അങ്ങിനെ, രണ്ടു കാര്യങ്ങൾ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
1. മേലാൽ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേൽ പൂർണ്ണമായും ആരോപിക്കാവുന്നതാണ്.
2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങൾ പൂർണ്ണമായും നിർമ്മാജനം ചെയ്യാനാവശ്യമായ ഉപാധികൾ ഇന്നു തന്നെ നിലവിലുണ്ട്.
ചോദ്യം 14: ഈ പുതിയ സാമൂഹ്യക്രമം എത്തരത്തിലുള്ളതായിരിക്കണം ?
ഉത്തരം: ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേർപ്പെട്ടുകൊണ്ട് വെവ്വേറെ നിൽക്കുന്ന വ്യക്തികളുടെ കൈകളിൽ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവൻ സമൂഹത്തിന്റെയും പേരിൽ - അതായത് സമൂഹത്തിന്റെ താല്പര്യാർത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മൽസരങ്ങൾ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളിൽ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങൾ ഏർപ്പെടുത്തുന്നതായിരിക്കും. വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികൾ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പിൽ നിന്നും വേർതിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തൽസ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏർപ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാജനം, വ്യവസായത്തിന്റെ വികാസത്തിൽ നിന്ന് അനിവാര്യമായും ഉൽഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവർത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്.