താൾ:Dharmaraja.djvu/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മാമാവെങ്കിടൻ: “മൊള്ളേടി, കാളമേഘനിറമാണ്ട ദാനവീ!”

ഈ സ്തോത്രംകൊണ്ട് ഭഗവതിഅമ്മ പ്രസന്നയായി. പ്രതിസ്തോത്രത്തിന് ഒരുമ്പെട്ടു. എങ്കിലും കേശവപിള്ള സംഭാഷണത്തിനാരംഭിച്ചതുകൊണ്ട്, അതിനെ അവർ അമർത്തിക്കൊണ്ടു. അനവരതഭ്രമണത്തോടുകൂടി കഴിയുന്ന തന്റെ ജാതകവിശേഷത്തെക്കുറിച്ച് ആ യുവാവു പരിതപിച്ചു. അപ്രതീക്ഷിതമായി സ്ത്രീകൾ തന്റെ ജീവഗതിയെ വക്രിപ്പിക്കാൻ ഉദയംചെയ്യുന്നതിനെക്കുറിച്ച് അയാൾ ആശ്ചര്യപ്പെട്ടു. തന്നെ കാൺമാനായി ഈ കന്യക പുറപ്പെട്ടിരിക്കുന്നത് എന്തൊരു ഗ്രഹപ്പിഴയാണ്! ഇവൾ പുറമേ കാണപ്പെടുന്നതുപോലുള്ള ഒരു സ്ത്രീയല്ല. താൻ സംശയിച്ചതുപോലെ രാജ്യകാര്യസംഭ്രമണങ്ങളെ ഭരിക്കുന്ന ഒരു ഉപഗ്രഹമെങ്കിലും ആയിരിക്കണം. ഇവളുടെനേർക്ക് മാമാവെങ്കിടൻ രാജകന്യക എന്നപോലെ ആദരത്തെ കാണിക്കുന്നു. പരിശുദ്ധതമിൾഭാഷയിലും സ്വരത്തിലും ഇവൾ സംസാരിക്കുന്നുമുണ്ട്. ഇനി സംശയിപ്പാനുണ്ടോ? തന്റെ അനുമാനങ്ങൾ ശരിയായിത്തന്നെ പരിണമിക്കുന്നു. ഇവൾ കേശവൻകുഞ്ഞിനെ രക്ഷപ്പെടുത്താൻ പുറപ്പെട്ടിരിക്കുന്നതുകൊണ്ട് ശേഷവും സ്പഷ്ടം. ദോഷൈകദൃക്കുകളായ ജനങ്ങൾ എന്തു ദുഷ്പ്രവാദങ്ങളേയും പറയട്ടെ. രാമയ്യൻമുഖേന തന്റെ വാദങ്ങൾകൊണ്ട്, തന്റെ അനുമാനങ്ങളുടെ അവിതർക്കിതത്വത്തെ മഹാരാജാവിന് ബോദ്ധ്യം വരുത്തും. ഈവിധമുള്ള ചിന്തകളോടുകൂടി കേശവപിള്ള ഇങ്ങനെ പറഞ്ഞു:

“മാമാ, ഈ കുട്ടി ഉണ്ടായിട്ടില്ല. എവിടെയെങ്കിലും താമസിപ്പിക്കണമല്ലോ. ചെമ്പകശ്ശേരിയിൽ കൊണ്ടാക്കിയാൽ വേണ്ടൂല്ല.”

