Jump to content

താൾ:Dharmaraja.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ലാന്തമായതുപോലെ ആ ലാവണ്യമഞ്ജരി ആ യുവാവിനു കാണപ്പെട്ടു. ദൂരയാത്രയാൽ ക്ഷീണിച്ചും, വെയിൽകൊണ്ടിരുണ്ടും, തന്റെ ക്രിയയുടെ അയുക്തതയെക്കുറിച്ചു ലജ്ജിച്ചും, പരപുരുഷദർശനത്തിനു അഭിമാനമുണർന്നും നില്ക്കുന്ന ആ കന്യകയുടെ സൗന്ദര്യാനർഘതയെ മാമവെങ്കിടന്റെ അതിശയോക്തിപൂർണ്ണമായ വർണ്ണനപോലും പ്രാന്തസ്പർശമാകട്ടെ ചെയ്യുന്നില്ലെന്നു കേശവപിള്ള മതിച്ചു. ആ കന്യകയാകട്ടെ, പ്രൗഢസുന്ദരനായ ഈ യുവാവിന്റെ ദർശനത്തിൽ, താൻ ഭഗവതി എന്ന പ്രിയഭാഷിണിയാൽ വഞ്ചിതയായെന്നു ചിന്തിച്ചും, നിന്ദാവഹമായുള്ള തന്റെ നിഷ്കുലീനവൃത്തിയെ സ്മരിച്ചു പരിതപിച്ചും, അശ്രുസ്പന്ദിതമായ നേത്രങ്ങളോടുകൂടി നിന്നു പോയി. ഇതു കണ്ട് കേശവപിള്ള ആർദ്രമനസ്കനായി ഭഗവതി അമ്മയോട് ഇങ്ങനെ പറഞ്ഞു: “അക്കാ, പത്മനാഭനാണ ഞങ്ങൾ ഇതിനുമുമ്പിൽ തമ്മിൽ കണ്ടിട്ടില്ല —ഇതുപോലെ ഒരു ഉടപ്പുറപ്പ് എനിക്കുമുണ്ട്. എന്റക്കനല്ലയോ? ഞാൻ കൊട്ടാരത്തിൽ പോയി വരാം. കുളി കഴിപ്പിച്ച്, എന്തെങ്കിലും കൊടുക്കണം. നന്നായ് ക്ഷീണിച്ചിരിക്കുന്നു. കണ്ടില്യോ?”

കൊട്ടാരത്തിൽ പോകുന്ന കാര്യം പ്രസ്തവിച്ചപ്പോൾ മീനാക്ഷിക്ക് ഒരു ശോകാവേശം നവമായി ഉണ്ടായി. പരമാർത്ഥം ഓർത്തു നോക്കിയപ്പോൾ, തന്റെ ഉദ്ദേശ്യത്തെ നിവർത്തിക്കാൻ സഹായിയാകുന്ന ഒരു കൊട്ടാരം ഉദ്യോഗസ്ഥനോടു പരിചയപ്പെടുത്താമെന്നല്ലാതെ, അദ്ദേഹത്തിന്റെ പ്രായത്തേയും മറ്റും ഭഗവതിഅമ്മ വർണ്ണിച്ചില്ലെന്നും, അതുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം സ്വകല്പിതം മാത്രമാണെന്നും, മീനാക്ഷിക്ക് ഓർമ്മ വന്നു. അതുകൊണ്ട് ആ സ്ത്രീയെക്കുറിച്ച് ഉദിച്ചുതുടങ്ങിയ ദുരഭിപ്രായത്തിൽ ക്ഷമായാചനംചെയ്യുന്ന ഭാവത്തിൽ, കൃതജ്ഞതാപ്രചുരമായ മുഖത്തോടുകൂടി അവരുടെ സമീപത്ത് ആ കന്യക ചേർന്നുനിന്നു കേശവപിള്ളയുടെ ചേഷ്ടകളിൽ പ്രേമച്ഛായ ലവലേശമെങ്കിലും കാണാത്തതിനാൽ, ഭഗവതിഅമ്മ സന്തോഷിച്ച്, കൃപയോടുകൂടി സ്വാതിഥിയെ ഊണിനുക്ഷണിച്ചു. തന്റെ താമസസ്ഥലത്തു വഴിയാത്രക്കാരിയായിച്ചെന്ന് കഥാമാലകൾകൊണ്ടുതന്നെയും മാതാമഹിയേയും വിനോദിപ്പിച്ച്, ചില ഗ്രഹരക്ഷാക്രിയകളും ചെയ്ത്, രണ്ടുമൂന്നു ദിവസം താമസിച്ച