താൾ:Dharmaraja.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥാനങ്ങളുള്ള സംഖ്യകളെ ഒന്നോടെ സങ്കലനംചെയ്ത് ഫലനിർണ്ണയം ചെയ്യുന്ന കേശവപിള്ളയുടെ ഗണനസാമർത്ഥ്യത്തിനും അൽപമൊരുക്ഷീണമുണ്ടായി. എങ്കിലും തന്റെ വസതിയിലിരുന്നു പോക്കുമൂസ്സാമരയ്ക്കാരുടെ ഏറ്റുമതി ഇറക്കുമതിക്കണക്കുകൾ പരിശോധിക്കുന്നതിനിടയിൽ, വ്യാപാരവർദ്ധനയ്ക്കു പുതുതായി തുറമുഖങ്ങളും താരിപ്പുകളും സ്ഥാപിച്ചാൽ തന്റെ സംസ്ഥാനഭണ്ഡാരത്തിന് അമിതപോഷണമുണ്ടാകുമെന്ന് അങ്കുരിച്ച ആലോചനകളിൽ സ്വരാജ്യവത്സലനായ അയാളുടെ ബുദ്ധി ലയിച്ച് തൽക്കാലത്തെ നിസ്സാരക്ലേശങ്ങളെ വിസ്മരിച്ചു. ആ സ്ഥിതിയിലിരിക്കുമ്പോൾ, ആകാശവർണ്ണമായുള്ള ഒരു റെട്ടുമുണ്ടും, ചീട്ടിക്കുപ്പായവും, തോളിൽ ചുവന്ന ഒരു ഉറുമാലും, തലയിൽ മുസ്ലീംതൊപ്പിയും ധരിച്ച് ഊശാന്താടിക്കുടുമയും, മുണ്ഡിതമായ ശിരസ്സും മേൽച്ചുണ്ടുമായി, പരമപരിചയം നടിച്ച് നെടുതായ ഒരു കാട്ടുവടി ഊന്നി നടന്ന്, വലിയൊരു തുകൽസഞ്ചിയും തൂക്കി ആകാശമാനദണ്ഡംപോലെ ഒരു മഹാകായൻ കേശവപിള്ളയുടെ മുമ്പിൽ പ്രവേശിച്ച്, “സ്ലാം പുള്ളെ!” എന്നു പറഞ്ഞുകൊണ്ട് ഒരെഴുത്തിനെ അയാളുടെ കൈയിൽ കൊടുത്തു. കളപ്രാക്കോട്ടത്തമ്പിയേയും മാമാവെങ്കിടനേയും ജയിക്കുന്ന ഭീമാകാരത്തേയും, പ്രൗഢത പ്രകാശിക്കുന്നതായ വലിയ കണ്ണുകളേയും, സൂക്ഷ്മത്തിൽ പൂർണ്ണചന്ദ്രവൃത്തത്തിലുള്ള മുഖത്തേയും, ഞരമ്പുകൾ പിടിച്ച് വേടുകൾപോലെ വലയംചെയ്തുള്ള പാണിദ്വയത്തേയും നോക്കി ആശ്ചര്യപ്പെടുമ്പോഴെയ്ക്ക്, “ഞമ്മ നല്ലവണ്ണം കറി കിറി തിന്നും പുള്ളെ, അതുവാലെ ഒടമ്പു ബരുത്തു ഭലവസ്സു കൊണ്ടിരിക്കണു” എന്ന് ആ ശരീരപുഷ്ടിസമ്പാദനത്തിനുള്ള ഭക്ഷണചര്യയെ ആഗതൻ ഉപദേശിച്ചു. ആ നിദേശവാഹകന് കായപുഷ്ടിപോലെതന്നെ പരിചിത്തഗ്രഹണത്തിന് ബുദ്ധിപുഷ്ടിയുമുണ്ടെന്ന് അനുമിച്ചുകൊണ്ട് കേശവപിള്ള എഴുത്തു പൊട്ടിച്ചു വായിച്ചു. തന്നെ നിർവ്യാജം സ്നേഹിക്കുന്ന പോക്കുമൂസ്സാമുതലാളി, തന്റെ എഴുത്തിനു മറുപടിയായി, തൽക്കാലാപത്തുകളിൽ തനിക്കു ജീവഭയം നേരിടാതെ സൂക്ഷിക്കുന്നതിന് ഒരു വിശ്വസ്തനെ അയച്ചിരിക്കുന്ന സംഗതിയാണ് മുഖ്യമായി എഴുത്തിൽ അടങ്ങിയിരിക്കുന്നത്. അയാൾ ഈശ്വരന്മാരെപ്പോലെ സഹസ്രനാമനാണെങ്കിലും തന്നോടു താമസിക്കുന്ന കാലത്ത് പക്കീർസാ എന്നു വിളിച്ചുകൊള്ളുന്നതിനും, അയാളെ പൂർണ്ണമായി വിശ്വസിച്ചു നടപ്പാനും എഴുത്തിൽ ഗുണദോഷിച്ചിരുന്നു. തനിക്ക് ഇങ്ങനെ ഒരു അംഗരക്ഷകന്റെ ആവശ്യം വേണ്ടിവരാൻ എന്ത് ആപത്തു നേരിടുന്നു എന്ന് കേശവപിള്ള ആലോചിച്ചു. അങ്ങനെയുണ്ടായ അന്തർഗ്ഗതങ്ങളുടെ സൂക്ഷ്മത്തെ മനസ്സിലാക്കാതെ പക്കീർസാ, താൻ ദേശസഞ്ചാരംകൊണ്ട് ലോകപരിചയസമ്പന്നനാണെന്നും തന്റെ മതനിർബ്ബന്ധങ്ങൾ അനുസരിച്ച് സത്യവാനാണെന്നും, എങ്കിലും ചെറുപ്പകാലത്തെ കൊഴുപ്പുകൊണ്ട് അഹങ്കാരികളായ ധനികന്മാർ വഹിക്കുന്ന ഭാരങ്ങളെ അയാൾ ലഘുവാക്കിവന്ന “ധൗളത്ത് ബഹുപർമാസ(പ്രമാദ)മായിരുന്നു” എന്നും, പരമാർത്ഥത്തിൽ തന്നെക്കാളും അക്രമികളായ ഉദ്യേഗസ്ഥന്മാർക്ക് തന്നെ പിടികിട്ടായ്കയാൽ അവർക്കു തോന്നിയ നാമങ്ങളെ തനിക്കു ദാനംചെയ്തിട്ടുണ്ടെന്നും മറ്റും തന്റെ ചരിത്രത്തെ കേശവപിള്ളയെ ധരിപ്പിച്ചു. രാജശിക്ഷാർഹനായുള്ള ആ ബന്ധുവിന്റെ സഹായലബ്ധി, തന്നെ ബന്ധിച്ചിരിക്കുന്ന അപവദന്തിയെ ബലപ്പെടുത്തുമെന്ന് കേശവപിള്ള വിചാരിച്ചു. പക്കീർസാ ആകട്ടെ, തന്റെ നെടുവടിയെ ഉയർത്തി താൻ നിൽക്കുന്ന കെട്ടിടത്തിന്റെ ഉത്തരത്തിനിടയിൽ കൊടുത്ത് മേൽക്കൂടം മുഴുവനേയും ആയാസഹീനമിളക്കി ഉയർത്തിയതിന്റെ ശേഷം അതിനെ പൂർവ്വസ്ഥിതിയിൽ സ്ഥാപിച്ചു. താൻ ധാരാളം കേട്ടറിഞ്ഞിട്ടുള്ള ‘മായപ്പൊടിമലുക്കു’ എന്ന ഭവനഭേദകനായ മുഷ്കരൻ കേവലം ഐതിഹ്യപാത്രമല്ലെന്നു കേശവപിള്ളയ്ക്കു ബോദ്ധ്യപ്പെട്ടു. ഈ നാമശ്രവണമാത്രത്തെ കുറച്ചുകാലം ജനങ്ങൾ മസൂരിയെക്കാളും ഭയന്നിരുന്നു. ബോധസ്തംഭകമായുള്ള അയാളുടെ ഭസ്മം (മായപ്പൊടി) എപ്പോൾ പതിക്കുമെന്നു ചിന്തിച്ച്, ആളുകൾ നടുങ്ങിപ്പാർത്തിരുന്നു. രാജ്യാധികാരികൾ ത്രിലോകപരിശോധന ചെയ്തിട്ടും ആ മഹാവിരാധനെ കെട്ടുന്നതിനു സാധിച്ചില്ല. കായങ്കുളം, മുളമൂട് മുതലായ സ്ഥലങ്ങളെ അനന്തരകാലങ്ങളിൽ കുപ്രസിദ്ധമാക്കിത്തീർത്ത ജനദ്രാഹകന്മാരുടെ വർഗ്ഗസ്ഥാപകനെന്നു സംശയിക്കപ്പെടാമായിരുന്ന ഈയാളുടെ സാമീപ്യം കേശവപിള്ളയുടെ ധർമ്മനിഷ്ഠയ്ക്ക് ഒരു മഹാപരീക്ഷണമായിരുന്നു. ഈശ്വരനിയമങ്ങളെ അനുസരിക്കുകയോ, ആ നിയമങ്ങളെ തൃണീകരിച്ച് മദോന്മത്തനായി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/107&oldid=158369" എന്ന താളിൽനിന്ന് ശേഖരിച്ചത്