താൾ:Changanasseri 1932.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം

ചങ്ങനാശേരി പരമേശ്വരൻപിള്ള ഒരു സമുദായവാദിയായിട്ടാണു തന്റെ പൊതുക്കാർയ്യജീവിതം ആരംഭിച്ചതു്. അദ്ദേഹത്തിന്റെ ഗുരുനാഥനും, ഉപദേഷ്ടാവും അഭ്യുദയകാംക്ഷിയും സഹപ്രവർത്തകനുമായിരുന്ന സീ. കൃഷ്ണപിള്ളയും ഒരു വർഗ്ഗീയവാദിതന്നെയായിരുന്നു. ഇന്നത്തെ ദേശീയവീക്ഷണകോടിയിൽ നിന്നു നോക്കിയാൽ, ഒരുപക്ഷേ അവരുടെ പ്രവർത്തനങ്ങൾ വളരെ ഇടുങ്ങിയതും, രാജ്യത്തിനു ദോഷകരവുമായിരുന്നു എന്നു തോന്നാമെങ്കിലും അന്നത്തെ സാഹചര്യങ്ങളിൽ ഒരു ദേശീയപ്രസ്ഥാനം ഉണ്ടാക്കുകയെന്നുള്ളതു് അസംഭാവ്യമായിരുന്നു. വിസ്തൃതമായ ഇൻഡ്യാഭൂഖണ്ഡത്തിൽത്തന്നെ അന്നു കാര്യ്യമായ യാതൊരു ദേശീയപ്രവർത്തനങ്ങളുമുണ്ടായിരുന്നില്ല. ഭാരതമഹാജനസഭ ഉത്ഭവിച്ചുകഴിഞ്ഞിരുന്നു എങ്കിലും, പ്രാരംഭഘട്ടത്തിലെ അതിന്റെ പ്രവർത്തനരീതി പഠിച്ചിട്ടുള്ള ഒരാൾക്കു്, അന്നു വിപുലമായ തോതിൽ യാതൊരു ദേശീയ പരിപാടിയും ആ സ്ഥാപനത്തിനുണ്ടായിരുന്നില്ലെന്നു മനസ്സിലാക്കുവാൻ വിഷമമില്ല. ഭാരതീയജനതയുടെ ദേശീയബോധത്തിനോ, സ്വാതന്ത്ര്യതൃഷ്ണയ്ക്കോ, യാതൊരുണർവ്വും അന്നു ലഭിച്ചിരുന്നില്ല. ഭാരതസാമ്രാജ്യത്തിലെ ബഹുകോടിജനങ്ങൾ അജ്ഞതയിലും അർദ്ധനിദ്രയിലും കഴിഞ്ഞുകൂടുന്ന കാലമായിരുന്നു അതു്. ഇന്നത്തെ ദേശീയബോധവും സ്വാതന്ത്ര്യബുദ്ധിയും അടിസ്ഥാനമാക്കിവച്ചുകൊണ്ടു്, ഏകദേശം നാല്പതു വർഷങ്ങൾക്കു മുൻപുള്ള തിരുവിതാംകൂറിലെ പൊതുക്കാര്യ്യജീവിതത്തെ വിമർശിക്കുവാൻ തുടങ്ങുന്നതു മൌഢ്യമാണു്. ഏതായാലും ചങ്ങനാശേരിയുടെ പൊതുക്കാര്യ്യജീവിതത്തിനു് എന്നും ദേശീയമായ ഒരു കലർപ്പുണ്ടായിരുന്നു എന്നുള്ളതു് അദ്ദേഹത്തിന്റെ വിമർശകന്മാർ കൂടി സമ്മതിക്കുന്ന ഒരു കാര്യ്യമാണു്. പരമേശ്വരൻപിള്ളയുടെ നേതൃത്വത്തിൽ നായന്മാരുടെ വർഗ്ഗീയസംഘടനകൾ അപഥസഞ്ചാരം ചെയ്തിട്ടില്ലന്നു പറയുന്നതു

സാഹസമായിരിക്കുമെങ്കിലും, വർഗ്ഗീയവാദം ദേശീയജീവിതത്തോടനുരഞ്ജിപ്പിക്കുവാൻ അദ്ദേഹം അനവരതം യത്നിച്ചു കൊണ്ടിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/57&oldid=216725" എന്ന താളിൽനിന്ന് ശേഖരിച്ചത്