താൾ:Adhyathmavicharam Pana.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യാരോപിതമായ ജഗത്തിന്റെ
അപവാദം ഗുരുവരകാരുണ്യാൽ
ഒരുവണ്ണം പറഞ്ഞേനിതുകൊണ്ടും
ജീവന്മുക്തി സുശിക്ഷിതമായീടും.
ഇപ്രകാരമാകുംപോഴജ്ഞാനവു-
മതുകൊണ്ടുള്ള ബന്ധവുമങ്ങനെ
ജ്ഞാനവുമതിനാലുള്ള മോക്ഷവും
നിത്യശുദ്ധനായീടുമാത്മാവിന്നു
ഒരുകാലവുമില്ലെന്നു തന്നെയാം
ദൃഢനിശ്ചയം ബ്രഹ്മനിഷ്ഠന്മാർക്കും
ഇതുതന്നെ ശ്രുതിശിരോവാക്യങ്ങൾ-
ക്കതിഗൂഢമായുള്ള സിദ്ധാന്തവും.
ശാസ്ത്രഗർത്തത്തിൽ വീണുരുളുന്നതു
മാത്രംകൊണ്ടറിയാമോ പരമാർത്ഥം
നേത്രമുള്ള ഗുരുവരകാരുണ്യാൽ
ശ്രോത്രം തന്നിലുപദേശം കൂടാതെ.
പാത്രമെന്നുമപാത്രമെന്നും ചില
ശാസ്ത്രം കൊണ്ടു പറയുന്നതൊക്കെയും
ശ്രോത്രിയാണാം ഗുരുവറിഞ്ഞിട്ടല്ലോ
ശാസ്ത്രസാരമുപദേശിക്കുന്നതും
ഗുരുശാസ്ത്രമൊഴിഞ്ഞുടനാരിന്നു
പരമാർത്ഥസ്വരൂപമറിയുന്നു
ഗുരുപാദശുശ്രൂഷകൊണ്ടുണ്ടാകും
പരമായുള്ള ശാസ്ത്രവിജ്ഞാനവും.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/49&oldid=155763" എന്ന താളിൽനിന്ന് ശേഖരിച്ചത്