താൾ:34A11416.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlvii

വിവിധപാട്ടുകളിലെ സമാനസന്ദർഭങ്ങളിൽ അതു പ്രയോജനപ്പെടുത്തു
കയും ചെയ്യും. അനുരാഗാങ്കുരത്തെ സൂചിപ്പിക്കുന്ന 'നോക്കിയ നോക്കലി
ലീണം ബീണ്' എന്ന കല്പന വിവിധപാട്ടുകളിൽ കാണാവുന്നതാണ്
(അനുരാഗം, കാമുകീകാമുകന്മാർ തുടങ്ങിയ പദപ്രയോഗങ്ങൾക്ക് വടക്കൻ
പാട്ടുകളുടെ സാംസ്കാരികാന്തരീക്ഷത്തിൽ എത്രമാത്രം പ്രസക്തിയു
ണ്ടെന്ന് നിശ്ചയമില്ല). അതുപോലെതന്നെ ശാരീരികമായ അവശതയെ
ക്കുറിച്ച് വിവരിക്കാൻ

'അടക്കിലെലാറ് കാതം തൂരമായി
കെരട്ട്ങ്കെരെക്കെട്ട് കാത ആയി'

എന്നീ ശീലുകൾ പല പാട്ടുകളിലും കാണാം. ഒരേ സന്ദർഭത്തെ വിവരിക്കാൻ
പൊതുശേവധിയിൽ നിന്ന് അനേകം കല്പനകൾ എടുത്തു പ്രയോഗി
ക്കാറുണ്ട്. ഇതിനിടയിൽ ചില കല്പനകളെങ്കിലും സന്ദർഭത്തിൽനിന്ന്
തെന്നി നില്ക്കുന്നുവെന്നും വരാം. അതൊന്നും പ്രശ്നമല്ല.

നാടൻ കഥാഗാനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് വൈയക്തിക
ബോധമല്ല, സമൂഹബോധമാകുന്നു. സമൂഹബോധത്തിന് അനുഭവങ്ങളുടെ
സ്ഥൂലതലങ്ങളോടായിരിക്കുമല്ലോ ആഭിമുഖ്യം. ഇതിനാലാണ്
നാടൻ കഥാഗാനങ്ങൾ അനുഭവത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക്
തീർത്ഥയാത്ര ചെയ്യാത്തത്. ചുരുക്കത്തിൽ, തനതായ സങ്കല്പനങ്ങളും
ആദർശങ്ങളുമാണ് നാടൻകഥാഗാനങ്ങൾക്കു പിന്നിലുള്ളത്. അവയെ
മനസ്സിലാക്കി വിശകലനം ചെയ്യുന്നതിൽ നിന്നേ വിജ്ഞേയമായ എന്തെ
ങ്കിലും പ്രതീക്ഷിക്കേണ്ടൂ.

ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങൾ

വടക്കൻ പാട്ടുകൾക്ക് ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങളുണ്ട്.
അവ തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. വേലയെ ലീല യാക്കാനുതകുന്ന
സാമൂഹിക പ്രയോജനമാണ് ബാഹ്യലക്ഷ്യം. പാട്ടിന്റെ ആഖ്യാനധാരയും
ഈണവും താളവും വൈയക്തികമായ ഇച്ഛകളെയും ആലസ്യത്തെയും
വിസ്മരിപ്പിക്കുന്നു. ഈണത്തിന്റെയും താളത്തിന്റെയും ഓളക്കുത്ത്
പണിയാളക്കൂട്ടായ്മയെ ഏകമുഖമായ പ്രവർത്തനത്തിൽ ഒരുപോലെ
പങ്കാളികളാക്കുന്നു. വീരാരാധനയുടെ ദ്രുതതാളമാണ് പാട്ടുകളിൽ
സ്പന്ദിക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

പാട്ടുകളിലെ ആശയലോകം സമൂഹത്തിലെ വ്യവസ്ഥാപിത
കീഴ്വഴക്കങ്ങളുടെ ആവശ്യകതയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും വിരൽ
ചൂണ്ടുന്നു. Ballads of North Malabar ഒന്നാം വാല്യത്തിലെ, 'ചിറക്കൽ
മാപ്പിളമാരുമായുള്ള ഒതേനന്റെ പോരാട്ടം' എന്ന പാട്ടു നോക്കുക. 'ചിറക്കൽ
കോലോം വാണ തമ്പുരാന്റെ’ എഴുന്നള്ളത്ത്. തമ്പുരാനെ കണ്ടിട്ടും
വഴിയരികിൽ ചീട്ടു കളിച്ചുകൊണ്ടിരുന്ന ജോനകർ എഴുന്നേറ്റ് ആചാരം
ചെയ്യുന്നില്ല. കുപിതനായ തമ്പുരാൻ, അവരെ കോലോത്തെ പടിക്കു താഴെ
കെട്ടി വലിക്കണം എന്ന് കാര്യക്കാരനോട് ആജ്ഞാപിക്കുന്നു. പണ്ടത്തെ
ആചാരം ഒന്നും ഇപ്പോഴുള്ള ആളുകൾ ചെയ്യാറില്ല. അവരോടു ചോദിച്ചാലും
നമ്മെ വകവെയ്ക്കില്ല. അവരുടെ മറുപടി കേട്ടാലോ ഉത്തരം മുട്ടുകയും
ചെയ്യും." എന്നു ബോധിപ്പിക്കുന്ന കാര്യക്കാരൻ ജോനകരുടെ മറുപടിയുടെ
ഗതിയും വിവരിക്കുന്നു:

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/49&oldid=200639" എന്ന താളിൽനിന്ന് ശേഖരിച്ചത്