ഈജയിൻ - തിരുമനസ്സുകൊണ്ടു എന്നോടു ഒരു കരുണയും കാണിക്കയില്ലെന്നുതന്നെ ഉറച്ചിരിക്കുന്നുവെങ്കിൽ കാലതാമസം കൂടാതെ എന്റെ മരണഭീതികൾക്കു ഒക്കെയും ഒരു നിവൃത്തി വരുത്തി തരുമാറാകേണം.
സൊലീനസ്സു രാജാവു - സൈറാക്ക്യൂസുകാരനായ വ്യാപാരീ നീ ഇനി ഏറെയൊന്നും പറഞ്ഞിട്ടു ആവശ്യമില്ല. ന്യായരഹിതമായി യാതൊന്നും നമുക്കു പ്രവൃത്തിച്ചുകൂടാ. കുറഞ്ഞോരു നാൾക്കുമുമ്പു നമ്മുടെ വ്യാപാരികളുടെ നേരെ നിങ്ങളുടെ രാജാവു കാണിച്ചിട്ടുള്ള കാഠിന്യതയെക്കുറിച്ചു ഓർത്താൽ നിന്നോടു ലേശംപോലും ദയ കാണിപ്പാൻ പാടില്ല. ആ ക്രൂരന്റെ കൈവശത്തിൽ അകപ്പെട്ടുപോയ നമ്മുടെ പാവപ്പെട്ട വ്യാപാരികൾക്കു പണംകൊടുത്തു തങ്ങളുടെ ജീവനെ വീണ്ടുകൊൾവാൻ ഗതിയില്ലാഞ്ഞതിനാൽ അവരുടെ പ്രാണഹാനി വന്നു. അതിൽ പിന്നെ കലഹപ്രിയരായ ആ ദിക്കുവാസികളും ഞങ്ങളും തമ്മിൽ അന്യോന്യം വ്യാപാരം ചെയ്തുകൂടായെന്നും എഫേസൂസിൽ ജനിച്ചിട്ടുള്ളവരിൽ ആരെയെങ്കിലും സൈറാക്ക്യൂസിൽ വെച്ചു കാൺകയൊ അപ്രകാരംതന്നെ സൈറാക്ക്യൂസിൽ പിറന്നിട്ടുള്ള യാതൊരുത്തനെയെങ്കിലും എഫേസൂസിലെ അതൃക്കകത്തു കാലെടുത്തുകുത്തിയപ്രകാരം കാൺകയോ ചെയ്താൽ ഒരായിരം വരാഹൻകൊണ്ടു അവൻ തന്റെ ജീവനെ വീണ്ടുകൊള്ളാത്തപക്ഷം അവന്റെ വസ്തുവകകൾ ജപ്തിചെയ്തു വിറ്റു സർക്കാരിൽ ചേർക്കുമെന്നും ഇരുപാട്ടുകാരും കൂടിയ ഒരു യോഗമുഖേന നിശ്ചയിച്ചു സ്ഥിരപ്പെടുത്തിയിരിക്കുന്നു. നിന്റെ വസ്തുക്കൾ മോഹവിലെക്കു വിറ്റാലും അവയ്ക്കു നൂറു വരാഹനിൽ അപ്പുറം കിട്ടുകയില്ലാത്തതുകൊണ്ടു രാജ്യചട്ടപ്രകാരം നീ മരണത്തിനു യോഗ്യനായിരിക്കുന്നു.