താൾ:Aarya Vaidya charithram 1920.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮ ആൎയ്യവൈദ്യചരിത്രം അദ്ധ്യാ

യയ്ക്കുകയും ചെയ്തു. ഈ സഹോദരന്മാർ, അപ്പോൾ ച്യവനമഹൎഷിയുടെ അടുക്കൽ ചെന്നു സങ്കടം ബോധിപ്പിച്ചു. അദ്ദേഹം വളരെ വൃദ്ധനും ജരാനരകൾക്കധീനനും ആയിരുന്നെങ്കിലും, ശൎയ്യാതി എന്ന രാജാവിന്റെ പുത്രിയും സുന്ദരിയും ആയ സുകന്യ എന്ന യുവതിയെ വിവാഹംചെയ്തിരുന്നു. ആ വൈദ്യന്മാർ ഒരു ലേഹ്യം കൊടുത്തതു കഴിച്ചതിനാൽ അദ്ദേഹത്തിന്നു വാൎദ്ധക്യം ബാധിച്ചതെല്ലാം ക്ഷണത്തിൽ പോയി, ആരോഗ്യവും, യൗവ്വനവും, ബലവും വീണ്ടും ഉണ്ടാവുകയും, ആയുഷ്കാലം ദീൎഗ്ഘിക്കുകയും ചെയ്തു. [1] ഈ ലേഹ്യത്തിന്ന് ഇന്നും "ച്യവനാലേഹം" എന്നു പേർ പറഞ്ഞുവരുന്നു. കൃതജ്ഞനായ ആ മഹൎഷി, താൻ അവരുടെ കാൎയ്യത്തിൽ സന്ധി സംസാരിക്കാമെന്നും, യാഗത്തിൽ അവൎക്കു വീണ്ടും അവകാശം കിട്ടുമാറാക്കാമെന്നും പ്രതിജ്ഞചെയ്തു. ഉടനെതന്നെ അദ്ദേഹം പോയി തന്റെ ശ്വശുരനായ ശൎയ്യാതിയോട് ഒരു യാഗം ചെയ്യേണമെന്നാവശ്യപ്പെട്ടു. യാഗം തുടങ്ങി യജ്ഞാംശങ്ങളെ ഭാഗിക്കുവാനുള്ള സമയം വന്നപ്പോൾ ച്യവനമഹൎഷി അശ്വിനീദേവകൾക്കും അവൎക്കു കിട്ടേണ്ടതായ ഭാഗം ശരിയായി കൊടുത്തു. ഇന്ദ്രൻ ഇതു കണ്ടിട്ട് കലശലായി കോപിച്ച് ആ മഹൎഷിയുടെ തലയ്ക്കു വജ്രം ഓങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൈതന്നെ സ്തംഭിച്ചുപോയി. അശ്വിനീദേവകൾ ഉടനെ ഇന്ദ്രന്റെ പക്ഷാഘാതത്തെയും മാറ്റിക്കൊടുത്തു. ഇങ്ങിനെ, ഇവർ തങ്ങളുടെ വിദ്യകൊണ്ടും സാമൎത്ഥ്യംകൊണ്ടും ദേവകളുടെ കൂട്ടത്തിൽ രണ്ടാമതും ചേൎക്കപ്പെടുകയും, യാഗാംശം ലഭിക്കുകയും ചെയ്തു. ഈ ഭിഷഗ്വരന്മാർതന്നെ രുചിയുടെ പുത്രനായ യജ്ഞന്റെ ഉടലും തലയും രുദ്രൻ വേർപെടുത്തിയിരുന്നതു വീണ്ടും യോജിപ്പിച്ചതിന്നു വളരെ മാനിക്കപ്പെട്ടു. ദേവന്മാരും അസുരന്മാരും തമ്മിൽ പലപ്പോഴും യുദ്ധങ്ങളുണ്ടായി


  1. ഋഗ്വേദം, I-൧൧൭:൧൩
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/33&oldid=155648" എന്ന താളിൽനിന്ന് ശേഖരിച്ചത്