താൾ:Aarya Vaidya charithram 1920.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

തോരണശൃംഗങ്ങൾ, മനോഹരങ്ങളായ പ്രാസാദങ്ങൾ എന്നുവെക്കേണ്ട പണ്ടത്തെ ശില്പവീരന്മാരുടെ പ്രതിഭാവിശേഷത്തിന്റെ പ്രതിബിംബങ്ങളായിരിക്കുന്ന ഓരോ ശില്പ നിൎമ്മാണങ്ങൾ അവയുടെ നിശ്ശബ്ദമായ വക്പാടവംകൊണ്ടു മേൽപ്പറഞ്ഞ സംഗതി ധാരാളം വെളിവാക്കുന്നുണ്ടല്ലൊ. ഇന്ത്യയെസംബന്ധിച്ച വിഷയങ്ങളിൽ ഒരു വലിയ പ്രമാണമായി ഗണിക്കപ്പെടുന്ന ഡബ്ളിയു. ഡബ്ളിയു. ഹണ്ടർ അലക്സാണ്ടർ എന്ന മഹാൻ ഇന്ത്യയെ വിട്ടുപോയപ്പോൾ ഇവിടെയുള്ള ശില്പവിശേഷങ്ങളെ കണ്ടു പകൎത്തിക്കൊണ്ടു വരാൻ തന്റെ സ്വന്തം ചിത്രമെഴുത്തുകാരിൽ ചിലരെ ഇവിടെ താമസിപ്പിച്ചു എന്നും, അവർ അതെല്ലാം പകൎത്തെടുത്ത് സ്വരാജ്യത്തേക്ക് കൊണ്ടുപോയി എന്നും ഊഹിച്ചിരിക്കുന്നു.

"ധനുൎവ്വേദം" ആൎയ്യന്മാരുടെ യുദ്ധസമ്പ്രദായങ്ങളെല്ലാം വിവരിക്കുന്ന ഒരു പുരാതന ശാസ്ത്രമാകുന്നു. അതിൽ ആയുധങ്ങളൂടെ തരങ്ങളും മറ്റും വിശദമായി പറഞ്ഞിട്ടുണ്ട്.

ആയുധങ്ങൾ പ്രധാനമായി നാലു വിധത്തിലാകുന്നു:-

(൧) മുക്തം (കയ്യിൽനിന്നു വിടുന്നത്), ചക്രം മുതലായത്.
(൨) അമുക്തം (കയ്യിൽനിന്നു വിടാത്തത്), വാൾ മുതലായത്.
(൩) മുക്താമുക്തം (കയ്യിൽനിന്നു വിട്ടും വിടാതെയും പ്രയോഗിക്കുന്നത്), ശക്തിമുതലായത്.
(൪) യന്ത്രമുക്തം (യന്ത്രസഹായംകൊണ്ടു പ്രയോഗിക്കുന്നത്), ശരം മുതലായത്.

അവരുടെ സൈന്യത്തിൽ, കാലാൾപ്പട, കുതിരപ്പട, തേൎപ്പട, ആനപ്പട ഇങ്ങിനെ നാലുഭാഗങ്ങളുണ്ടായിരുന്നു. ഇവയ്ക്കു ക്രമത്തിൽ, പദാതി, അശ്വാരൂഢം, രഥാരൂഢം, ഗജാരൂഢം എന്നും പേർപറയും. ആദ്യകാലം മുതൽക്കെ ഹിന്തുക്കൾക്കു ക്ഷത്രിയന്മാർ എന്നു പറയുന്ന ഒരു യോധജാതിതന്നെ ഉണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/21&oldid=155606" എന്ന താളിൽനിന്ന് ശേഖരിച്ചത്