ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ബഹുവാരം ശ്രവണം കഴിച്ചാലും
- ഒരു നേരവും ദേഹാദി സാക്ഷിയാം
- സ്വസ്വരൂപത്തെത്തോന്നാതിരിക്കുന്ന-
- തസംഭാവനയെന്നല്ലോ ചൊല്ലുന്നു.
- ഏകവാരം ശ്രവണങ്ങളെക്കൊണ്ടു
- ദേഹാദിവ്യതിരിക്താത്മവിജ്ഞാനം
- ഉണ്ടായെന്നാലും പൂർവജന്മങ്ങളി-
- ലഭ്യസിച്ചുള്ള ദുർവാസനാബലാൽ.
- കൂടെക്കൂടെയിദ്ദേഹമാത്മാവെന്നും
- ജഗത്‌സത്യമെന്നും പിന്നെ ചിത്തത്തിൽ
- തോന്നീടുന്നതിനെയും വിപരീത-
- ഭാവനയെന്നു ചൊല്ലുന്നു സത്തുക്കൾ.
- അസംഭാവനയേയും വിപരീത
- ഭാവനയുമശേഷംനശിപ്പിപ്പാൻ
- ജഗന്മിഥ്യാത്വദേഹമനാത്മത്വ-
- മിവ രണ്ടും മറക്കാത്ത വൈഷമ്യം.
- അദ്ധ്യാരോപാപവാദങ്ങൾ കൂടാതെ-
- (ജഗന്മിഥ്യാത്ത്വം രണ്ടു നന്നായുറക്കാത്തതിനാലെ.)
- യദ്ധ്യാരോപാപവാദങ്ങളിൽ വച്ചു
- അദ്ധ്യാരോപം ജഗത്തിനെ ചൊല്ലുന്നു
- ബുദ്ധ്യാരൂഢമാക്കീടുവാൻ ബ്രഹ്മത്തിൽ.
- സിദ്ധന്മാരരുൾചെയ്ത പ്രകാരങ്ങൾ
- സാധ്യമേറെയുണ്ടാകകൊണ്ടങ്ങനെ
- നിർവ്വികാരമാം ബ്രഹ്മത്തിനുണ്ടല്ലോ
- സർവനിർമ്മാണശക്തിയതു തന്നെ.