താൾ:Dharmaraja.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുമാറുന്ന ദുർവൃത്തന്റെ മൈത്രത്തെ അംഗീകരിക്കയോ, താൻ ചെയ്യേണ്ടതന്ന് അന്തഃശോധനചെയ്തപ്പോൾ തന്റെ ബന്ധുവായ വർത്തകൻ തന്നെ അധർമ്മപഥത്തിൽ ചാടിക്കുമോ എന്നൊരു പ്രശ്നമാണ് അയാളുടെ ഹൃദയത്തിൽ ഉദിതമായത്.

കേശവപിള്ളയുടെ അന്നത്തെ സുഹൃൽസമാഗമം ഇതുകൊണ്ടവസാനിച്ചില്ല. പക്കീർസാ യാത്രയായി കുറച്ചു കഴിഞ്ഞ ഉടനെ സമ്പ്രതി രാമയ്യന്റെ പുറപ്പാടായി. ഇദ്ദേഹം കേശവപിള്ളയുടെ പരമാർത്ഥസ്ഥിതികൾ സമഷ്ടിയായി ധരിച്ചിരുന്നഭാവത്തിൽ, ‘അസിധാരാവലേഹനം’ പോലെയുള്ള രാജസേവനത്തിന്റെ വൈഷമ്യങ്ങളെക്കുറിച്ച് പ്രസംഗം തുടങ്ങി. എല്ലാ കാലക്ഷേപമാർഗ്ഗങ്ങളും വൈഷമ്യനിബിഡങ്ങളാണെന്ന് കേശവപിള്ള വാദിച്ചു. അങ്ങനെയാണെങ്കിൽ, ഹരിപഞ്ചാനനൻ നിർബാധമായി സർവ്വാഭീഷ്ടങ്ങളേയും സാധിക്കുന്നത് എങ്ങനെ എന്ന് രാമയ്യൻ ചോദിച്ചു. ദൈവവും ലോകവും ഒന്നുപോലെ ‘നാസ്തി’ ശബ്ദാധീനമായി പരിഗണിക്കുന്ന പാഷണ്ഡമുഷ്കരന്മാരുടെ ഗതികൾ വ്യത്യസ്തസംഗതികളാണെന്നു കേശവപിള്ള ഉത്തരം പറഞ്ഞു. “എന്നാൽ, ആ രാക്ഷസൻ നിങ്ങളെ കൊല്ലാതെ സൂക്ഷിച്ചുകൊള്ളു. ഞാനും ഇടയ്ക്ക് കുറച്ചൊന്നു ഭ്രമിച്ചുപോയി. ചില കഥകൾ എനിക്കിപ്പോൾ മനസ്സിലായി. ഒന്നും തിരുമനസ്സറിയിക്കാൻ പാടില്ല.” (സ്വകാര്യമായി) “നോക്കൂ–എന്റെ സഹായം എന്തു വെണമോ— എന്തുതന്നെ ആയാലും സംശയിക്കേണ്ടേ—ആവശ്യപ്പെട്ടുകൊള്ളു” എന്നു പറഞ്ഞ് രാമയ്യൻ കേശവപിള്ളയുടെ കൈയടിച്ചു, യാത്രയായി. രാമയ്യന്റെ ഈ യാത്രയും സഹായപ്രതിജ്ഞയും മഹാരാജാവിന്റെ ആജ്ഞപ്രകാരമാണെന്ന് കേശവപിള്ളയുടെ സൂക്ഷ്മദൃഷ്ടിക്കു വ്യക്തമായി.

