താൾ:CiXIV130 1871.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ ദോഷതരങ്ങൾ എല്ലാം വിട്ടൊഴിവിൻ. ൧ തെസ്സ. ൫, ൨൨.

൩. കന്യകയായ മറിയ.

ആചാൎയ്യനോടിവ ചൊന്നൊരനന്തരം, കാലമേറീടാതെ ദൂതൻ ചെന്നു ।
ദാവീദ്രാജാവിൻ കുഡുംബത്തിൽനിന്നുള്ള, ധന്യയാം കന്നിമറിയ തന്നെ॥
ശാന്ത വിനീതയായ്കണ്ടു ചൊല്ലീടിനാൻ ദേവകൃപ ലഭിച്ചോളെ വാഴ്ക ।
നാരികളിലത്യനുഗ്രഹമുള്ളവൾ എന്നിവ കേട്ടു ഭ്രമിച്ചാളവൾ ॥
ദൂതവചനങ്കേട്ടാശു കലങ്ങിയാൾ, ആകയാൽ ദൂതനുരച്ചാനിത്ഥം ।
ഏതുമെ പേടിക്ക വേണ്ടാ നിനക്കിപ്പോൾ ഏകനാംദൈവകൃപ ലഭിച്ചു ॥
ഗൎഭവതിയായ്നീ പുത്രനെ പെറ്റീടും യേശുവെന്നമ്മകന്നേക നാമം ।
സ്വന്ത ജനങ്ങളെ പാപത്തിൽനിന്നുടൻ, വീണ്ടുടൻ രക്ഷിക്കുമായവന്താൻ ॥
എന്നതു കേട്ടിവയെന്നുമറിയുവാൻ, കന്യക വാഞ്ഛിച്ചതിനാൽ ദൂതൻ ।
ദൈവശുദ്ധാത്മാവു നിന്മേൽ വരും നൂനം ദിവ്യശക്തി നിങ്കലാച്ഛാദിക്കും ॥
എന്നതുകൊണ്ടു ജനിക്കുന്ന പൈതലുമുന്നതനന്ദനായിടുമെ ।
എന്നിവ കേട്ടതിസന്തുഷ്ടയായ്ക്കന്നി നിൻവാക്കുപോലെനിക്കുണ്ടാകെന്നു ॥
ചൊന്നോരനന്തരം ദൂതൻ ഗമിച്ചപ്പോൾ ചൊന്നാൾ സ്തുതിഗാനം ദൈവത്തിന്നു ।

൪. യേശുവിൻ ജനനം.

ചൊല്ക്കൊണ്ട കാനാമ്പുരത്തിൽ നചരെത്തിൽ പാൎത്ത മറിയ വിവാഹത്തിന്നു ।
ദാവീദ്യനാകിയ യോസേഫാം തച്ചനെ നിശ്ചയിച്ചമ്പോടെ വാഴുംകാലം ॥
നച്ചറത്തൂരിലല്ലേശു പിറന്നതു, പണ്ടു പ്രവാചകൻ ചൊന്ന പോലെ ।
ബെത്ല ഹേമൂരിൽ പിറന്നവാറമ്പോടു വിസ്താരം കൂടാതെ ചൊല്ലീടുന്നേൻ ॥
താന്താങ്ങൾ തങ്ങടെ സ്വന്തപുരങ്ങളിൽ, പേൎവ്വഴിചാൎത്തിപ്പാനാജ്ഞാപിച്ച ।
രാജാജ്ഞകൊണ്ടവർ സ്വന്തപുരമായ, ദാവീദ്പുരമാകും ബെത്ല ഹേമിൽ ॥
പേർവഴി ചാൎത്തിപ്പാനായ്വന്ന കാലത്തു, പാൎപ്പാനിടമില്ലാതായമൂലം ।
ഗോശാലയിങ്കലകമ്പൂകി പാൎക്കുന്നാൾ രാത്രയിലേശു ജനിച്ചവിടെ ॥
ബാലകന്തന്നുടൽ ജീൎണ്ണവസ്ത്രം ചുറ്റി കാലികൾ തൊട്ടിയിൽ പോറ്റികൊണ്ടാർ ।
യേശുവുമന്യശിശുക്കൾക്കു തുല്യനാം ഭേദിച്ചീടുന്നതൊ പാപംകൊണ്ടു ॥
ദേഹത്തിൽ വന്നുള്ള ദൈവമാമായവൻ പാപമില്ലാതെ പിറന്നാനല്ലൊ ।
ശക്തനാം ദൈവമെന്നത്ഭുതനാമത്തിൽ കിട്ടി നമുക്കൊരു ബാലകനെ ॥

൫. ഇടയന്മാർ.

യേശു ജനിച്ചന്നു രാത്രിയിൽ മേപ്പന്മാർ, കൂട്ടത്തെ മേച്ചു പറമ്പിൽ പാൎത്തു ।
ബെത്ല ഹേംസന്നിധി തന്നിലമ്മൈതാനെ അന്ധകാരം കൊണ്ടിരുണ്ടനേരം ॥
ഒക്കെ ജ്വലിക്കുന്ന ശുദ്ധ വെളിച്ചമങ്ങൊക്കെ പ്രകാശിച്ചു കണ്ടാരപ്പോൾ ।
ചൊന്നൊരു തേജസ്സ്വിയാകിയ ദൂതൻ തൻമംഗല ദൂതിതു കേൾപിൻ നിങ്ങൾ ॥
പേടിക്ക വേണ്ടിന്നു സൎവ്വ ജനങ്ങളുടെ രക്ഷകനായ്മേവുമേശു ക്രിസ്തൻ ।
ജാതനായെന്നുള്ള സദ്വൎത്തമാനത്തെ സാമോദം കേട്ടിട്ടിടയന്മാരും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/38&oldid=183985" എന്ന താളിൽനിന്ന് ശേഖരിച്ചത്