താൾ:Bhashabharatham Vol1.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിന്മകൾക്കൊത്ത ഭർത്താവാം സൗമ്യൻ സംവരണൻ വിഭോ! 23

ഗന്ധർവ്വൻ പറഞ്ഞു
എന്നവൻ ചൊന്നളവവൻ കൊടുപ്പേനെന്നുറച്ചുടൻ
മുനിയോടഭിനന്ദിച്ചു ദിനേശൻ ചൊല്ലിയുത്തരം:

"നൃപശ്രേഷ്ഠൻ സംവരണ,നൃഷിശ്രേഷ്ഠൻ ഭവാനുമേ,
തരുണീശ്രേഷ്ഠ തപതി, പരമിദ്ദാനമുത്തമം"

പിന്നെസ്സർവ്വാനവദ്യാംഗിയാളാം തപതിയേ രവി
നല്കീ സംവരണന്നായി വസിഷ്ഠനുടെ കൈവശം.

കന്യകയാകും തപതിയെക്കൈക്കൊണ്ടാനാ മുനീശ്വരൻ
വസിഷ്ഠൻ രവി വിട്ടിട്ടു തിരിയേ പോന്നിതിങ്ങുടൻ.

വിഖ്യാതനാം കുരുകുലമുഖ്യനാ നരനായകൻ
മന്മഥാവിഷ്ടനവളിൽത്തന്മനസ്സാണ്ടെഴുന്നവൻ,

നൃപനോ സുസ്മിതമുഖി തപതി സുരകന്യയാൾ
വസിഷ്ഠനൊന്നിച്ചു വരുന്നതുകണ്ടു തെളിഞ്ഞുതേ.

നഭസ്സിൽനിന്നിറങ്ങുന്നോരവളേറ്റം വിളങ്ങിനാൾ
മിന്നിയാശകൾ മിന്നിക്കും മിന്നലെന്നകണക്കിനെ.

ക്ലേശത്തോടും പന്തിരണ്ടാം നിശ ഭൂപൻ മുടിക്കവേ
എഴുന്നെള്ളി ശുദ്ധബോധൻ വസിഷ്ഠഭഗവാൻ മുനി.

തപസ്സിനാൽ സംവരണൻ പ്രസാദിപ്പിച്ചു സൂര്യനെ
വസിഷ്ഠനുടെ മാഹാത്മ്യാൽ നേടിക്കൊണ്ടിതു ഭാര്യയെ.

പിന്നെപ്പുരം രാഷ്ട്രമുപവനം കാടിവയിൽ പരം
ആമന്ത്രിശ്രേഷ്ഠനെത്തന്നെയാദേശിച്ചാൻ മഹീശ്വരൻ.

നൃപസമ്മതവും വാങ്ങി വസിഷ്ഠനെഴുന്നെള്ളിനാൻ
അപ്പർവ്വതത്തിൽ ക്രീഡിച്ചാനമരാഭൻ നരാധിപൻ.

പിന്നെപ്പന്തീരാണ്ടുകാലം കാട്ടിലും പരമാറ്റിലും
ക്രീഡിച്ചൂ ഭാര്യയൊന്നിച്ചാഗ്ഗിരിയിൽത്തന്നെ മന്നവൻ.

അബ്ഭൂപന്റെ പുരത്തിങ്കലാപ്പന്തീരാണ്ടു സന്മതേ!
മഴപെയ്തില്ല ദേവേന്ദ്രനവ്വണ്ണം പുറനാട്ടിലും.

ഈവണ്ണം മഴയില്ലാതെയായപ്പോളരിമർദ്ദന!
ക്ഷയിച്ചുവന്നിതു ചരാചരമാകും പ്രജാവ്രജം.

ഏവമത്യുഗ്രമായോരക്കാലം മൂത്തുവരും വിധൗ
മഞ്ഞും മന്നിൽ കൊഴിഞ്ഞില്ലാ മുളച്ചീലൊരു സസ്യവും. 40

ക്ഷുൽ പീഡയോടും പ്രജകളുൾഭ്രമപ്പെട്ടു സർവ്വരും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/490&oldid=156840" എന്ന താളിൽനിന്ന് ശേഖരിച്ചത്