Jump to content

താൾ:BhashaSasthram.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം

ഉച്ചാരണവും ലിപികളും

ഉള്ളിൽ ഉദിച്ചുയരുന്ന ശോകഹർഷാദിവികാരങ്ങളാൽ പ്രേരിതമാകുമ്പോൾ ജീവജാലം മുഖത്തുനിന്നു പലമാതിരി ധ്വനികൾ പുറപ്പെടുവിക്കുന്നതു സാധാരണമാണെങ്കിലും, ഹൃദയഗതങ്ങളായ വിചാരങ്ങൾ സ്പഷ്ടമാംവണ്ണം പരസ്പരം വിനിമയം ചെയ്യുന്നതിനുവേണ്ടി മനുഷ്യവർഗ്ഗം പ്രയോഗിക്കുന്ന ഒരുവക വിശേഷശബ്ദങ്ങളുടെ ശേഖരമാണു് ഭാഷ. ജനസമൂഹം ആദിമകാലത്തു് ഈ ശബ്ദങ്ങളെ മുഖം കൊണ്ടുച്ചരിക്കയും ചെവികൊണ്ടു ഗ്രഹിക്കയും മാത്രമേ ചെയ്തിരുന്നു. അതിനാൽ ആ ദശയിൽ ഭാഷയുടെ ഉപയോഗവും വ്യാപ്തിയും പരിമിതമായിരുന്നു. എന്നാൽ കാലക്രമേണ മനുഷ്യഗണം വർദ്ധിച്ചു പരക്കുകയും ലോകവ്യവഹാരങ്ങൾ അഭിവൃദ്ധിപ്പെടുകയും ചെയ്തതുനിമിത്തം ദൂരസ്ഥിതന്മാരുമായുള്ള സംസർഗ്ഗം സാധിക്കുന്നതിനും മറ്റുമായി ഭാഷ കൈകൊണ്ടു പ്രയോഗിക്കയും കണ്ണുകൊണ്ടു ഗ്രഹിക്കയും ചെയ്യത്തക്കവണ്ണം ലേഖനവിദ്യ ആരംഭിച്ചു. കലാപരമായി അവതരിച്ച ഈ കൃത്രിമോപാധിയിൽ നാദപ്രതിരൂപങ്ങളായി കല്പിക്കപ്പെട്ടവയാണു് ലിപികൾ. എങ്കിലും ജീവൽഭാഷകളിൽ നാദങ്ങൾക്കുള്ള സൂക്ഷ്മഭേദങ്ങളേയോ അനൈക്യത്തേയോ നിർദ്ദേശിക്കുന്നതിനു ലിപികൾ അസമർത്ഥങ്ങളാണു്. അതിനുള്ള കാരണങ്ങൾ (1) ഏതു ഭാഷയിലും ലിപികളുടെ സംഖ്യ വേണ്ടതിൽ വളരെ കുറവായിരിക്കുന്നതും (2) ശബ്ദങ്ങൾ മേൽക്കുമേൽ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുന്നതും (3) ഭാഷകസമൂഹത്തിൽ ഓരോ വ്യക്തിയുടേയും കരണഗുണം സർവ്വത്ര പരസ്പരഭിന്നമായി കാണപ്പെടുന്നതുമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/12&oldid=215755" എന്ന താളിൽനിന്ന് ശേഖരിച്ചത്