താൾ:34A11415.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlv

എന്നെക്കൊണ്ട് നടത്തിക്കെണ്ടതിന മഹാരാജശ്രീ എജമാനെൻ അവർകളെ
കൃപകടാക്ഷം എന്നൊട വൈഴിപൊല ഉണ്ടാവാൻ അപെക്ഷിച്ചിരിക്കുന്നു."

കത്തിൽ തുടർന്നുവരുന്ന ഭാഗങ്ങൾ രയരപ്പന്റെ വീട്ടുകാര്യങ്ങളാണ്. ഇതു
വായിക്കുമ്പോൾ രയിരുവും രയരപ്പനുമായി കലഹിക്കാനുണ്ടായ സാഹചര്യം
വ്യക്തമാകുന്നു. ചാത്തുവും കുട്ടികളും മരിച്ചതിനുശേഷം തറവാട്ടിലുള്ളവർ
ദാരിദ്ര്യത്തിലായി. അമ്മാവൻ മരിച്ചപ്പോൾ അമ്മായിഅമ്മയെ വീട്ടിലേയ്ക്ക്
അയയ്ക്കക്കേണ്ടതായിരുന്നു. അതുപോലും ജ്യേഷ്ടൻ രയിരു ചെയ്തില്ല. രയരപ്പൻ
വന്നതിനുശേഷം കടംവാങ്ങിയാണ് അമ്മായിഅമ്മയ്ക്ക് വേണ്ടതുകൊടുത്തയച്ചത്.
കൊ.വ. 979 കന്നിമാസം 15-നു തൊണ്ടൂർ രയരപ്പൻ ക്യാപ്റ്റൻ ആസ്ബൊറിന്
എഴുതിയ കത്ത് കലാപത്തിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്നു. കമ്പനി
അധികാരികളെ തങ്ങളുടെ ദാരിദ്ര്യവും കഷ്ടതകളും അറിയിക്കുവാൻ നാട്ടുകാർ
എഴുതിയിട്ടുള്ള കത്തുകൾ പഴശ്ശിരേഖകളിലുണ്ട്.

സങ്കടങ്ങൾ

ഓരോരുത്തരും തങ്ങളുടെ സങ്കടങ്ങൾ കമ്പനിയെ എഴുതി അറിയിക്കുകയും
ആശ്വാസംപ്രതീക്ഷിക്കുകയും ചെയ്യുന്നു. പൊർള്ളാതിരി ഗോദവർമ്മ, നാരങ്ങൊളി
നമ്പ്യാർ തുടങ്ങിയവരുടെ സങ്കടങ്ങൾ ഭരണപരമാണ്. എടത്തരനമ്പ്യാർ, തൊണ്ടൂർ
രയിരു തുടങ്ങിയവർ കുടുംബകാര്യങ്ങൾ എഴുതുന്നു. കൊ.വ. 972 വൃശ്ചികം 16-നു
ഇരിവനാട്ട് നാരങ്ങൊളിനമ്പ്യാർ ക്രിസ്റ്റഫർ പിലിയ്ക്ക് എഴുതിയ കത്തിൽ
'രണ്ടുമൂന്നു വർഷമായി അധികാരമൊഴിഞ്ഞുനില്ക്കുന്ന ഒരു അധികാരിയുടെ
സങ്കട'മാണു കേൾക്കുന്നത്. 972 വൃശ്ചികം 15 നു കടത്തനാട്ടു പൊർള്ളാതിരി
ഗോദവർമ്മ ക്രിസ്റ്റഫർ പിലിയ്ക്ക് എഴുതിയ കത്തിൽ തന്റെ നാട്ടിൽ ദുഷ്ടന്മാർ
വർദ്ധിച്ചു വരുന്നതിനാൽ നികുതി പിരുവ് അസാദ്ധ്യമായിരിക്കുന്നു എന്നും
അതിനാൽ സായ്പ് കടത്തനാട്ടു വന്ന് പത്തു ദിവസം താമസിച്ച് സങ്കടങ്ങൾക്കു
പരിഹാരമുണ്ടാക്കിത്തരണം എന്നും അപേക്ഷിക്കുന്നു. പഴവീട്ടിൽ ചന്തുവിന്റെയും
വീരവർമ്മയുടെയും തൊണ്ടൂർ ചാത്തുവിന്റെയും കത്തുകൾ പലതരം സങ്കടങ്ങൾ
അറിയിക്കുന്നവയാണ്. എടത്തര നമ്പ്യാർ, പുത്തൻ വീട്ടിൽ കണ്ടൻനായർ,
ചെട്ടിയാകണ്ടി മൊയ്തീൻ, കൈഴിതെരി അമ്പു എന്നിവരുടെ ശ്രദ്ധേയമായ
കത്തുകളിൽ ചിലതു പരിശോധിക്കാം. കൊ.വ. 979 കന്നി 11-ന് എടത്തരനമ്പ്യാർ
ക്യാപ്റ്റൻ ക്ലിട്ടന് എഴുതിയ കത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഇങ്ങനെ
സംഗ്രഹിക്കാം. പുത്തൻവീട്ടിൽ ഒതേനൻ നമ്പ്യാരും ചേരൻനമ്പ്യാരും കൂടി
ഒരു കുടിയാനെ പാറാവിൽ വച്ചു. താൻ ഒതേനന്റെ വീട്ടിൽ ചെന്നു
കാരണമന്വേഷിച്ചു. കമ്പനിയ്ക്കു നികുതി പിരിക്കുന്ന ഈ കുടിയാനെ പാറാവിൽ
വയ്ക്കാൻ കാരണമെന്തെന്നു താൻ ചോദിച്ചു. ആ വീട്ടിൽ കയറാൻ ശ്രമിച്ച തന്നെ
പിടലിയ്ക്കു പിടിച്ച് തള്ളിയിറക്കി. അവർ വെടിവയ്ക്കാനൊരുങ്ങി. പിന്നീട് കമ്പനി
മുദ്രക്കാർ ചെന്ന് കുടിയാനെ വിട്ടുതരിക എന്ന് ആവശ്യപ്പെട്ടപ്പോൾ അവരെയും
വെടിവയ്ക്കാനൊരുങ്ങി. ഈ കുടിയാനെ പാറാവിൽ നിന്നിറക്കിത്തരുവാൻ
സായ്പിന്റെ അനുഗ്രഹം വേണമെന്നാണ് അപേക്ഷ.

കൊ. വ. 979 കന്നി 12-ന് കുറ്റ്യാടി പുത്തൻവീട്ടിൽ കണ്ടൻ നായരും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/47&oldid=201298" എന്ന താളിൽനിന്ന് ശേഖരിച്ചത്