താൾ:Adhyathmavicharam Pana.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തോന്നിയാലതു സത്യമാമോ എന്നാൽ
തോന്നുന്നതൊക്കെ സത്യമായീടുമോ
തോന്നുന്നീലയോ രജ്ജുവിൽ സർപ്പവും
ശുക്തിയിൽ രജതത്തെയുമങ്ങനെ.


ദിഗ്ഭ്രമം മൃഗതൃഷ്ണയെന്നീവക
തോന്നീടുന്നതു സത്യമായീടുമോ?
ഒന്നുതന്നെ പലതായി തോന്നുമെ-
ന്നൊന്നു രണ്ടല്ല കണ്ടറിയുന്നു നാം.       48


എന്നതൊന്നു വിചാരിച്ചു നോക്കണം
മന്ദബുദ്ധികളെങ്കിലും നാമിപ്പോൾ
ഏകനായുള്ള സൂര്യനെത്തോയത്തി-
ലേറിയോന്നായിക്കാണുന്നിതില്ലയോ.


ഹേതുവെന്തിതിനെന്നു നിനയ്ക്കുമ്പോൾ
മോഹമെന്നിയേ മറ്റൊന്നുമില്ലഹോ
ഫേനമെന്നും തരംഗമെന്നും ജല-
പ്പോളയെന്നും ചുഴിയെന്നുമിങ്ങനെ.


നേരുതന്നെ വിചാരിച്ചുകാണുമ്പോൾ
വാരി തന്നെ പലതായിത്തോന്നുന്നു
മഹത്താകിയോരാകാശമല്ലയോ
മഠത്തിന്നകത്തൊക്കവേ കാണുന്നു.       60


ഘടത്തിന്നകത്തിങ്കലും കാണുന്നു
ഘടിച്ചീടുമോ ഭേദമിവറ്റിങ്കൽ
ജീവനെന്നും പരമെന്നും ചൊല്ലുന്നു
ഏവമെന്നത്രേ വേദം പറയുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/9&oldid=155769" എന്ന താളിൽനിന്ന് ശേഖരിച്ചത്