- എല്ലാ കുട്ടികൾക്കും രാഷ്ട്രത്തിന്റെ ചെലവിൽ ദേശീയസ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നൽകുക. വിദ്യാഭ്യാസത്തെ ഉല്പാദനവുമായി കൂട്ടിയോജിപ്പിക്കുക.
- വ്യവസായത്തിലും കൃഷിയിലും ഏർപ്പെട്ടിട്ടുള്ള പൌരന്മാരുടെ കൂട്ടങ്ങൾക്ക് ഒന്നിച്ചു താമസിക്കാൻവേണ്ടി ദേശീയ എസ്റ്റേറ്റുകളിൽ വലിയ കൊട്ടാരങ്ങൾ പണിയുക. പൌരന്മാർക്കു് നഗരജീവിതത്തിന്റേയോ, ഗ്രാമജീവിതത്തിന്റേയോ ഏകപക്ഷീയതയും ദോഷങ്ങളും അനുഭവപ്പെടാത്ത തരത്തിൽ രണ്ടിന്റേയും മെച്ചങ്ങളെ കൂട്ടിയിണക്കുക.
- അനാരോഗ്യകരവും മോശമായി പണിതിട്ടുള്ളതുമായ എല്ലാ വീടുകളും ആൾപ്പാർപ്പിനുള്ള കെട്ടിടങ്ങളും പൊളിച്ചു കളയുക.
- വിവാഹബന്ധത്തിലൂടെയും അല്ലാതെയും ജനിച്ച കുഞ്ഞുങ്ങൾക്ക് തുല്യമായ പിന്തുടർച്ചാവകാശം നൽകുക.
- എല്ലാ ഗതാഗതമാർഗ്ഗങ്ങളും രാഷ്ട്രത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.
തിർച്ചയായും ഈ നടപടികളെല്ലാം ഒറ്റയടിക്ക് നടപ്പാക്കാൻ സാധ്യമല്ല പക്ഷേ എപ്പോഴും ഒന്നു് മറ്റൊന്നിലേക്ക വഴി തെളിയിക്കും. സ്വകാര്യസ്വത്തുടമസ്ഥതയ്ക്കെതിരെ ആദ്യത്തെ സമുലമായ കടന്നാക്രമണം നടത്തിക്കഴിഞ്ഞാൽ കൂടുതൽ കൂടുതൽ മുന്പോട്ട് പോകാനും എല്ലാ മൂലധനവും , എല്ലാ കൃഷിയും, എല്ലാ വ്യവസായവും, എല്ലാ ഗതാഗതവും, എല്ലാ വിനിമയോപാധികളും സ്റ്റേറ്റിന്റെ കൈകളിൽ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കാനും തൊഴിലാളി വർഗ്ഗം നിർബ്ബന്ധിതരായിത്തീരും. ഈ നടപടികളെല്ലാം തന്നെ നയിക്കുന്നത് അതിലേക്കാണ്. തൊഴിലാളി വർഗ്ഗത്തിന്റെ അധ്വാനഫലമായി രാജ്യത്തിന്റെ ഉല്പാദനശക്തികൾ പെരുകുന്ന അതേ അനുപാതത്തിൽ അവ പ്രയോഗക്ഷമമായിത്തീരുകയും അവയുടെ കേന്ദ്രീകരണ ഫലങ്ങൾ വളരുകയും ചെയ്യും. ഒടുവിൽ എല്ലാ മൂലധനവും എല്ലാ ഉത്പാദനവും എല്ലാ വിനിമയവും രാഷ്ട്രത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടുകഴിയുമ്പോൾ, സ്വകാര്യസ്വത്തുടമസ്ഥത തനിയെ നിലനിൽക്കാതാവും. പണം അധികപ്പെറ്റാവും. ഉല്പാദനം അത്രമാത്രം വർധിക്കുകയും മനുഷ്യർ അത്രമാത്രം മാറുകയും ചെയ്യുന്നതിന്റെ ഫലമായി പഴയ സാമുഹ്യബന്ധങ്ങളുടെ അവസാനരൂപങ്ങൾക്കുകൂടി കൊഴിഞ്ഞുപോകാൻ കഴിയും.
ചോദ്യം 19: ഈ വിപ്ലവം ഒരു രാജ്യത്തു് മാത്രമായി നടക്കാൻ സാദ്ധ്യമാണോ?