താൾ:34A11416.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxv

തർജമചെയ്തു അടിക്കുറിപ്പുകളും പഠനവും ചേർത്തു പ്രസിദ്ധീകരിക്കയുണ്ടായി.
മംഗലാപുരത്താണ് 34 പുറമുള്ള ഈ ലഘുകൃതി അച്ചടിച്ചിരിക്കുന്നത്.1

പഴയ സത്യപരീക്ഷകൾ വിവരിക്കുന്ന പാട്ട് എന്ന നിലയിലാവണം കുങ്കി
ബില്ല്യാരിയുടെ കഥ ഡീറ്റ്സിനെ ആകർഷിച്ചത്. അതിൽ വിവരിക്കുന്ന
സത്യപരീക്ഷകളെക്കുറിച്ചു വിശദമായ കുറിപ്പുകളുണ്ട്. അവയെല്ലാം
അപ്രത്യക്ഷമായിരിക്കുന്നു എന്നും ടിപ്പുവിന്റെ വരവിനുമുമ്പുള്ള സമാധാന
കാലത്തുമാത്രമേ അത്തരമൊരു സംഭവം അരങ്ങേറാൻ നിവൃത്തിയുള്ളൂ എന്നും
സമ്പാദകൻ കരുതുന്നു. അതിനാൽ ഗുണ്ടർട്ടു കരുതുന്നതിനെക്കാൾ
പഴക്കമേറിയതാണ് ഈ പാട്ട്. തച്ചോളി ഒതേനൻ പതിനാറാം നൂറ്റാണ്ടിലായിരിക്കാം
ജീവിച്ചിരുന്നത്. പാട്ടിൽ പരാമർശിക്കപ്പെടുന്ന പ്രതാപമേറിയ തറവാടുകളിൽ
പലതും നശിച്ചിട്ടു നൂറ്റാണ്ടുകൾതന്നെ കഴിഞ്ഞു. ചീനംവീടും തച്ചോളിവീടും
അടുത്തകാലത്താണ് വീണ്ടും പ്രാബല്യം നേടിയത്. മൈസൂർ ആക്രമണത്തി
ലായിരിക്കണം തറവാടുകൾ തകർന്നത്. പാട്ടിൽ സൂചിപ്പിക്കുന്ന 'ഓണത്തരയിന'
എന്ന ചടങ്ങ് ഇന്നു പ്രചാരത്തിലില്ല. മറ്റു പല ഓണാഘോഷങ്ങളും അനുസ്യൂതം
നിലനിൽക്കുന്നു. ജനങ്ങളുടെ ഓർമ്മയിൽ നിന്നു തന്നെ ഒരു ചടങ്ങ്, അതും
ഓണത്തോടനുബന്ധിച്ചുള്ളത്, മാഞ്ഞു പോകണമെങ്കിൽ ഏറെക്കാലം വേണ്ടിവരും.
കടത്തനാട്ടിൽ നിലനിന്നിരുന്നതായി പാട്ടിൽകാണുന്ന അധികാര സംവിധാനങ്ങൾ
അസ്തമിച്ചിട്ടും കാലം ഏറെയായി. അകമ്പടിക്കാരെ 'ചോറ്റുകാർ' എന്നു വിളിക്കുന്ന
ഏർപ്പാടും വളരെ പ്രാചീനമായിരിക്കണം. തുടർന്ന്, പള്ളിയറ എന്ന
സങ്കല്പത്തിന്റെ വികാസവും വീരാരാധന തെയ്യങ്ങളോളം വികസിക്കുന്നതിന്റെ
മാതൃകകളും സാമാന്യം വിശദമായി ഡീറ്റ്സ് ചർച്ച ചെയ്യുന്നുണ്ട്. തലശ്ശേരിയിലും
മാഹിയിലുമുള്ള ചില തീയരും മാപ്പിളമാരും നായന്മാരുടെ തച്ചോളിപ്പാട്ടുകൾ
പാടുന്നതിൽ കാണിക്കുന്ന താല്പര്യം വിചിത്രമായി ഡീറ്റ്സിനു തോന്നി. മൈസൂർ
ആക്രമണകാലത്തു ക്ഷേത്രങ്ങൾ മാത്രമല്ല വീരാരാധനയ്ക്കുള്ള കേന്ദ്ര
ങ്ങളുംതകർക്കപ്പെട്ടിരുന്നു. ചിലരെല്ലാം മതംമാറിപ്പോകുകയും ചെയ്തു. ടിപ്പുവിനു
കീഴടക്കാൻ കഴിയാതെ പോയ തലശ്ശേരിയിലും മാഹിയിലുമുള്ളവർ ജാതിമത
ഭേദമില്ലാതെ തച്ചോളിപ്പാട്ടുകളുടെ സംരക്ഷകരായി തുടർന്നതാവാം. ഇങ്ങനെയെല്ലാ
മുള്ള ചിന്തകൾ ഡീറ്റ്സ് അവതരിപ്പിക്കുന്നുണ്ട്.

താൻ പ്രസിദ്ധീകരിക്കുന്ന പാട്ട് ഉൾപ്പെടുന്ന സമാഹാരം 1858-1860
ഘട്ടത്തിൽ തയ്യാറാക്കിയതാണെന്നും പാട്ടുകാർ പാടിക്കേട്ട് ഒരു ഭാഷാധ്യാപകൻ
പകർത്തിയെടുത്തതാണെന്നും ഡീറ്റ്സ് രേഖപ്പെടുത്തുന്നു. ഈ സമാഹാരത്തിൽ
നിന്നാണ് തോട്ടത്തിൽ കേളപ്പന്റെ കഥ ഗുണ്ടർട്ട് സ്വീകരിച്ചതെന്നും അദ്ദേഹം
പറയുന്നു.

1. വിജ്ഞേയമായ ഈ ലേഖനവും മുമ്പു സൂചിപ്പിച്ച ഗുണ്ടർട്ടിന്റെ ലേഖനവും സുഗമമായി മനസ്സി
ലാക്കാൻ കഴിഞ്ഞതു ഹൈഡൽബർഗ് സർവകലാശാലയിലെ ചരിത്രവിദ്യാർത്ഥിനിയും അവധിക്കാലത്തു
കേരളത്തിൽ മലയാളം വിദ്യാർത്ഥിനിയുമായ മാർഗരറ്റ് ഫ്രൻസിന്റെ സഹായംകൊണ്ടാണ്. ഗുണ്ടർട്ടു
കുടുംബത്തിലെ പിൻമുറക്കാരിയായ മാർഗരറ്റിന്റെ സഹായം പഴയ ജർമ്മൻ വാക്യങ്ങളുടെ
കുരുക്കുകളിൽ നിന്നു പ്രസക്തമായ ആശയങ്ങൾ വേർതിരിച്ചെടുക്കാൻ ഏറെ സഹായകമായി.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/27&oldid=200568" എന്ന താളിൽനിന്ന് ശേഖരിച്ചത്