താൾ:Dharmaraja.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ന്നന്മാരായി, കന്യകകൾക്കും കാണത്തക്ക വിരക്തരായി, ഹസ്തങ്ങളിൽ അനുഗ്രഹങ്ങൾ വഹിച്ചുകൊണ്ടിരിക്കുമെന്ന് ആ ബാലിക പ്രമാദിച്ചിരുന്നു. തനിക്ക് ആലംബനമായി ഗണിച്ചിരുന്ന നീട്ടെഴുത്തുപിള്ള, യുവാവും വിശേഷിച്ചു സുന്ദരനും ആയിരിക്കുന്ന അനർത്ഥം കേവലം അസമ്പ്രേക്ഷിതമല്ലേ? എന്നാൽ തന്നെ സഹോദരഭാവത്തിൽ സൽക്കരിക്കുന്ന ആ യുവാവ് അനുചിതചേഷ്ടാവർജ്ജിതനായി കാണപ്പെട്ടത് വലിയൊരാശ്വാസമായി. അദ്ദേഹം തന്റെ സ്നേഹബഹുമാനങ്ങൾക്കും നിവേദനശ്രവണത്തിനും പാത്രമാണെന്നും മീനാക്ഷിക്കുട്ടിക്കു തോന്നിത്തുടങ്ങി. തന്റെ ഹൃദയം ഏതു യുവാവിന്റെ പ്രേമക്ഷേത്രമായിരിക്കുന്നുവോ, അയാളുടെ രൂപദർശനം തന്റെ ചിത്തത്തിൽ അങ്കുരിപ്പിക്കുന്നപോലുള്ള വികാരങ്ങൾ ഒന്നുംതന്നെ ഈ യുവാവിന്റെ ദർശനം ഉദിപ്പിക്കുന്നില്ല. എങ്കിലും ഭക്ഷണകാര്യത്തിൽ അദ്ദേഹം ആരംഭിച്ച സൽക്കാരം കഴക്കൂട്ടത്തു കുഞ്ഞമ്മയുടെ ആഭിജാത്യമർമ്മത്തിൽ ശൂലമുനപോലെ തറച്ചു. ആ കന്യകയുടെ വൈമനസ്യം കേശവപിള്ളയ്ക്കു സുഗ്രാഹ്യമായിരുന്നു. ആ മൂന്നാളുകളും അനന്തകരണീയത്തെ നിർണ്ണയിപ്പാൻ ശക്തരല്ലാതെ നില്ക്കുമ്പോൾ “. . . ഗണ്ഡമണ്ഡലമണ്ഡിതകുണ്ഡല— ചണ്ഡവൈരിഖണ്ഡന ഹരേ കൃഷ്ണ!” എന്നിങ്ങനെ വടക്കൻ കോട്ടയത്തിലമർന്നിരുന്ന രാജവംശകവികോകിലഗളോൽഗളിതവും, ഭക്തിമധുരിമാപ്രചുരവും ആയുള്ള ഒരു ഗാനത്തോടുകൂടി ഒരാളിന്റെ പുറപ്പാടുണ്ടായി. മാമാവെങ്കിടൻ ‘ക്രൂരയാകുന്ന നക്രതുണ്ഡി’ എന്നും മറ്റും പാടാറുള്ളത് ആ സ്ത്രീയെക്കുറിച്ചുള്ള സ്തോത്രങ്ങളാണെന്നു ഭഗവതിഅമ്മ വിചാരിച്ചിരുന്നു. ഈ പുറപ്പാടിലെ ഗാനം കേട്ട ഉടനേതന്നെ അർദ്ധനീരസഭാവത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “എന്ന ആഷ്ഷമിച്ച് അതാ അപ്പൂന്തൻ തൊറക്കുണു. ഈ കൊച്ചിനെ എന്തു ചെയ്യും? എക്കും പിടിച്ചോ വെന? നെല്ലിലോ പുല്ലിലോ പതുക്കാമോ?” (നെഞ്ചിൽ അടിച്ചുകൊണ്ട്) “ഇവിടെക്കെടന്നിപ്പം രാവണാട്ടമാടൂല്ലിയോ, വീമൻപട്ടര്?” മീനാക്ഷിയെ ഒളിക്കാൻ കഴിയുന്നതിനു മുമ്പിൽത്തന്നെ ഗൃഹസ്ഥവേഷത്തിൽ മാമാവെങ്കിടൻ പ്രവേശിച്ച് ആ രംഗത്തിലെ ശൈത്യമെല്ലാം ദൂരീകരിച്ചു. അദ്ദേഹത്തിന്റെ ഗാനത്തെ, വിശേഷിച്ചും “പാണ്ഡുപുത്രരാം ഞങ്ങളെ നീ മുകിൽവർണ്ണാ കൈവെടിഞ്ഞിതോ” എന്ന ഭാഗത്തെ രസജ്ഞയായ മീനാക്ഷിക്കുട്ടി കർണ്ണപീയൂഷമായി ആസ്വദിച്ചു സുഖിച്ചു. കേശവൻകുഞ്ഞിനെക്കൊണ്ട് തന്നെ പരിണയംകഴിപ്പിക്കണമെന്നു ഗുണദോഷിച്ച അ ബ്രാഹ്മണൻ തനിക്കു മിത്രമായിത്തന്നെ ഇരിക്കുമെന്നുള്ള ചിന്തയോടുകൂടി, അദ്ദേഹം പ്രവേശിച്ച ഉടനെ ആ കുട്ടി അദ്ദേഹത്തിനോട് ചേഷ്ടകൊണ്ട് സ്വാഗതോച്ചാരണം ചെയ്തു. ആ യുവതിയേയും കേശവപിള്ളയേയും ഒരുമിച്ചു കണ്ട മാത്രയിലുണ്ടായ മാമാവെങ്കിടന്റെ ഭാവരസങ്ങളും പ്രഹസനങ്ങളും, കൈകൊട്ടിക്കളിയും അവർണ്ണനീയങ്ങളായിരുന്നു. “അടെ തിരുട്ടുക്കാമാ—മായമയച്ചൂതാ—കൊണ്ടേവംതൂട്ടിയാ? കീഴട്ടുപ്പൂണിയെപ്പോട്ടു മെരട്ടിയുണ്ട്, മോടി വിദ്യയാലേ, കന്നി നിയാളെ ഇഴയ്ത്തുണ്ടേ വന്തുട്ടാക്കും? അടേ, വിവാഹത്തൂക്ക് ദക്ഷിണയാവതു ബ്രാഹ്മണനുക്കില്ലിയാ? ഓഹൊ! അതുവും പൊയ്‌വിട്ടുതെ.” (മീനാക്ഷിയോട്) “എന്നമ്മിണീ? ‘അനന്തഗുണനിധിപരന്തപൻ, ഇവനവന്തിജനപദപുരന്ദരൻ?—അണ്ണയ്ക്കു ശൊന്നാപ്പോലെ താൻ പറ്റിത്തൂട്ടിയേ? എൻ ശെൽവച്ചേലേ! കിഴവനെപ്പോട്ടുനീയും മെരട്ടൂട്ടിയേ? ആനാലും ‘അനൽപം വാമസ്തു ഭവ്യം മമ പ്രസാദേന.’" ഈ പ്രസംഗത്തിനിടയിൽ, എന്തു ക്രിയയെ അനുഷ്ഠിക്കേണ്ടതെന്നുള്ള പരിഭ്രമത്തോടുകൂടി മറ്റുള്ളവർ നിന്നു പോയി. ആ ബ്രാഹ്മണന്റെ കേശവൻകുഞ്ഞ്, തന്റെ മുമ്പിൽ നില്ക്കുന്ന യുവാവാണെന്നും, അല്ലാതെ തന്റെ പ്രണയാസ്പദമായ ലളിതസുന്ദരനല്ലെന്നും, ആ കമനന്റെ ആപന്മോചനത്തിനായി ഈ തുല്യവയസ്കനും തുല്യപ്രഭാവനും ആയ യുവാവിന്റെ അടുത്ത് അപേക്ഷിപ്പാൻപോകുന്നത് വിധിവിലാസത്തിന്റെ ഗതിവിശേഷമാണെന്നും മീനാക്ഷിക്കു തോന്നി. ഇനി മാമാവെങ്കിടൻതന്നെ തനിക്കൊരാധാരമെന്നുള്ള വിചാരത്തോടുകൂടി അവൾ ആ ബ്രാഹ്മണന്റെ അടുത്തണഞ്ഞ് “പോവോമാ മാമാ? കാലഗതിയാലെ വന്തുട്ടേൻ” എന്നുക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. മാമാവെങ്കിടൻ ആകപ്പാടെ കുഴക്കിലായി. എന്നാൽ ഭഗവതിഅമ്മയുടെ പാടവങ്ങൾക്ക് ഉണർച്ചയുണ്ടായി, മാമന്റെനേർക്കു തന്റെ കാലുഷ്യത്തെ പ്രവർഷിച്ചു: “കൂനിലെ കുരുപോലെ വന്നൂട്ടതു കണ്ടില്യോ. ഇക്കുന്തത്തിന് ഒരു കാലനുമില്ലേന്നോ?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/110&oldid=158373" എന്ന താളിൽനിന്ന് ശേഖരിച്ചത്