താൾ:BhashaSasthram.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതലായ ഗുണാന്തരങ്ങളാൽ അതതു വ്യക്തികളുടെ മുഖത്തു നിന്നു് പുറപ്പെടുന്ന ഒരേ ശബ്ദത്തിനുതന്നെ ഭാവപ്പകർച്ചകൾ സംഭവിക്കുന്നതു സാധാരണമാണു്.

പ്രസ്തുതകാരണങ്ങളാൽ ആദിയിൽ ശബ്ദപ്രാതിനിധ്യത്തോടുകൂടി പ്രത്യക്ഷപ്പെട്ട ലിപികൾ ക്രമേണ ആ സ്ഥിതി വെടിയുകയും അനന്തരം വിദ്യാഭ്യാസവർദ്ധന, ലേഖനകലയ്ക്കുണ്ടായ പ്രചുരപ്രചാരം, ശാസ്ത്രാഭിവൃദ്ധി എന്നിവയാൽ ജീവൽഭാഷകളിൽ ശബ്ദങ്ങൾ ലീപിപ്രതിമങ്ങളാക്കി സംഗ്രഹിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇതു് ഒരു കൃതകപരിണാമം മാത്രമാണെന്നു പറയേണ്ടതില്ലല്ലൊ. ഭാഷയിൽ സഹജസാധാരണമായുള്ള ഉച്ചാരാഭിവൃദ്ധി അഗണ്യമാക്കി ലിപികളുടെ എണ്ണം പുരസ്കരിച്ചു് സംഖ്യാതീതമായ നാദവൈചിത്ര്യങ്ങളെ ചുരുങ്ങിയ തോതിൽ പരിഗണിക്കുന്ന ഈ സമ്പ്രദായം ഭാഷാതത്ത്വപഠനത്തിനു അനുകൂലമല്ല. ആകയാൽ ഉച്ചാരത്തിൽ വ്യക്തിഗതമായും വർഗ്ഗഗതമായും ഉണ്ടാകുന്ന വ്യത്യാസങ്ങളും അവയുടെ വൈചിത്ര്യോപാധികളും താഴെ വിവേചിക്കുന്നു. ഇതിൽ വ്യക്തിഗതമായ വ്യത്യയങ്ങൾക്കു സൗകര്യാർത്ഥം വിശേഷപരിണാമം എന്നും വർഗ്ഗീയമായ വ്യതിക്രമങ്ങൾക്കു സാമാന്യപരിണാമമെന്നും സംജ്ഞ കല്പിക്കാം . ഉച്ചാരത്തിൽ അവയവാശ്രിതമായുും ആസക്തി മൂലകമായും പ്രകൃത്യാ ഉണ്ടാകുന്ന പ്രസ്ഥാനഭേദങ്ങളാണു് ഈ രണ്ടു ജാതിപരിണതികൾക്കും കാരണങ്ങൾ ആയിരിക്കുന്നതു്.

വിശേഷപരിണാമം:

ഉച്ചാരാംഗങ്ങളുടെ ഗുണവൃത്തിഭേദങ്ങളാൽ ഈദൃശപരിണാമംതന്നെ രണ്ടു സമ്പ്രദായത്തിൽ കാണപ്പെടുന്നു. 1. മനുഷ്യജാതിയിൽ ഓരോ വ്യക്തിയുടേയും ധ്വനിജനകങ്ങളായ അവയവങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും അവയുടെ നിരന്തരമായ സാമുദായികവ്യാപാരങ്ങളും ഒരിക്കലും തുല്യഗുണങ്ങളോടുകൂടി ഇരിക്കുന്നില്ല. ഒച്ച കേട്ടാൽ ആൾ അറിയാം എന്നുള്ള ലോകോക്തി ആരുംസമ്മതിക്കുന്നതാണു്. ആകയാൽ ഏതു മനുഷ്യന്റെയും ശബ്ദം പ്രത്യേകം വിവേചി

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/14&oldid=215764" എന്ന താളിൽനിന്ന് ശേഖരിച്ചത്