താൾ:Bhashabharatham Vol1.pdf/493

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധർവ്വൻ പറഞ്ഞു
പാരിലൊക്കെപ്പുകഴ്ന്നുള്ള പുരാണാഖ്യാനമുത്തമം
വാസിഷ്ഠമിതു ഹേ പാർത്ഥ, കേട്ടുകൊൾക യഥാവലേ.

കാന്യകുബ്ജം വാണു മുന്നം മന്നവൻ ഭാരതർഷഭ!
ഗാധിയെന്ന മഹായോഗ്യൻ കുശികന്റെ കുമാരകൻ.

ധർമ്മാത്മാവാമവന്നുണ്ടായ് സമൃദ്ധബലവാഹനൻ
വിശ്വാമിത്രാഖ്യനാം പുത്രൻ വിശ്രുതൻ വൈരിമർദ്ദനൻ

അമാത്യരോടൊത്തു കൊടുംകാട്ടിൽ നായാടിനാനവൻ
മരുധന്വപ്രദേശത്തിൽ മാൻ പന്നികളെയെയ്തഹോ!

വ്യായാമത്താൽ തളർന്നിട്ടാവേട്ടക്കാരൻ പിപാസയാൽ
നരശ്രേഷ്ഠ, വസിഷ്ഠന്റെയാശ്രമത്തിൽ കരേറിനാൻ.

അവൻ വന്നതുകണ്ടിട്ടാ വസിഷ്ഠൻ പൂജ്യ പൂജകൻ
സൽക്കരിച്ചേറ്റു കൈക്കൊണ്ടാൻ വിശ്വാമിത്രനരേന്ദ്രനെ.

പാദ്യാർഗ്ഘ്യാചമനീയങ്ങൾകൊണ്ടും സ്വാഗതമാണ്ടുമേ
ആരണ്യമാം ഹവിസ്സേകി വേണ്ടുമ്മട്ടാദരിച്ചുതേ.

മഹാമുനി വസിഷ്ഠന്റെ കാമധേനുവുമപ്പൊഴേ
പറഞ്ഞപടി കാമങ്ങളും കറന്നേകീടിനാളുടൻ

നാട്ടിലും കാട്ടിലുമെഴും നാനാസസ്യങ്ങൾ പാലുമേ
കറന്നിതമൃതിന്നൊത്ത ഷഡ്രസാഢ്യരസായനം

ഭോജ്യങ്ങളായ പേയങ്ങൾ ഭക്ഷ്യങ്ങൾ പലമാതിരി
അമൃതൊക്കുന്ന ലേഹ്യങ്ങൾ ചൂഷ്യങ്ങളിവയർജ്ജുന!

വിലയേറുന്ന രത്നങ്ങൾ പലവസ്ത്രങ്ങളിങ്ങനെ
ഇത്ഥം സമ്പൂർണ്ണകാമത്താലർച്ചിച്ചളവിലാ നൃപൻ

അമാത്യസൈന്യസഹിതമിതാനന്ദമാർന്നുതേ
ആറുയർന്നും* സുപാർശ്വോരുവാർന്നുമഞ്ചു**തടിച്ചുമേ

മണ്ഡൂകമിഴി ചേർന്നേറ്റമവിടേന്തിപ്പെരുത്തുമേ,
നല്ല വാലും കൂർത്ത കാതും കൊമ്പുമായഴകാണ്ടുമേ

തടിച്ചുനീണ്ടതലയും കഴുത്തുംപൂണ്ടു ഭംഗിയിൽ
കണ്ടാനന്ദിനിയേ നന്ദിയാണ്ടഗ്ഗാധിനന്ദനൻ. 15

പരിതോഷത്തോടും ചൊന്നാൻ മുനിയോടാ നരാധിപൻ
വിശ്വാമിത്രൻ പറഞ്ഞു
അർബ്ബുദം ഗോക്കളേയെൻ രാജ്യംതന്നെയുമോ മുനേ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/493&oldid=156843" എന്ന താളിൽനിന്ന് ശേഖരിച്ചത്