ഉത്തരം: അല്ല, ഒരു ലോകകമ്പോളം ഇതിനകം തന്നെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുള്ള വൻകിട വ്യവസായം അതുവഴി ലോകത്തുള്ള എല്ലാ ജനതകളെയും -വിശേഷിച്ചു് പരിഷ്കൃതജനതകളെ- പരസ്പരം വളരെയധികം ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ ഒരു ജനതയ്ക്ക് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മറ്റൊരു ജനത നിലകൊള്ളുന്നതു്. മാത്രമല്ല, വൻകിട വ്യവസായം എല്ലാ പരിഷ്കൃത രാജ്യങ്ങളുടേയും സാമുഹ്യ വികാസത്തെ വളരെയധികം തട്ടിനിരപ്പാക്കിയതിന്റെ ഫലമായി ഈ രാജ്യങ്ങളിലെല്ലാം ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും സമൂഹത്തിലെ രണ്ടു് നിർണ്ണായക വർഗ്ഗങ്ങളായി തീർന്നിരിക്കുന്നു. അവ തമ്മിലുള്ള സമരം ഇന്നത്തെ മുഖ്യസമരമായി തീർന്നിരിക്കുന്നു. അതുകൊണ്ട് കമ്മൂണിസ്റ്റ് വിപ്ലവം ഒരു ദേശീയ വിപ്ലവം മാത്രമായിരിക്കില്ല. അത് എല്ലാ പരിഷ്കൃത രാജ്യങ്ങളിലും -ചുരുങ്ങിയത് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെങ്കിലും- ഒരേസമയത്ത് നടക്കുന്നതാണ്. ആ രാജ്യങ്ങളിലോരോന്നിലും അത് വളർന്നുവരാൻ കൂടുതൽ സമയം എടുക്കുമോ കുറച്ച സമയം എടുക്കമോ എന്നത് അവയിലേതിനാണ് കൂടുതൽ വികസിച്ച വ്യവസായവും കൂടുതൽ സമ്പത്തും ഉല്പാദന ശക്തികളുടെ കൂടുതൽ വലിയ സഞ്ചയവുമുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് അത് ഏറ്റവും മന്ദമായും ഏറ്റവും പ്രയാസമായും നടക്കുന്നത് ജർമനിയിലായിരിക്കും. ഏറ്റവും വേഗത്തിലും എളുപ്പവും നടക്കുന്നത് ഇംഗ്ലണ്ടിലായിരിക്കും. അതു് ലോകത്തിലെ മറ്റു രാജ്യങ്ങളുടെ മേലും ഗണ്യമായ സ്വാധീനം ചെലുത്തുന്നതാണ്. അതു് അവയുടെ വികാസത്തിന്റെ ഇതേവരെയുള്ള രീതി പാടേ മാറ്റുകയും അതിനെ വളരെയേറെ ത്വരിപ്പിക്കുകയും ചെയ്യും. അതൊരു ആഗോള വിപ്ലവമായിരിക്കും. അക്കാരണത്താൽ ആഗോളവ്യാപകമായിട്ടായിരിക്കും അത് നടക്കുന്നത്.
ചോദ്യം 20: സ്വകാര്യ സ്വത്തുടമസ്ഥത നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമായിരിക്കും ?
ഉത്തരം: എല്ലാ ഉല്പാദനശക്തികളുടേയും സമ്പർക്കോപാധികളുടേയും ഉപയോഗവും ഉല്പന്നങ്ങളുടെ വിനിമയവും വിതരണവും സ്വകാര്യമുതലാളിമാരുടെ കൈകളിൽനിന്നു് സമൂഹം ഏറ്റെടുക്കുന്നതുകൊണ്ടും ലഭ്യമായ വിഭവങ്ങളേയും സമൂഹത്തിന്റെയൊട്ടാകെ ആവശ്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയ ഒരു പദ്ധതിയനുസരിച്ചു് സമൂഹം അവയെ നടത്തിക്കൊണ്ടുപോകുമെന്നതുകൊണ്ടും ഒന്നാമതായി വൻകിടവ്യവസായത്തിനിന്നു് ഇന്നുളവാകുന്ന ദുഷ്ഫലങ്ങൾ