താൾ:34A11415.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

XV

ഈ രചനകളുടെ ലിപിക്രമം ഉപകരിച്ചേക്കും.ഉച്ചരിക്കുന്നതുപോലെ എഴുതാനാണ്
ഇവർ ശ്രമിച്ചിരിക്കുന്നത്. എഴുതിയും അച്ചടിച്ചും കണ്ടിട്ടുള്ളതുപോലെ
എഴുതുന്നതാണ് നമ്മുടെ പതിവ്. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി
വായിക്കുമ്പോൾ തലശ്ശേരി രേഖകളുടെ ലിപിവ്യവസ്ഥയിൽനിന്നു പോലും
അനേകം ഭാഷാചരിത്ര വസ്തുതകൾ ശേഖരിക്കാൻ കഴിഞ്ഞേക്കും. ലിപിവ്യവസ്ഥ
പൊതുമാധ്യമങ്ങളും പൊതുവിദ്യാഭ്യാസവും വഴി പ്രചാരം നേടി സർവാദൃത
മായിരിക്കുന്ന ഇക്കാലത്തു ലിപിഘടനയിൽ പ്രതിഫലിക്കാത്ത ഉച്ചാരണ
വിശേഷങ്ങൾ ഇവിടെ കണ്ടെത്താം. ശബ്ദപരിണാമം മുൻനിർത്തിയുളള ആഗമിക
ചിന്ത ഭാഷാചരിത്രത്തിൽ പ്രസക്തമാണല്ലോ.

(ഘ) പലതരം ശൈലികൾ, ഉത്തരകേരളത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ
അന്ത്യപാദത്തിൽ ജീവിച്ചിരുന്ന പലതരക്കാർ വിവിധ വിഷയങ്ങളെക്കുറിച്ച്
പലരൂപത്തിൽ എഴുതിയ രേഖകളാണ് ഈ സമാഹാരത്തിലുള്ളത്. അച്ചടിയും
പൊതുവിദ്യാഭ്യാസവും മാനക ഭാഷ ഉറപ്പിക്കും മുമ്പ് എഴുതപ്പെട്ട ഈ രേഖകൾ
മലയാളത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കുന്ന കലവറയാണ്. വ്യക്തി, പ്രകരണം,
വിഷയം എന്നിവയനുസരിച്ചു ഭാഷയ്ക്കുണ്ടാകുന്ന ഭേദങ്ങൾ രണ്ടു നൂറ്റാണ്ടു
പിന്നോക്കം ചെന്നു കണ്ടെത്താൻ കഴിയുന്നതു ഭാഷാചരിത്രവിദ്യാർത്ഥി
മഹാഭാഗ്യമായിക്കരുതും. ഇത്തരം മലയാള രേഖകൾ വളരെ വിരളമാണെന്നു കൂടി
ഓർമ്മിക്കുക. മലയാളം നഷ്ടപ്പെടുത്തിയതും നിലനിർത്തിയതുമായ
ഭാഷാരൂപങ്ങൾ വിവേചിച്ചറിയുമ്പോൾ ഭാഷാഗമചിന്ത കൂടുതൽ
ശാസ്ത്രീയമായിത്തീരും. അതിനുള്ള ഉത്തമ ഉപാദാനങ്ങളാണ് പഴശ്ശി രേഖകൾ.
കത്ത്, ഹർജി, കല്പന എന്നിവയുടെ ഭാഷാമാതൃകകൾ താരതമ്യം ചെയ്തു
നോക്കുന്നതു പ്രയോജനകരമായിരിക്കും. രാജാക്കന്മാരുടെയും സാധാരണക്കാ
രുടെയും ഹർജികൾ , വിവിധ ജാതിക്കാരുടെ കത്തുകൾ എന്നിങ്ങനെ താരതമ്യ
ത്തിനു വകയുള്ള ശൈലീഭേദങ്ങൾ ഉൾക്കൊള്ളുന്ന കത്തിടപാടുകളാണ് ഇവിടെ
പ്രസിദ്ധീകരിക്കുന്നത്.

(ങ) മുൻ ഖണ്ഡങ്ങളിൽ സൂചിപ്പിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തിൽ
താഴെക്കാണുന്ന തരത്തിലുള്ള ഭാഷാവ്യതിയാനങ്ങൾ വിശദീകരിക്കാം.

(1) എ, ഒ എന്നിവയുടെ ഹ്രസ്വദീർഘ ഭേദം പഴയ മലയാള ലിപിയിൽ
വ്യക്തമാക്കിയിരുന്നില്ല. ദെശം (ദേശം), ശെഷം(ശേഷം), എറിയ (ഏറിയ), പൊക
(പോക), നൊക്കി (നോക്കി) എന്നിങ്ങനെ കാണുന്നരൂപങ്ങൾ, അതേ മട്ടിൽ
നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചിരിക്കുന്നത്. സംവൃതോകാരം സൂചിപ്പിക്കാൻ
മീത്തൽ ഉപയോഗിക്കുന്ന പതിവു താരതമ്യേന ആധുനികമാണെന്ന കാര്യം
ഓർമ്മിക്കുക. ബാസൽ മിഷൻകാരാണ് ഈ ഏർപ്പാടിന്റെ പ്രചാരകർ.
അതിനുമുമ്പുണ്ടായ തലശ്ശേരി രേഖകളിൽ എഴുതിയത (എഴുതിയത്) തറവാട
(തറവാട്) കത്ത (കത്ത്) എന്നിങ്ങനെ കാണുന്നതു സ്വാഭാവികം. ഇകാരത്തിന്റെ
ഹ്രസ്വ ദീർഘ ഭേദവും പലയിടത്തും കൃത്യമായി പാലിച്ചിട്ടില്ല. തിർച്ച (തീർച്ച), നി
(നീ), തിയൻ (തീയൻ), രാജശ്രി (രാജശ്രീ), തിരാതെ (തീരാതെ), നിക്കി (നീക്കി),
പിടിക(പീടിക), മടിച്ചില (മടിച്ചീല), എന്നിങ്ങനെ ഉദാഹരണങ്ങൾ സുലഭമാണ്.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/17&oldid=201241" എന്ന താളിൽനിന്ന് ശേഖരിച്ചത്