൧൫൮ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
മിടിക്കുകയും, ഹംസത്തിന്റെയോ മാടപ്രാവിന്റെയോ ഗതിപോലെ ഇരിക്കുകയും ചെയ്യുന്നതാണെങ്കിൽ അവിടെ കഫകോപമാണെന്നും തീർച്ചപ്പെടുത്തണം. ഒരു കപിഞ്ജലപക്ഷി ഓടുന്നതുപോലെയിരിക്കുന്ന നാഡീസ്പന്ദനം ഉന്മാദത്തെ സൂചിപ്പിക്കുന്നതാകുന്നു. അനിയതമായ (നിയമം കൂടാത്ത) ഒരു നാഡീസ്പന്ദനം കണ്ടാൽ മദാത്യയരോഗമുണ്ടെന്നു നിശ്ചയിക്കാം. അറിയുവാൻ ഏകദേശം തീരെ പ്രയാസമുള്ളതും, താണതും, നിയമമില്ലാത്തതും, ഏറ്റവും ക്ഷീണിച്ചതും, ആയ സ്പന്ദനം മരണത്തെ സൂചിപ്പിക്കുന്നതുമാകുന്നു. പനിയുള്ളവന്റെയോ കാമാർത്തന്റെയൊ നാഡീസ്പന്ദനം വേഗത്തോടുകൂടിയിരിക്കും. നല്ല ശരീരസൗഖ്യമുള്ളവന്റെയാണെങ്കിൽ അതു മദ്ധ്യബലത്തോടുകൂടിയും, ശരിയായുമിരിക്കുകയും ചെയ്യും. ഇതൊന്നുംകൂടാതെ ഇനിവേറെ പലേ ദേഹസ്ഥിതി ഭേദങ്ങളേയും ഈ നാഡീസ്പന്ദനം സൂചിപ്പിക്കുന്നതാണെന്ന് ആശ്ചൎയ്യകരമായവിധത്തിൽ ഓരോ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്നു. പ്രാചീനസംസ്കൃതഗ്രന്ഥങ്ങളിൽ കാണുന്ന മാതിരിയിലുള്ള നാഡീസ്പന്ദനവിവരണവും യൂറോപ്പിൽ ഈ വിഷയത്തിൽ ഏറ്റവും വലിയൊരു പ്രമാണഭൂതനും യോഗ്യനുമായ ഗാലൻ എന്ന പ്രസിദ്ധവൈദ്യൻ കൊണ്ടുവന്നിട്ടുള്ള നാഡീസ്പന്ദനസിദ്ധാന്തവും തമ്മിൽ വളരെ സാദൃശ്യമുണ്ടെന്നുകൂടി ഈ സന്ദൎഭത്തിൽതന്നെ പ്രസ്താവിക്കുന്നതു രസകരമായിരിക്കുമല്ലൊ. "അദ്ദേഹത്തിന്നുശേഷമുണ്ടായ സകലവൈദ്യന്മാരും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ മതത്തെ കേവലം പകർത്ത് എഴുതുകയാണു ചെയ്തിട്ടുള്ളത്." (ഡോക്ടർ ബർഡൊ). ഗാലനാകട്ടെ ക്രമത്തിൽ താണു ചുരുങ്ങിച്ചുരുങ്ങി വരുന്നതായ നാഡീസ്പന്ദനത്തേയും (Pulsus myurus), ഉറുമ്പരിക്കുന്നതുപോലെ അറിയുവാൻ വളരെ പ്രയാസമുള്ളതായ സ്പന്ദനവിശേഷത്തേയും (Pulsus formicans), ആടിനെപ്പോ