വന്നാൽ നീ ഈ പറയുന്ന ക്ഷമയൊന്നും അപ്പോൾ നിന്റെ പക്കൽ കാണുമെന്നു തോന്നുന്നില്ല.
ലൂസി - ആകട്ടെ. ഇതു പരീക്ഷിപ്പാനായിട്ടു ഞാനും ഒരിക്കൽ വിവാഹം ചെയ്തുനോക്കാം. എന്നാൽ ഇതാ നിങ്ങൾ അയച്ച വേലക്കാരൻ വരുന്നു. നിങ്ങളുടെ ഭർത്താവും പുറകേ വരുന്നുണ്ടായിരിക്കും.
അഡ്രി - എന്തായി. ഡ്രോമിയോ യജമാനൻ വരുന്നുണ്ടോ?
ഡ്രോമി - ഇല്ലില്ല. ഞാൻ ചെന്നു വിളിച്ചാറേ അദ്ദേഹം എന്നെത്തല്ലി ഇട്ടോടിക്കയാ ചെയ്തതു.
അഡ്രി - നീ അവരെക്കണ്ടു സംസാരിച്ചുവോ? എന്താ അവർ വരുന്നില്ലയോ?
എ.ഡ്രോ - ഞാൻ ചെന്നു വിളിച്ചശേഷം എന്നോടു വക്കാണത്തിന്നു വരികയാണു ചെയ്തതു. അതിന്റെ കാരണം എന്തെന്നു ഇനിക്കു അറിഞ്ഞുകൂടാ. അമ്പോ! എത്ര അടി അദ്ദേഹം എന്നെ അടിച്ചു.
അഡ്രി - അതു കിടക്കട്ടെ. അവർ വരുന്നുണ്ടോ? ഭാര്യയെക്കുറിച്ചും മറ്റും ഒശ്ശി അധികം വിചാരമുള്ള കൂട്ടത്തിലുള്ളവനാണെന്നു തോന്നുന്നു.
എ.ഡ്രോ - എന്റെ പൊന്നമ്മ യജമാനന്നു പിച്ചു പിടിച്ചിരിക്കുന്നു.
അഡ്രി - എന്തെന്തു? പിച്ചുപിടിച്ചുവോ?
എ.ഡ്രോ - ഇല്ലമ്മെ മുഴപ്പിച്ചില്ല അരപ്പിച്ചേയുള്ളു. ഞാൻ ചെന്നു അങ്ങേരേ വിളിച്ചപ്പോൾ ആയിരം അറബിക്കാശു ചോദിച്ചു. തീൻ കാലമായിയെന്നു ഞാൻ. എന്റെ അറബിക്കാശു കൊണ്ടുവാ എന്നു അദ്ദേഹം. ഇറച്ചിയും മറ്റും തണുത്തുപോയി എന്നു ഞാൻ. എന്റെ അറബിക്കാശു കൊണ്ടുവാ എന്നു അദ്ദേഹം. വീട്ടിലേക്കു വരുമോ എന്നു ഞാൻ. എന്റെ അറബിക്കാശു എവിടെ എന്നു അദ്ദേഹം. കൊച്ചമ്മ വിളിക്കുന്നു എന്നു ഞാൻ. അവരെക്കൊണ്ടുപോയി കഴുവേറ്റെന്നു അദ്ദേഹം. വേഗം വിളിച്ചുങ്കൊണ്ടു ചെല്ലുവാനാണെ കൊച്ചമ്മ എന്നെ അയച്ചതെന്നു ഞാൻ. അവളെ ഞാൻ അറിയുന്നില്ല. അവളുടെ കാര്യം ഇനിക്കൊട്ടു കേൾക്കയും വേണ്ടാ. എന്റെ അറബിക്കാശു കൊണ്ടുവാ എന്നു അദ്ദേഹം.