ഒരു കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യാഗൃഹമായ ചെമ്പകശ്ശേരിയിലേക്ക് ആ കന്യകയെ അയപ്പാൻ കേശവപിള്ള ആലോചിച്ചത് അവളുടെ പരമാർത്ഥത്തെ അറിഞ്ഞുകൊണ്ടാണെന്നു മാമൻ മനസ്സിലാക്കി. ആ നിശ്ചയത്തോളം ഉചിതമായ മറ്റൊരു മാർഗ്ഗം തനിക്കു തോന്നായ്കയാലും, ചെമ്പകശ്ശേരി എന്ന ഭവനനാമത്തെ കേട്ടതിൽ ആ കന്യകയും വിപരീതഭാവമൊന്നും കാണിക്കാത്തതിനാലും, മാമൻ “ആമാമാം—അങ്കെ താൻ ‘കിന്ദേവീ കിമു കിന്നരി സുന്ദരി’ ആടറതുക്കുതകിന രംഗം” എന്നു മറുപടി പറഞ്ഞു. എന്നാൽ ‘നിനച്ചവണ്ണമല്ല ദൈവമാർക്കുമേ’ എന്നു ദൃഷ്ടാന്തപ്പെടുത്തുമാറ്, കേശവപിള്ള ബഹുദൂരദേശങ്ങളിലും തിരുവിതാംകൂറിലും കണ്ടിട്ടില്ലാത്ത ഒരു സത്വം അയാളുടെ മുമ്പിൽ പ്രത്യക്ഷമായി. അങ്ങനെ പ്രത്യക്ഷമായത് മനുഷ്യവിഗ്രഹമോ, ത്രേതായുഗത്തിൽ ദണ്ഡകാരണ്യവാസംചെയ്ത് തപോവിഘാതകന്മാരായി ചരിച്ച വർഗ്ഗത്തിന്റെ ഒരു പ്രതിനിധി അവശേഷിച്ച് അവിടെ അന്നത്തെ നാടകത്തിൽ ഭരതവാക്യകഥനത്തിനായി ആവിർഭവിച്ചതോ എന്നു ശങ്കിക്കത്ത രൂപമായിരുന്നെങ്കിലും, പൂർവശിലാശിഷ്ടത്തെക്കണ്ട് സ്വജാതീയനെന്ന് കേശവപിള്ള അഭിമാനിച്ച്, സ്വർഗ്ഗമഹിമാവിന് സാക്ഷ്യമായുള്ള ആ വിഗ്രഹത്തെ വീണ്ടും, പരിശോധിച്ചു. മാമാവെങ്കിടൻ തിരിഞ്ഞുനോക്കി, ചാടി എഴുന്നേറ്റ്, ആഗമിച്ച അപ്രാകൃതരൂപത്തിന്റെ ചുറ്റും നൃത്തംചെയ്തു. എന്നാൽ അയാളുടെ വരവിന്റെ കാരണത്തെപ്പറ്റി എന്തെങ്കിലും ഒരു ചോദ്യം ചെയ്യുന്നതിനിടയിൽ, ചിലമ്പിനേത്തു ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള മുതലായി ബഹുജനങ്ങൾ ആ മുറ്റത്തു നിറഞ്ഞു. ദ്യൂതവിജയിയായ പുഷ്കരൻ നളന്റെ നേർക്കെന്നപോലെ ഉമ്മിണിപ്പിള്ള ബഹുവാചാലതയോടെ ഒരു ഭത്സനം തുടങ്ങി: “നീട്ടെഴുത്തങ്ങത്തെ പൂച്ചെല്ലാം പുറത്ത്! പട്ടണത്തിലും പട്ടാപ്പകലും, പത്താമുദയം കഴിഞ്ഞും മണ്ണാപ്പേടി ഇതിനുമുൻപു കേട്ടിട്ടില്ല. ഇതാർക്കടുത്ത വേല? ഇതെല്ലാം തമ്പുരാൻ കേൾക്കണം. എവിടെ—പെണ്ണെവിടെ? ആണുങ്ങൾ വന്നിരിക്കുണൂ ഉടയവരായിട്ട്. ഉത്തരം പറയിക്കാതെ തന്നെ വിടുമെന്നോ? മേത്തനോ കീത്തനോ പിറന്ന നീചൻ—”

ചിലമ്പിനേത്തു ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയെ തടുത്തു: “ഛീ! ഛി! ഏറെപ്പേച്ച് എരപ്പത്തനം! മര്യാധക്കാർക്ക് ഏഴരാണ്ടംപിടിച്ചിരിക്കണ ഇക്കാലത്ത്, ഒത്തി, ഒതുങ്ങി നടയെടാ—”

ഉമ്മിണിപ്പിള്ള: “അങ്ങനെയല്ലങ്ങുന്നേ! ഇയ്യാൾക്കു തിരുമുമ്പിൽസേവയുണ്ടൊന്നൊരു ഹുങ്കുണ്ട്. തമ്പുരാനും മാലോകരുമറിയിട്ട്, ധർമ്മപുത്രരുചമഞ്ഞു നടക്കുന്ന വയ്മ്പുകള്.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/111&oldid=158374" എന്ന താളിൽനിന്ന് ശേഖരിച്ചത്