ഭഗവതിഅമ്മയോടൊന്നിച്ചു സ്വരക്ഷകരെ വഞ്ചിച്ചു പുറപ്പെട്ടപ്പോൾ, ഭക്ഷണത്തിന്റെ കാര്യത്തെക്കുറിച്ച് മീനാക്ഷി ഒന്നും ആലോചിച്ചിട്ടില്ലായിരുന്നു. തന്നെ ആ സാഹസോദ്യമത്തിലേക്കു പ്രേരിപ്പിച്ച പ്രേമമാകട്ടെ, ധർമ്മതല്പരതയാകട്ടെ, സത്യനിഷ്ഠയാകട്ടെ, ആ ക്രിയയുടെ ഔചിത്യത്തേയോ മാന്യതയേയോകൂടി ചിന്തിക്കേണ്ടേതാണെന്നു ഗുണദോഷിച്ചില്ല. മഹാരാജാവിന്റെ അത്യന്തസേവകനും രാജ്യകാര്യങ്ങളിൽ പ്രധാനയന്ത്രകനും ആയ കേശവപിള്ളയുടെ അരിവയ്പുകാരിയാണു ഭഗവതിഅമ്മ എന്നു ധരിച്ചപ്പോൾ മുതൽ, ആ ഉദ്യോഗസ്ഥനെ കണ്ടാൽ തന്റെ അഭിലാഷസിദ്ധി ഉണ്ടാകുമെന്നു മീനാക്ഷിക്കുട്ടി ഭ്രമിച്ചുപോയി. ഈ അഭീഷ്ടപര്യാപ്തിക്ക്, ആവശ്യമുള്ളപക്ഷം, മഹാരാജസന്നിധിയിലും പ്രവേശിച്ച്, സങ്കടത്തെ ധരിപ്പിപ്പാനായിട്ടാണ് മീനാക്ഷിക്കുട്ടി പുറപ്പെട്ടിരിക്കുന്നത്. രാജസന്നിധികൊണ്ടും സാധ്യമായില്ലെങ്കിൽ ശ്രീപത്മനാഭദിവ്യപാദാരവിന്ദങ്ങളിൽത്തന്നെ തന്റെ പ്രാർത്ഥനാശ്രുക്കളെ സമർപ്പിപ്പാനും അവൾ ഒരുമ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന കലാപത്തിന്റെ ചില അംശങ്ങൾ മാത്രമേ അവൾ കേട്ടിട്ടുള്ളൂ എങ്കിലും തന്റെ സാക്ഷ്യം കൊലപാതകസംഗതിയിലെ ചില വിഷമഗ്രന്ഥികളുടെ അപഗ്രഥനത്തിന് ഉപയുക്തമാകുമെന്ന് ആ ബുദ്ധിമതി അനുമാനിച്ചു. തന്റെ സാക്ഷ്യങ്ങളെ അധികാരസ്ഥലങ്ങളിൽ എത്തിക്കുന്നതിനു രാജപക്ഷ്യരല്ലാതെ മറ്റാരും അനുവദിക്കയില്ലെന്നും അവൾ ശരിയായി മനസ്സിലാക്കിയിരുന്നു. ആ പരിശ്രമത്തിൽ നേരിടാവുന്ന കഷ്ടതകളേയും അവമാനങ്ങളേയും മറന്ന് പ്രേമാനുതാപോപദേശം ഒന്നിനെ മാത്രം അനുസരിച്ച് അവൾ പുറപ്പെട്ടു. കേശവപിള്ളയുടെ പ്രായത്തിൽ സൂക്ഷ്മസ്ഥിതിയോ, മാമാവെങ്കിടൻ വർണ്ണിച്ച കേശവൻകുഞ്ഞിന്റെ സന്നിധിയിലേക്കാണു താൻ നയിക്കപ്പെടുന്നതെന്നോ, ആ കന്യക അറിഞ്ഞിരുന്നുവെങ്കിൽ ഈ സാഹസത്തിനു പുറപ്പെടുകയെക്കാൾ സീതാദേവിയുടെ ദൃഷ്ടാന്തത്തെ അനുകരിച്ച് ഭൂമിക്കുള്ളിൽ അന്തർദ്ധാനം ചെയ്തുകളയുമായിരുന്നു. രാജ്യഭരണാധികാരികൾ ജരയും നരയും ബാധിച്ച് മുമ്മടിഞ്ഞുള്ള കുടവയറും തൂക്കി, പല്ലുകൊഴിഞ്ഞുള്ള കോളാമ്പിവായും പൊളിച്ച്, മൂത്തുമുരങ്ങിച്ച മൂപ്പീ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/109&oldid=158371" എന്ന താളിൽനിന്ന് ശേഖരിച്ചത്