താൾ:BhashaSasthram.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലിപിദൗർല്ലഭ്യം:

ഒരേ ഭാഷക്കാർതന്നെ ആയിരുന്നാലും വക്ത്യഗണം സ്വഭാഷാശബ്ദങ്ങളുടെ സർവ്വാംശങ്ങളേയും തുല്യരീത്യാ ഉച്ചരിക്കുന്നില്ല. ഏകഭാഷ സംസാരിക്കുന്ന രണ്ടുപേരുടെ സ്വരവ്യഞ്ജനോച്ചാരങ്ങളിലും ആധ്മാന (Accent) വൃത്തികളിലും ഉള്ളവ്യത്യാസങ്ങൾ മാത്രം സൂക്ഷ്മമായി വിവേചിക്കുന്ന പക്ഷവും അവ തമ്മിൽ ഭിന്നങ്ങളായിരിക്കുമെന്നുള്ളതു നിശ്ചയമാണു്. ഈ സ്ഥിതിക്കു് ഭാഷകൊണ്ടു പെരുമീറുന്ന അനവധി വ്യക്തികളുടെ ഉച്ചാരപരമ്പരയിലുള്ള സർവ്വവൈവിധ്യങ്ങളേയും പ്രകാശിപ്പിക്കുന്നതിനു് ഓരോ ഭാഷയിലുമുള്ള പരിമിതമായ ലിപികൾകൊണ്ടു സാധിക്കുന്നതല്ലല്ലൊ.

ശബ്ദവർദ്ധന:

എല്ലാ ഭാഷകളിലും ബാഹ്യങ്ങളും ആഭ്യന്തരങ്ങളുമായ പരിതഃസ്ഥിതികളെ ആശ്രയിച്ചു് ഉച്ചാരണം ഒരു തലമുറയിൽ ഉദിക്കയും പിന്നത്തേതിൽ ത്വരീഭവിക്കയും മൂന്നാമത്തെ മുറയിൽ പാരമ്പര്യ്യനിഷ്ഠമായി തീരുകയും അനന്തരം നൂതനപരിണാമങ്ങളോടുകൂടി വീണ്ടും അഭിവൃദ്ധിപ്രാപിക്കയും ചെയ്തു കൊണ്ടിരിക്കുന്നു. ഭാഷയുടെ വളർച്ചയ്ക്കു മുഖ്യാശ്രയമായി ഏർപ്പെട്ടിട്ടുള്ള ഒരു സ്വാഭാവികധർമ്മമാണു് ഇതു്. ആകയാൽ ഒരിക്കൽ ശബ്ദത്തിന്റെ സൗക്ഷ്മ്യസൂചകമായി കല്പിക്കപ്പെട്ട ലിപികൾതന്നെയും ഒരു അർദ്ധശതാബ്ദകാലത്തോളം അതേ അവസ്ഥയിൽ നിന്നിട്ടു പ്രായേണ ആ നില വിട്ടു് നിർദ്ദിഷ്ടപ്രാതിനിധ്യത്തിൽനിന്നു് ഏറെക്കുറെ അകന്നുപോകുന്നു.

കരണഗുണാന്തരം:

ഓരോ ഭാഷയിലും ശബ്ദാഭിവൃദ്ധിയനുസരിച്ചു് അപ്പോഴപ്പോൾ നൂതനലിപികൾ വേണ്ടുവോളം ഏർപ്പെടുത്താമെന്നു വെച്ചാലും വക്തൃഗണത്തിന്റെ ദൈഹികമായ അവസ്ഥാഭേദങ്ങളാൽ അവയ്ക്കും ശബ്ദത്തിന്റെ യഥാർത്ഥപ്രാതിമ്യം ഉണ്ടാകുന്നതല്ല. ഭാഷകന്മാരുടെ കണ്ഠതാല്വാദിസ്ഥാനങ്ങൾക്കും നാവിന്നും ഉള്ള മെഴുപ്പു്, കൊഴുപ്പു്, കാഠിന്യം, മാർദ്ദവം

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/13&oldid=215758" എന്ന താളിൽനിന്ന് ശേഖരിച്ചത്