മതികളോടും, അധികാരപ്രമത്തതയോടും, യാതൊരു രാജിയും അദ്ദേഹത്തിനു സാധ്യമായിരുന്നില്ല. വികാരാവേഗത്തോടുകൂടി അദ്ദേഹമെഴുതിയിരുന്ന ലേഖനങ്ങൾ ചിലപ്പോൾ വ്യക്തിവിദ്വേഷപരങ്ങൾകൂടി ആയിരുന്നുവെങ്കിലും, പൊതുക്കാര്യ്യജീവിതത്തിന്റെ പരിശുദ്ധിയും ജനക്ഷേമവും മാത്രമാണു് അദ്ദേഹത്തെ നിയന്ത്രിച്ചിരുന്ന പ്രേരകശക്തികളെന്നു നിസ്സംശയം പറയാം. രൂക്ഷവും നിർദ്ദാക്ഷിണ്യവുമായിരുന്ന അദ്ദേഹത്തിന്റെ വിമർശനങ്ങൾ രാജസേവകന്മാർക്കും, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്കും ഒന്നുപോലെ ഹൃദയശല്യത്തിനു കാരണമായിത്തീർന്നു. ദിവാൻജിയും ശങ്കരൻതമ്പിയുമദ്ദേഹത്ത സ്വപ്നത്തിൽപോലും ഭയപ്പെട്ടു. ഉദ്യോഗസ്ഥലോകം അദ്ദേഹത്തെ വെറുത്തു. വൈരനിർയ്യാതനത്തിനുള്ള ഉപകരണങ്ങളും ആയുധങ്ങളും ബുദ്ധിശാലയിൽ അവർ ആരാഞ്ഞു തുടങ്ങി. രാമകൃഷ്ണപിള്ളയ്ക്കു ഇതറിയാമായിരുന്നു എങ്കിലും, അദ്ദേഹം തന്റെ കൃത്യമാർഗ്ഗത്തിൽനിന്നുപോലും വ്യതിചലിച്ചില്ല. അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു മൂർച്ച കൂടി. അപ്രതീക്ഷിതമാംവണ്ണം ഒരു സായാഹ്നത്തിൽ അധികാരികൾ അദ്ദേഹത്തെ അറസ്റ്റു്ചെയ്തു് ആരുവാമൊഴി കടത്തിവിട്ടു. തിരുവിതാംകൂറിലെ അന്നത്തെ പൊതുജനാഭിപ്രായത്തെ അത്യന്തം പ്രക്ഷുബ്ധമാക്കിയ ഒരു സംഭവമായിരുന്നു ഇതു്. അനീതിയോടും അസാന്മാർഗ്ഗികതയോടും നിരന്തരം പടവെട്ടിക്കൊണ്ടിരുന്ന രാമകൃഷ്ണപിള്ള ജനങ്ങളുടെ ആരാധനാപാത്രമായിത്തീർന്നു. യശശ്ശരീരനായ രാമകൃഷ്ണപിള്ള ഇന്നും മലാളികളുടെ ബഹുമാനാദരങ്ങൾക്കു പാത്രമാണു്. മാതൃഭൂമിയിൽനിന്നും ബഹിഷ്കൃതനായ ആ ദേശാഭിമാനി മലബാറിൽ വച്ചു നിര്യ്യാതനായി. കണ്ണൂർകടപ്പുറത്തു് അദ്ദേഹത്തിന്റെ
അന്ത്യാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുള്ള ഭൂമി സ്വാതന്ത്ര്യത്തിന്റേയും ത്യാഗസന്നദ്ധതയുടേയും പുക്ഷേത്രമായിക്കരുതി ചില തിരുവിതാംകൂർകാർ ഇന്നും ആ സ്ഥലത്തേയ്ക്കു തീർത്ഥയാത്ര പോകാറുണ്ടു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.