ചോദ്യം 13: മുറയ്ക്കു് ആവർത്തിക്കുന്ന ഈ വാണിജ്യ പ്രതിസന്ധികളിൽ നിന്നു് എത്തിചേരാവുന്ന നിഗമനങ്ങൾ എന്തെല്ലാമാണു്
ഉത്തരം: ഒന്നാമത്, വൻകിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളിൽ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളർന്നിരിക്കുന്നു. മത്സരവും പൊതുവിൽ വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വൻകിടവ്യവസായത്തിനൊരു വിലങ്ങായിത്തീർന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വൻകിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കാലത്തോളം ഏഴു വർഷം കൂടുമ്പോൾ ആവർത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനിൽക്കുവാൻ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂർഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകിൽ വൻകിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കിൽ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകൾക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീർക്കുന്നു.
രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവിൽ കൊണ്ടുവരാൻ വൻകിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീർത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തിൽ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വൻകിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിൻ കീഴിൽ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്.