Jump to content

താൾ:Bhashastapadi.Djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരഹവേദനയും പറഞ്ഞു നിൻപാദേ
വിരവൊടു വീണു നമിപ്പോൻ
വിരചിതപൂമെത്തയിന്മേലിലിന്നു നിൻ
വരവുണ്ടെന്നോർത്തു വാഴുന്നു
രാധേ നിശമയ നീ മാധവമനുസര വാചം
രാധേ നിശമയ നീ
ഘനജഘനാദികനംകൊണ്ടു മന്ദം
കനിവൊടു ചെല്ലുന്ന നിന്റെ
കനകചിലമ്പൊലി കേട്ടു ചിത്തജ-
ജനകനാശ്വസിക്കട്ടെ ചെമ്മേ- (രാധേ നിശമയ...)

കേൾപ്പെട്ട ജഗത്രയമന്നനാം മദനന്റെ
കല്പന പറയപ്പെടുന്നു
ജല്പിക്കും വണ്ടുകളാലും കൂജിത-
തൽപരകുയിലുകളാലും (രാധേ നിശമയ...)

തളിർത്ത പൂവള്ളികളനിലതരളതര
തളിർക്കരങ്ങളെക്കാട്ടി നിന്നെ
വിളിച്ചിട്ടുപോവാൻ പ്രേരണം ചെയ്യുന്നു
വിളംബനമരുതൊട്ടും പുറപ്പെട്ടാലും (രാധേ നിശമയ...)

സ്മരതിരമാലകളുടെ പരമ്പരയേവ
പരിസ്ഫുരിക്കും പാവനകുചകുംഭം
ഹരിപരിരംഭസുഖോദയമടുത്തതു
സൂചിക്കുന്നു ചോദിച്ചാലും (രാധേ നിശമയ...)

അരിയ സുരതകലഹത്തെച്ചെയ്‌വാൻ
അരയും തലയും മുറുക്കി
മരുവുന്നതാളികളാരുമറിഞ്ഞുമറിയാതെ
കേശവമഭിസരിച്ചാലും (രാധേ നിശമയ...)

നല്ല വലത്തുകരം കൊണ്ടാളിയെ
നലമൊടവലംബിച്ചു
ചെല്ലുക ചലവലയാദികിലുക്കം
ചെവിയൊപ്പിച്ചജപാർശ്വേ

ഏഷാ ജയദേവകവിരാജകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമകട്ടെ കണ്ഠേ സുജനം
ഭൂഷണം പൊറുക്ക തൊഴുന്നേൻ (രാധേ നിശമയ...)

ശ്ലോകം

സാ മാം ഭൂക്ഷ്യതി വക്ഷ്യതി സ്മരകഥാഃ പ്രത്യംഗമാലിംഗനൈഃ
പ്രീതിം ദാസ്യതി രംസ്യതേ നനു സമാഗത്യേതി ചിന്താകുലഃ |
സത്വാം പശ്യതി വേപതേ പുളകയത്യാനന്ദതി സ്വിദ്യതി
പ്രത്യുൽഗഛതി മൂർഛതി സ്ഥിരതമഃ പുഞ്ജേ നികുഞ്ജേ പ്രിയഃ ||

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/40&oldid=157252" എന്ന താളിൽനിന്ന് ശേഖരിച്ചത്