താൾ:34A11415.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv

തുടങ്ങിയ ചുരുക്കം ചില പ്രാചീന ഗദ്യകൃതികളിൽ മാത്രമാണു പറയാനുള്ളതു
നേരേ ചൊവ്വേ പറയുന്ന ഗദ്യം ഭാഷാ ചരിത്രകാരന്മാർക്ക് കാട്ടിത്തരാൻ
കഴിഞ്ഞിരുന്നത്. എന്നാൽ കാനോനകളിലും മറ്റും കാണുന്നത് ഏതോ വികൃത
കൃത്രിമ ഭാഷയാണെന്ന ധാരണ പരക്കെയുണ്ട്. ആ നിലയ്ക്ക് ഭാഷാ ചരിത്ര
പഠനത്തിൽ അത്തരം ഗദ്യകൃതികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതു
സ്വാഭാവികമാണല്ലോ. ആ പോരായ്മ പരിഹരിക്കാൻ തലശ്ശേരി രേഖകൾക്കു
കഴിയും. മലയാളത്തിന്റെ ചുറുചുറുക്കും താൻപോരിമയും
വെളിപ്പെടുത്തുന്നവയാണ് തലശ്ശേരി രേഖകൾ. അവയുടെ മലയാളത്തനിമ
അനിഷേധ്യവുമാണ്.

(ഖ) ഉത്തമ ഔദ്യോഗിക ഭാഷ. ജനാധിപത്യ ഭരണത്തിൽ ഔദ്യോഗിക
ഭാഷ ജനങ്ങളുടെ ഭാഷയായിരിക്കണം എന്ന അഭിപ്രായം എല്ലാവർക്കുമുണ്ടെങ്കിലും
അതിനുള്ള വളർച്ചയും കെല്പും മലയാളത്തിനില്ല എന്നാണ് പലരുടേയും
പരാതി.തലശ്ശേരി രേഖകൾ രണ്ടു നൂറ്റാണ്ടു മുമ്പ് ഉത്തരമലബാറിൽ
പൂർണ്ണവികാസം പ്രാപിച്ച ഔദ്യോഗിക മലയാളം നിലനിന്നിരുന്നു എന്നു
വായനക്കാരെ ബോധ്യപ്പെടുത്തുന്നു. അതിൽ അവതരിപ്പിക്കാൻ കഴിയാത്തതായി
ഒന്നുമില്ല. ഔദ്യോഗിക ഭാഷാ സ്വരൂപം നിർണ്ണയിക്കേണ്ടതു തലശ്ശേരി രേഖകളുടെ
മാതൃകയിലായിരിക്കണം എന്നു തീരുമാനിച്ചാൽ ഭരണം ജനങ്ങളുടെ
ഭാഷയിലാക്കാൻ എളുപ്പമായി. ഇന്ന് ഏതു സാങ്കേതിക സംജ്ഞയും തർജമ ചെയ്തു
സംസ്കൃതവാക്കുകൾകൊണ്ടു മലയാള രൂപത്തിൽ അവതരിപ്പിക്കാനാണല്ലോശ്രമം.
ഇംഗ്ലീഷിനെക്കാൾ മലയാളിക്ക് അപരിചിതമായ സംസ്കൃതവാക്ക് കടമെടുത്ത്
ഉപയോഗിക്കുന്നതാണ് ഔദ്യോഗിക മലയാളം എന്ന ധാരണ മാറ്റണമെങ്കിൽ
തലശ്ശേരി രേഖകൾ മാതൃകയാക്കാം. തലശ്ശേരി രേഖകളുടെ എല്ലാ വാല്യങ്ങളും
പ്രസാധനം ചെയ്ത് അവയിലെ സംജ്ഞകൾ വിശദമായി പരിശോധിച്ച്
കാലോചിതമായ പരിഷ്കാരങ്ങളോടെ ഉപയോഗിക്കാൻ കഴിഞ്ഞാൽ
ജനാധിപത്യവൽക്കരണത്തിനുള്ള നല്ലനടപടി ആയിരിക്കും അത്. നമ്മുടെ വേരുകൾ
വിടർത്തി വളരാനുള്ള ശ്രമമെന്ന് അതിനെ വിശേഷിപ്പിക്കാം. മലയാളത്തിന്റെ
കരുത്ത് തലശ്ശേരി രേഖകൾ കാട്ടിത്തരുന്നു.

സംസ്കൃതത്തോടുള്ള ഭക്ത്യാദരവുകൾ മലയാളത്തിന്റെ പദനിർനിർമ്മാണ
ശേഷിക്ക് കോട്ടം വരുത്തിയിട്ടുണ്ട്. തലശ്ശേരി രേഖകളിലാകട്ടെ, ഉത്തരമലബാറിലെ
പാരമ്പര്യമനുസരിച്ച് മലയാളത്തിനിമയുള്ള ധാരാളം വാക്കുകൾ സാങ്കേതികാർത്ഥ
ത്തിൽ ഉപയോഗിച്ചിരിക്കുന്നു. തെക്കൻ കേരളത്തിലുള്ളവരുടെ സംസ്കൃത ഭ്രമം
വടക്കൻ കേരളത്തെക്കൂടി കീഴടക്കുന്ന ഇക്കാലത്തു ഭാഷയുടെ തനിമ
തേടുന്നവർക്കു ഈ രേഖാ സമുച്ചയം ഒരു അക്ഷയഖനിയായിരിക്കും.

(ഗ) ലിപി വ്യവസ്ഥ. അച്ചടിയും പൊതുവിദ്യാഭ്യാസവും ചേർന്ന് ലിപി
വ്യവസ്ഥ ഉറപ്പിക്കാൻ തുടങ്ങും മുമ്പ് എഴുതിയവയാണ് തലശ്ശേരി രേഖകൾ.
ഇവയിൽ കാണുന്ന ലിപിപരമായ വല്ലായ്മകൾ നമ്മുടെ ഇന്നത്തെ വ്യവസ്ഥാപിത
വീക്ഷണത്തിൽ വിലയിരുത്തുന്നതു ബാലിശമായിരിക്കും. ഉച്ചരിക്കുന്നതുപോലെ
എഴുതുന്ന ഭാഷയാണ് മലയാളം എന്ന നമ്മുടെ വിശ്വാസം പുനഃപരിശോധിക്കാൻ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/16&oldid=201239" എന്ന താളിൽനിന്ന് ശേഖരിച്ചത്