കേശവപിള്ള പതിവുപോലെ പകടശ്ശാലയിൽ ഹാജരായി തന്റെ ഉദ്യോഗജോലികൾ ഒതുക്കി, മടങ്ങിവന്ന്, മദ്ധ്യാഹ്നഭോജനവും കഴിച്ച്, തന്റെ ആസ്ഥാനത്തിൽ, വെയിലിന്റെ ചൂടുതട്ടാതെ വിരി താഴ്ത്തിയിട്ട് വിശ്രമിക്കുന്നതിനിടയിൽ “പെണ്ണുങ്ങള് വീട്ടിലില്ലാഞ്ഞാലക്കൊണ്ട് ഇങ്ങനെ തന്നെ! കോട്ടപോലെ തൊറന്നു മലത്തി അല്യോ വച്ചിരിക്കുണു കതവിനെ!” എന്നു ചില കോപവിമർശനങ്ങൾ കേട്ടുതുടങ്ങി. പറമ്പിൽ ഓലമടലുകൾ വിതറിക്കിടക്കുന്ന അനാഥത്വം ആ പരിദേവനംചെയ്യുന്ന ആൾക്ക് ദുസ്സഹദർശനമായിരിക്കുന്നു. “ആളും ആൺചാതിയും വെളിയിക്കാണാത്തെന്ത്?” എന്നൊരപരാധവും ആ ഭവനവാസികളുടെ ശിരസ്സിൽ പ്രക്ഷേപിക്കപ്പെട്ടു. സർവവൈകല്യങ്ങൾക്കും സമാധാനമായി “പവതി പെയ്യപ്പം വൗതിയും (ഐശ്വര്യവും) പെയ്യ്” എന്ന് ആത്മസ്തോത്രം ചെയ്ത്, തന്റെ അധികാരപ്രഭാവത്തെ പുറകിൽ വരുന്ന ആളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, കേശവപിള്ള ഇരിക്കുന്നെടത്തുള്ള വിരി പൊക്കി, ഭഗവതിഅമ്മ പ്രവേശിച്ചു. വിരിയുടെ ജാലരന്ധ്രങ്ങളിൽക്കൂടി ഒരു കനകതേജസ്സു കാണപ്പെടുകയാൽ കേശവപിള്ള: “കൂടി ആരക്കാ?” എന്നു വിസ്മയാകുലനായി ചോദിച്ചു. ഭഗവതിഅമ്മയുടെ മറുപടി, ഉഷാമോഹാപ്തിയിൽ ചിത്രലേഖ ആ കന്യകയോട് എന്തു വിനോദവചനങ്ങളെ പ്രയോഗിച്ചിരിക്കുമോ, അതുകളുടെ സാരമായ അഭിനയം മാത്രമായിരുന്നു. ശ്രീ ഹനുമാൻ വിശല്യകരിണി മുതലായ ഔഷധങ്ങളെ“കാണാഞ്ഞുകോപിച്ചുപർവ്വതത്തെപ്പറിച്ചേണാങ്കബിംബംകണക്കെ”കൊണ്ടു തിരിച്ചതു പോലെ, മന്ത്രക്കൂടത്തുകാരുടെ പരമാർത്ഥം അറിവാൻ സാധിക്കാത്തതുകൊണ്ട് അവിടത്തെ കന്യകയെത്തന്നെ തന്റെ ആജ്ഞാകാരിണി കൊണ്ടുപോന്നു എന്ന് കേശവപിള്ള ഊഹിച്ചു. മാമാവെങ്കിടന്റെ അമാന്തത്തെ ഭഗവതിഅമ്മയുടെ പ്രാഗ്ത്ഭ്യം പരിഹരിച്ചു. എന്നാൽ അതു താൽക്കാലികമായുള്ളതിലും ഉപരിയായ മഹാപവാദത്തെ ഉണ്ടാക്കുമെന്നും അയാൾ നിർണ്ണയിച്ചു. അയാളുടെ പുരുഷരത്നത്വം ആ സന്ദർഭത്തിൽ ഉജ്ജ്വലമായി പ്രകാശിച്ചു. ഭഗവതിയായ സൂത്രധാരിണി, സ്വപുത്രന്റെ മുഖതേജസ്സു കണ്ട്, ചാരിതാർത്ഥ്യപ്രമാദത്തോടുകൂടി, വിരിയായ തിരനീക്കി, മീനാക്ഷിയായ മോഹിനിയെ കേശവപിള്ളയായ രംഗവാസിയുടെ മുമ്പിൽ പ്രവേശിപ്പിച്ചു. കേശവപിള്ളയുടെ കണ്ണുകൾക്കു ദൃശ്യമായ ലാവണ്യപൂരത്തിന്റെ സാദൃശ്യത്തെ, താൻ സഞ്ചരിച്ചിട്ടുള്ള നാനാദേശങ്ങളിലും അയാൾ കണ്ടിട്ടില്ലായിരുന്നു. കൃതയുഗവൃത്തിനൈർമ്മല്യം അപ്രാപ്തകാലത്തിൽ ഭൂജാതംചെയ്ത്, കലികാലപാശവൈകൃതബന്ധങ്ങളിൽ അകപ്പെട്ട് അതുകളിൽനിന്നു മുക്തിയെ പ്രാപിക്കുന്നതിന് നിർഭരശ്രമങ്ങൾ ചെയ്ത്

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/108&oldid=158370" എന്ന താളിൽനിന്ന് ശേഖരിച്ചത്