ആ കന്യകയുടെ വേർപാടുകൊണ്ടു സംഭവിച്ചിരിക്കുന്ന ആപത്ത് തന്നെയും തുല്യദുഃഖനാക്കുന്നതുപോലെ ഉണ്ണിത്താനു തോന്നി.

ഉണ്ണിത്താൻ: “കുഞ്ഞ് എന്നു പറഞ്ഞത് ചേച്ചിയുടെ ഒടുവിലത്തെ മകളാണോ?”

വൃദ്ധ: “ഞങ്ങൾ ഇവിടന്നു പോയപ്പോൾ സാവിത്രിയും അവളുടെ ഭർത്താവുംകൂടിയുണ്ടായിരുന്നതറിയാമല്ലോ. അപ്പോൾ കൈക്കുട്ടികളായി ഉഗ്രശാന്തന്മാരെന്ന് എല്ലാവരും വിളിച്ചുവന്ന ത്രിവിക്രമനും ജനാർദ്ദനനും മാത്രം ഉണ്ടായിരുന്നു. അതിൽപിന്നെ ഞാൻ പ്രസവിച്ചില്ല. അവരെല്ലാം പൊയ്പോയി, ഉണ്ണീ–ദൈവം അങ്ങനെ വിധിച്ചു. ഭർത്താവും പോയി, ഞങ്ങൾ ഏകാന്തകളായി. ആദിത്യനും ചന്ദ്രനുംപോലെ ഇരുന്ന ഉഗ്രനേയും, എന്റെ മകൻ (തൊണ്ട ഇടറി ദുസ്സഹമായ വ്യഥയോട്) ശാന്തനേയും തീരാവിനക്കാറ്, — അയ്യോ—മഹാപാപികള്—ആ മറവന്മാര് കൊണ്ടേപോയി. ഏതുവഴി പോയോ എന്തോ? അവരുടെ അച്ഛൻ അങ്ങനെ പറഞ്ഞുകൊണ്ട്—അദ്ദേഹത്തിന്റെ സ്വഭാവമെല്ലാം അവിടെ അറിയാമല്ലോ—ലോകത്ത് ആണിനും പെണ്ണിനും ഇണങ്ങാത്ത സ്വഭാവം! ഞാൻ മാത്രം കഴിച്ചുകൂട്ടിയത് എങ്ങനെ എന്ന് ദൈവത്തിനറിയാം. ഒടുവിൽ ദുശ്ശീലം മുഴുത്ത്, ഇടയ്ക്കിടെ ഞങ്ങളെ വിട്ടുപോകും— അങ്ങനെ ഇരിക്കുമ്പോൾ തിരിച്ചുവരും. രാത്രി കാണാതെയാകും— ആറുമാസം കഴിയുമ്പോൾ പിന്നെയും വരും. മധുര, കാഞ്ചീപുരം, തൃക്കൊടിനല്ലൂര്, വൈഗാപുരം ഇങ്ങനെ ഓരോരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഞങ്ങളേയും വലിച്ചിഴച്ചു. ‘ഗോവിന്ദസ്വാമിഗുരു’ എന്ന് എല്ലാടത്തും പേരെടുത്തു. പണം വന്നു ചൊരിയുന്നതിനു കണക്കില്ലായിരുന്നു. അവിടങ്ങളിലെ ആളുകളെല്ലാം ഞങ്ങളെ വളരെ സഹായിച്ചു. നമ്മുടെ ആളുകൾപോലും അങ്ങനെയുള്ള മര്യാദയും ദയയും കാണിക്കൂല്ല. പാളയപ്പേട്ടക്കാരേയും നാവാഭന്മാരേയും കാണുകയോ എന്തെല്ലാം ചെയ്തു. തിരുവിതാംകോട് മുടിക്കണമെന്ന് ഒരേ വ്രതമായി. സാവിത്രിയെ വിചാരിച്ചെങ്കിലും അടങ്ങിപ്പാർക്കണമെന്നു ഞാൻ കാൽപിടിച്ചിരന്നിട്ടും ഒന്നും കേട്ടില്ല. അങ്ങനെയിരിക്കവേ മീനാക്ഷിയെ സാവിത്രി പ്രസവിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലവും കഴിഞ്ഞു. അപ്പോൾ സാവിത്രിയുടെ അച്ഛന് ഉത്സാഹം കൂടിത്തുടങ്ങി. പിന്നെ കാണുന്നതും അപൂർവ്വമായി. നാല്പതാമാണ്ട് എങ്ങാണ്ടോവച്ച് ഒരു ജ്വരംപിടിച്ച് ഞങ്ങളെ വിട്ടുപോയി. അന്നു മുതൽ ഇങ്ങോട്ടു പോരാൻ ആലോചന തുടങ്ങി. അടുത്തപോലെ സാവിത്രിയും അവളുടെ ഭർത്താവും രാമരുണ്ണിത്താൻ ഞങ്ങളുടെ സഹായത്തിന് അയച്ചിരുന്ന നായന്മാരും അച്ചിയും ഒരു കൊള്ളവസൂരിയിൽ മരിച്ചു. കുപ്പനേയും അതു പിടികൂടി, എങ്കിലും രക്ഷപ്പെട്ടു. ഞങ്ങൾക്കുള്ളതെല്ലാം വിറ്റുപിറക്കി, ഈയാണ്ട് ആദ്യം ഇങ്ങോട്ടു പോന്നു. ചാമുണ്ഡീശ്വരത്തിറങ്ങി, ഊട്ടുപുരയിലോ മറ്റോ താമസിച്ചുകൊണ്ട്, വല്ലെടത്തും ഒരു പറമ്പു വാങ്ങി കുടികെട്ടിപ്പാർക്കാമെന്നു വിചാരിച്ച് അവിടെ ചെന്നു—എന്റെ ശിവനേ! നശിപ്പിച്ചാലും ഇത്ര കൊടിയ നാശം ചെയ്യാമോ? അവിടെ ചന്ത്രക്കാറനും വന്നുകൂടി. എന്തോ,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/115&oldid=158378" എന്ന താളിൽനിന്ന് ശേഖരിച്ചത്